ദുബൈ: നീണ്ട ഇടവഴികളുള്ള, നിരനിരയായി നില്‍ക്കുന്ന ഫ്ളാറ്റുകളുടെ ഇരുവശത്തുമുള്ള കാര്‍പാര്‍ക്കിങ്ങില്‍ തിരക്കൊഴിഞ്ഞു. സായാഹ്നങ്ങളിലെ പതിവ് കളിയാരവങ്ങളും നിലച്ചിരിക്കുന്നു. മാറിപ്പോകുന്നവരുടെ വീട്ടുപകരണങ്ങളും സാമഗ്രികളും നീക്കം ചെയ്യുന്നവരുടെ തിരക്ക് മാത്രം. കറാമ ശൈഖ് റാശിദ് കോളനിയിലെ പൊളിച്ചുമാറ്റുന്ന ‘7000 ബില്‍ഡിങില്‍’ താമസിച്ചിരുന്നവര്‍ക്ക് അനുവദിച്ച സമയപരിധി ഞായറാഴ്ച അവസാനിക്കുമ്പോള്‍ കണ്ട കാഴ്ചകള്‍. ജീവിതത്തിലെ നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കോളനിയിലെ അന്തേവാസികളില്‍ ചിലര്‍ ഇനിയും മടങ്ങാതെ പഴയ അനുഭവങ്ങള്‍ പങ്കുവെക്കുന്നതും കാണാമായിരുന്നു.
ഏഴായിരം കെട്ടിടങ്ങളെക്കാള്‍ കഥകള്‍ പേറി നില്‍ക്കുന്ന ‘7000 ബില്‍ഡിങ്’ ഇല്ലാതാകുമ്പോള്‍ വിസ്മൃതിയിലാകുന്നത് കറാമയുടെ മുഖമുദ്ര കൂടിയാണ്. ദേശങ്ങളുടെയും ഭാഷകളുടെയും സംസ്കാരങ്ങളുടെയും അതിര്‍ത്തികളില്ലാത്ത ഈ ‘കൂട്ടുകുടുംബത്തില്‍’ നീണ്ടുകിടക്കുന്ന ഒരു വീടിന്‍െറ വരാന്തയിലെന്ന പോലെ കുറേ മനുഷ്യര്‍ ജീവിച്ചിരുന്നു. പൊളിക്കാന്‍ പോകുന്ന കെട്ടിടത്തില്‍ നിന്ന് മാറണമെന്ന് മാസങ്ങള്‍ക്ക് മുമ്പേ അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും താമസക്കാരുടെ അഭ്യര്‍ഥന മാനിച്ച് പിന്നീട് പലതവണ സമയപരിധി നീട്ടിക്കൊടുക്കുകയായിരുന്നു. പിന്നീട് ഞായറാഴ്ച പൂര്‍ണമായും ഒഴിയണമെന്ന് അറിയിപ്പ് നല്‍കുകയായിരുന്നു.
1978ല്‍ അന്നത്തെ ഭരണാധികാരിയായിരുന്ന ശൈഖ് റാശിദ് മുഖ്യമായും സാധാരണക്കാരായ പ്രവാസികള്‍ക്ക് ഉപകാരപ്പെടുമെന്ന കാഴ്ചപ്പാടോടെ വാടക കുറഞ്ഞ ഫ്ളാറ്റുകള്‍ നിര്‍മിച്ച് നല്‍കിയ കോളനികളില്‍ ഒന്നാണ് കറാമയിലെ ശൈഖ് റാശിദ് കോളനി. വാടക 7000 ദിര്‍ഹമായി നിശ്ചയിച്ച് എതാണ്ട് 10 ബ്ളോക്കുകളിലായി എണ്ണൂറിലധികം ഫ്ളാറ്റുകളിലായി രണ്ടായിരത്തിലധികം താമസക്കാര്‍ ഉണ്ടായിരുന്നു. പണികഴിഞ്ഞ് ഒന്നുരണ്ട് വര്‍ഷത്തോളം താമസക്കരില്ലാതെ ഒഴിഞ്ഞുകിടന്നെങ്കിലും പിന്നീട് കറാമയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായി മാറി ഈ കോളനി. വാടകക്കരാര്‍ കൈമാറാതെ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് നിശ്ചിത വാടകയില്‍ പിന്നീടും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായില്ല. അടുത്ത·ബന്ധുക്കള്‍ക്കോ മറ്റോ കൈമാറ്റം ചെയ്യുമ്പോള്‍ നിശ്ചിത ശതമാനം വാടക കൂട്ടാറുണ്ടായിരുന്നു. പിന്നീട് ഒഴിവ് വരുന്ന ഫ്ളാറ്റുകള്‍ റിയല്‍ എസ്റ്റേറ്റുകാരും ഇടനിലക്കാരും കൈവശപ്പെടുത്തി മറിച്ചുവില്‍പന തുടങ്ങിയപ്പോള്‍ വാടക കുത്തനെ ഉയരുകയും ചെയ്തു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ടെങ്കിലും മലയാളികള്‍ തന്നെയായിരുന്നു താമസക്കാരില്‍ ബഹുഭൂരിഭാഗവും. 30 വര്‍ഷത്തിലധികം താമസിച്ച പലരുടെയും തലമുറകള്‍ തന്നെ ഇവിടെ ജനിച്ച് വളര്‍ന്നു. കോഴിക്കോട് ഫറോക്ക് സ്വദേശികളായ ഹുസൈന്‍-റാബിയ ദമ്പതികളുടെ മൂന്ന് ആണ്‍മക്കളും ജനിച്ചതും വളര്‍ന്നതുമെല്ലാം ഇവിടെ തന്നെ.
