വടകര: വടകര കോഓപ് റൂറല്‍ ബാങ്കിന്‍െറ പ്രവര്‍ത്തനം എം.എല്‍.എയുടെ നേതൃത്വത്തില്‍ തടസ്സപ്പെടുത്തി ജീവനക്കാരെ മര്‍ദിച്ചതായി പരാതി. ശനിയാഴ്ചയും ഞായറാഴ്ചയും കെ.കെ. ലതിക എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം ബാങ്കിന്‍െറ വിരഞ്ചേരിയിലെ ഹെഡോഫിസില്‍ കയറി പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതായാണ് ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്.
ബാങ്കിന്‍െറ കീഴിലുള്ള നാല് ബ്രാഞ്ചുകളുടെയും ഹെഡോഫിസിന്‍െറയും പ്രവര്‍ത്തന സമയം രാത്രി എട്ടുവരെയാണ്. അതിനിടയിലാണ് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം അതിക്രമിച്ച് കയറി അക്രമം നടത്തിയതെന്ന് ബാങ്ക് സെക്രട്ടറി എടയത്ത് ശ്രീധരനും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയര്‍മാന്‍ എ.ടി. ശ്രീധരനും വടകര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
അതേസമയം, രാത്രി കാലങ്ങളില്‍ മെംബര്‍ഷിപ് ചേര്‍ക്കുന്നുവെന്ന് വിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് ബാങ്കിലത്തെി ചോദ്യം ചെയ്തതെന്നാണ് സി.പി.എം നേതൃത്വം വിശദീകരിക്കുന്നത്. ഇടതുമുന്നണിയുടെ കൈയിലുള്ള ബാങ്കിന്‍െറ പ്രവര്‍ത്തനം ചില അംഗങ്ങള്‍ രാജിവെച്ചതിനെ തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ നിയന്ത്രണത്തിലായി. അതിനിടയില്‍ നേരത്തേയുള്ള ബാങ്ക് സെക്രട്ടറിയും സി.ഐ.ടി.യു നേതാവുമായ വിജയനെ കണ്ണൂക്കര ബ്രാഞ്ച് മാനേജറായി തരംതാഴ്ത്തി. സെക്രട്ടറിയായിരുന്ന സോഷ്യലിസ്റ്റ് ജനതാ നേതാവ് എടയത്ത് ശ്രീധരനെ മാനേജറായി ഉയര്‍ത്തിയതാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. വിജയനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി രാത്രി കാലങ്ങളില്‍ മെംബര്‍ഷിപ്പ് ചേര്‍ക്കുകയാണെന്നാണ് സി.പി.എം വാദം. ബാങ്കില്‍ മെംബര്‍ഷിപ് ചേര്‍ക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച 10 മണിക്ക് ബാങ്കിന്‍െറ വിരഞ്ചേരി ഓഫിസിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച് നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