12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

മരണച്ചുഴി വിഴുങ്ങുന്ന ജീവിതങ്ങള്‍

മരണച്ചുഴി വിഴുങ്ങുന്ന ജീവിതങ്ങള്‍

എത്രയെത്ര കുട്ടികളാണ് ഇക്കഴിഞ്ഞ അവധിക്കാലത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍, കളിചിരികള്‍ക്കിടയില്‍ വേണ്ടപ്പെട്ടവരെ കണ്ണീരിലാഴ്ത്തി വെള്ളക്കെട്ടുകളുടെ അറിയാത്ത ആഴങ്ങളില്‍ ആണ്ടു പോയത്. മണലൂറ്റി ആഴം കൂടിയ പുഴകളിലും നദികളിലും മാത്രമല്ല ചെറിയ തോടുകളിലും കുളങ്ങളിലും പാറമടകളിലും വരെ നമ്മുടെ കുഞ്ഞുങ്ങള്‍ മുങ്ങി മരിക്കുന്നു. കായലും നദികളൂം പുഴകളും ഏറെയുണ്ടായിട്ടും നീന്തല്‍ നമ്മുടെ കുട്ടികള്‍ക്ക് അന്യമായി തീര്‍ന്നതെങ്ങനെ? പുതിയ തലമുറ ഒന്നാകെ കൂട്ട ദുരന്തങ്ങളിലേക്ക് നീങ്ങുമ്പോള്‍ ആരാണ് കുറ്റക്കാര്‍? ആഴങ്ങളില്‍ മുങ്ങി മരിക്കുന്ന കുഞ്ഞുങ്ങളുടെ അവസാനത്തെ നിലവിളി നമ്മെ അസ്വസ്ഥരാക്കുന്നില്ലേ! ഈ യാഥാര്‍ഥ്യങ്ങളിലേക്ക് കണ്ണുതുറക്കാന്‍ സഹായിക്കുന്ന പരമ്പര

ഇക്കഴിഞ്ഞ മാര്‍ച്ച് 30നായിരുന്നു സഹോദരങ്ങളായ അനന്തു (9),അക്ഷയ് (7)എന്നിവര്‍ വീടിനടുത്തുള്ള കുളത്തിലെ ആഴങ്ങളില്‍ പൊലിഞ്ഞുപോയത്. മധ്യവേനലവധിക്ക് സ്കൂളടച്ച് മണിക്കൂറുകളേ ആയിരുന്നുള്ളൂ. രണ്ടുമാസത്തെ അവധിക്കാല കളിയാരവങ്ങള്‍ക്ക് തുടക്കമെന്നോണം കുളത്തില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു ഇടുക്കി കുമളി ചക്കുപള്ളം ട്രൈബല്‍ സ്കൂളിലെ രണ്ട്,നാല് ക്ളാസ് വിദ്യാര്‍ഥികളായ ഇവര്‍. പിറ്റേന്നു നടക്കുന്ന മക്കളുടെ ആദ്യ കുര്‍ബാന സ്വീകരണ ചടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പള്ളിയില്‍ പോയതാണ് അച്ഛനമ്മമാര്‍. എന്നാല്‍, കുര്‍ബാന ചടങ്ങിന് വാങ്ങിയ വെള്ളവസ്ത്രം പിഞ്ചോമനകളുടെ ചലനമറ്റ ശരീരത്തില്‍ അണിയിക്കാനായിരുന്നു അവരുടെ വിധി.
ഏപ്രില്‍ 16: കോഴിക്കോട് മീഞ്ചന്ത രാമകൃഷ്ണമിഷന്‍ സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി ജസ്നയും (14) സഹോദരിമാരും തൊട്ടടുത്ത ഫ്ളാറ്റുകളില്‍ താമസിക്കുന്നവരും പുഴകാണാന്‍ ഇറങ്ങിയതായിരുന്നു. പെരുമണ്ണ പാറമ്മല്‍ ചുങ്കപ്പള്ളി കടവിനടുത്ത് പാറക്കല്ലില്‍നിന്ന് കാല്‍വഴുതിവീണ പെണ്‍കുട്ടികളിലൊരാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് ജസ്നയും സഹോദരിമാരായ ഷംന, ഫിദ, അയല്‍ക്കാരായ തസ്നീമ, ബിയാട്രിസ്, റെനി എന്നിവരും ഒഴുക്കില്‍പെട്ടത്. ജസ്നയുടെ ജീവന്‍ രക്ഷിക്കാന്‍മാത്രം നാട്ടുകാര്‍ക്കു കഴിഞ്ഞില്ല. നീന്തല്‍ വശമില്ലാത്ത അവള്‍ക്ക് മരണത്തിനു കീഴടങ്ങേണ്ടി വന്നു.