ഈ കോളനിയെ ആശ്രയിച്ച് ജീവിച്ചിരുന്ന നിരവധി ഗ്രോസറികളും മറ്റു ചെറുസ്ഥാപനങ്ങളും നടത്തുന്ന മലയാളികളടക്കമുള്ളവരെ ഈ വലിയ ഒഴിഞ്ഞുപോക്ക് കാര്യമായി തന്നെ ബാധിക്കും. 26 വര്‍ഷമായി ഈ കോളനിയില്‍ താമസിക്കുന്ന, തൊട്ടടുത്ത ബാര്‍ബര്‍ഷോപ്പില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി സോമന്‍െറയും പാലക്കാട് സ്വദേശി ശശിയുടെയും ഭാഷയില്‍ പറഞ്ഞാല്‍ ഇവിടെ വരുന്ന ‘തല’കളുടെ എണ്ണം കുറയും. ‘പ്രവാസികളെ സംബന്ധിച്ചിടത്തോളം അവരുടെ കുടുംബ ബജറ്റിന്‍െറ താളംതെറ്റിക്കുന്ന താമസ ചെലവ് കാര്യമായി കുറക്കാന്‍ ഈ കെട്ടിടം മൂലം കഴിഞ്ഞിരുന്നു. ദൈവാനുഗ്രഹത്താല്‍ ഒരു ദിവസം പോലും കുടുംബത്തെ പട്ടിണിക്കിടാതെ ഇത്രയും വര്‍ഷങ്ങള്‍ ജീവിക്കാനായി’- ഇരുവരും പറഞ്ഞു.
1980 മുതല്‍ തങ്ങള്‍ താമസിച്ചിരുന്ന ഫ്ളാറ്റിന്‍െറ തൊട്ടുതാഴെ മതിലില്‍ ചാരി നില്‍ക്കുന്ന ഗോവ സ്വദേശികളായ ഡിസൂസയുടെയും ഭാര്യയുടെയും മുഖത്ത് നിന്നു തന്നെ വായിച്ചെടുക്കാന്‍ കഴിയും ഈ ഒഴിഞ്ഞുപോക്കിന്‍െറ വേദന. ‘32 വര്‍ഷം ഇവിടെ താമസിച്ചതല്ളേ, സ്വാഭാവികമായും അതിന്‍െറ വിഷമമുണ്ട്’- ഡിസൂസ പറഞ്ഞു. ഇവിടുത്തെ ഓരോ കോണിപടികള്‍ക്കും ഒരായിരം മനുഷ്യരുടെ കാല്‍പാടുകള്‍ ഏറ്റ കഥ പറയാനുണ്ടെന്ന് തൗഫീഖ് ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച ഒരറ്റം തൊട്ട് നടന്നുനീങ്ങുമ്പോള്‍, പൂന്തോട്ടത്തിലെ പല വര്‍ണ പുഷ്പങ്ങളുടെ സുഗന്ധം പോലെ, പലതരം വിഭവങ്ങളുടെ സുഗന്ധം പേറുന്ന ഇളംകാറ്റ് മൂക്കിലേക്ക് തുളച്ചു കയറിയിരുന്ന ഓര്‍മയും തൗഫീഖ് പങ്കുവെക്കുന്നു.
ദുബൈയില്‍ ചിത്രീകരിച്ച സിനിമകളില്‍ മിന്നുന്ന കെട്ടിടങ്ങള്‍ മുഖം കാണിച്ചപ്പോള്‍ ‘അറബിക്കഥ’ എന്ന സിനിമയില്‍ ‘7000 ബില്‍ഡിങും’ അഭിനയിച്ചു.
ഏതാനം ദിവസം കഴിയുമ്പോള്‍ അന്തിയുറങ്ങാന്‍ ഇടം തന്നിരുന്ന ഈ കെട്ടിടം ഇടിച്ചുപൊളിക്കുമ്പോള്‍ അതിന്‍െറ നീറുന്ന വേദന അനുഭവപ്പെടുന്നത് ഇവിടെ ജീവിച്ചുവളര്‍ന്നവരുടെ ഹൃദയത്തിലായിരിക്കും. വിശന്ന് തളര്‍ന്ന പോലെ നില്‍ക്കുന്ന ആല്‍ച്ചെടികളിലും പറന്നുപോയി ബാല്‍ക്കണികളില്‍ വീണ്ടും വന്നിരിക്കുന്ന പ്രാവുകളുടെ കണ്ണുകളിലുമെല്ലാം ആ വിരഹ വേദന പ്രതിഫലിക്കും പോലെ...
നിങ്ങളുടെ അഭിപ്രായങ്ങള്‍