ഏപ്രില്‍ 20: ചെങ്ങല്‍ സെന്റ് ജോസഫ് സ്കൂളിലെ 10ാംക്ളാസ് വിദ്യാര്‍ഥിനിയാണ് ഹരിപ്രിയ. പഠന-പാഠ്യേതരരംഗത്ത് മിടുക്കി. കഴിഞ്ഞ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ പങ്കെടുത്ത സ്കൂള്‍ നാടക ടീമംഗം. ഐ.എ.എസ് ആയിരുന്നു ഹരിപ്രിയയുടെ സ്വപ്നം. എസ് .എസ് .എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ സ്കൂളിലെ 10 വിദ്യാര്‍ഥികളില്‍ ഒരാളാണ് ഈ കൊച്ചു മിടുക്കി. പക്ഷേ, ഒരു വിഷയത്തില്‍ മാത്രം ഹരിപ്രിയക്ക് എ പ്ലസ് നേടാനായില്ല. -നീന്തലില്‍. തന്റെ ജീവനാണ് അവള്‍ക്ക് അതിനുപകരം നല്‍കേണ്ടിവന്നത്. തോട്ടുപുരയിലെ മംഗലഭാരതി ആശ്രമത്തില്‍ അവധിക്കാല ക്യാമ്പില്‍ പങ്കെടുക്കവെ പെരിയാറില്‍ കുളിക്കാനിറങ്ങിയ ഹരിപ്രിയ മുങ്ങിമരിച്ചു.
മേയ് 3: മുണ്ടക്കയം കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂള്‍ എട്ട്,ഒമ്പത് വിദ്യാര്‍ഥികളും കൂട്ടുകാരുമായ ഷിന്‍സ് മാത്യു (15), അഭി ക്രിസ്റ്റി (14) എന്നിവര്‍ മരണത്തിലും വേര്‍പിരിഞ്ഞില്ല. മണിമലയാറ്റിലെ മുരിക്കയത്തില്‍ ഒഴുക്കില്‍പെട്ട് ഈ കൂട്ടുകാര്‍ പുതിയ അധ്യയന വര്‍ഷത്തിനു കാത്തുനില്‍ക്കാതെ യാത്രയായി.
മേയ് 24: നിലമ്പൂര്‍ മൊടവണ്ണ അമ്പലക്കടവില്‍ സഹോദരിമാരുടെ മക്കളായ അലീന ( 13 ),അജയ് ( 10),അമല്‍ (10 ) ,ജിനു മാത്യു (13 ), ജെയ്നി മാത്യു (11) എന്നിവര്‍ സ്കൂള്‍ തുറക്കുന്നതിനുമുമ്പ് ഒരിക്കല്‍കൂടി കുടുംബസമേതം ഒത്തുകൂടിയതായിരുന്നു.അത് മക്കളുടെ അവസാനത്തെ ഒരുമിക്കലാവുമെന്ന് അമ്മമാര്‍ നിനച്ചില്ല. ചാലിയാറില്‍ കുളിക്കാനിറങ്ങിയ അമല്‍ മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ തുനിഞ്ഞതായിരുന്നു മറ്റു നാലുപേരും. അത് മരണത്തിലേക്കുള്ള കൂട്ട യാത്രയായി. അതേദിവസം തന്നെയാണ് പാലക്കാട് പാറമടയില്‍ കുളിക്കാനിറങ്ങിയ സ്കൂള്‍ വിദ്യാര്‍ഥികളും അയല്‍വാസികളുമായ രാഹുല്‍ ( 13), വിശ്വന്‍ ( 15), ക്വാറിയില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥിയായ പെരിന്തല്‍മണ്ണ കക്കൂത്ത് കിഴിശ്ശേരി മുഹമ്മദ് അനസ് ( 17) എന്നിവരും മുങ്ങിമരിച്ചത്.
മധ്യവേനലവധിയില്‍ മുങ്ങിമരിച്ച കുട്ടികളുടെ എണ്ണം ഇവിടെ അവസാനിക്കുന്നില്ല. ഉമ്മയോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിച്ച വയനാട് കോട്ടത്തറ കരിഞ്ഞകുന്ന് ഹൈസ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ഥി മുഹമ്മദ് ഹനീഷ്, കൂട്ടുകാരിയുമൊത്ത് കുളിച്ചു മടങ്ങുമ്പോള്‍ കാല്‍വഴുതി കുളത്തില്‍ വീണുമരിച്ച കൊച്ചി കുമ്പളം കത്തായത്തുമഠം ശ്രീലക്ഷ്മി (9),അവധിക്കാലം ചെലവഴിക്കാന്‍ അമ്മാവന്റെ വീട്ടിലെത്തിയപ്പോള്‍ പെരിയാറില്‍ മുങ്ങിമരിച്ച ആദില്‍ (9), പുതുതായി നിര്‍മിച്ച കുളത്തിലേക്ക് കാല്‍വഴുതിവീണ കൂട്ടുകാരിയെ രക്ഷിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് മരിച്ച മഞ്ചേരി ഗേള്‍സ് ഹൈസ്കൂള്‍ ആറാംക്ളാസ് വിദ്യാര്‍ഥിനി ഷിബ്ന ഷെറിന്‍ (11) ,പന്തളം അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിച്ച സുഹൃത്തുക്കളായ തോട്ടക്കോണം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാംക്ളാസ് വിദ്യാര്‍ഥി സിയാദ് (13), പന്തളം എന്‍.എസ്.എസ് സെക്കന്‍ഡറി സ്കൂളിലെ എട്ടാംക്ളാസ് വിദ്യാര്‍ഥി വി.കെ.വിഷ്ണു(13) ... എത്രയെത്ര കുട്ടികളാണ് കഴിഞ്ഞ അവധിക്കാലത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ വെള്ളക്കെട്ടുകളുടെ അറിയാത്ത ആഴങ്ങളിലേക്ക് ആണ്ടു പോയത്. കഴിഞ്ഞ മധ്യവേനലവധിക്കാലത്ത് മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മുങ്ങിമരിച്ച വിദ്യാര്‍ഥികളുടെ എണ്ണം 55ലധികം വരുമെന്നാണ് കണക്ക്.
മഴക്കാലം തുടങ്ങിയാല്‍ വയലിലെയും മറ്റും വെള്ളക്കെട്ടുകളില്‍ വീണ് മരിക്കുന്നതും കേരളത്തില്‍ പതിവാണ്. മഴ ശക്തമായില്ലെങ്കിലും, ഇക്കുറി ജൂണ്‍ മാസത്തില്‍ കുട്ടികളടക്കം 12പേരാണ് വെള്ളക്കെട്ടുകളില്‍ വീണ് മുങ്ങിമരിച്ചത്.
നമ്മുടെ സര്‍ക്കാറുകളും വിവിധ വകുപ്പുകളും കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി പ്രഖ്യാപിച്ച നീന്തല്‍ പരിശീലന പദ്ധതികള്‍ വിദ്യാലയങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും നടപ്പായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇവരില്‍ കുറച്ച് പേരെങ്കിലും ആഴങ്ങളില്‍നിന്നു തിരിച്ചു വന്നേനെ. നീന്തലില്‍ സാമാന്യ പരിജ്ഞാനം നേടാന്‍ മാത്രമല്ല, മികച്ച താരങ്ങളെ തന്നെ സൃഷ്ടിക്കാനുതകുന്ന പരിശീലന പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും യുവജനക്ഷേമ ബോര്‍ഡും ദുരന്ത നിവാരണ അതോറിറ്റിയും മന്ത്രിമാരും കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി പ്രഖ്യാപിച്ചു കൊണ്ടിരുന്നത്.
2010 കായിക വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ ആചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണവകുപ്പ് പുറപ്പെടുവിച്ച 8378/ ഡി.എ1 /2010 സര്‍ക്കുലര്‍ പ്രകാരം പ്രധാനമായും ആവശ്യപ്പെട്ടത് ഓരോ ഗ്രാമപഞ്ചായത്തിലും നഗരസഭയിലും നീന്തല്‍കുളം നിര്‍മിക്കാനും വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാനുമായിരുന്നു. സര്‍ക്കുലറില്‍ പറയുന്നത് ഇപ്രകാരം: 'കേരളത്തിലെ ജലാശയങ്ങളിലും നദികളിലും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ കാരണമാണ് ഇത്തരമൊരു പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് നീന്തലില്‍ പരിശീലനം നല്‍കുകയും അതിലൂടെ നീന്തല്‍ അറിയാവുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു ഗ്രാമപഞ്ചായത്തില്‍ / നഗരസഭയില്‍ ഒരു നീന്തല്‍കുളമെങ്കിലും ഉണ്ടായാലേ ഈ ലക്ഷ്യം കൈവരിക്കാനാവൂ. നിലവിലുള്ള ഒരുകുളം മികച്ച നിലവാരത്തില്‍ വികസിപ്പിക്കുന്നതായിരിക്കും അഭികാമ്യം. അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പുപദ്ധതിയുടെയോ വാര്‍ഷിക പദ്ധതിയുടെയോ ഭാഗമായി ഏറ്റെടുക്കാവുന്നതാണ്. എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും 2010-2011 കാലയളവില്‍ തന്നെ ഈ രീതിയില്‍ ഒരുകുളം നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതാണ്.വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതിനുള്ള പരിശീലകരെ ഗ്രാമപഞ്ചായത്തുകള്‍ തന്നെ കണ്ടെത്തണം. നല്ലവണ്ണം നീന്തല്‍ വശമുള്ള ആളായിരിക്കണം പരിശീലകന്‍. അവര്‍ക്ക് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കുന്നതാണ്.'
പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച കാലയളവ് കഴിഞ്ഞിട്ട് ഒന്നര വര്‍ഷമായി.
നിര്‍ദേശിച്ച പ്രകാരം പദ്ധതി നടപ്പാക്കിയ നഗരസഭകളും ഗ്രാമപഞ്ചായത്തുകളുമെത്രയെന്ന അന്വേഷണം നടത്തിയപ്പോള്‍ മനസ്സിലായത് സര്‍ക്കുലറിന് പുല്ലുവിലപോലും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയിട്ടില്ല എന്നാണ്. കേരളത്തിലെ 60 നഗരസഭകളില്‍ 55 ഉം ഈ വിഷയം പരിഗണനക്കുപോലും എടുത്തിട്ടില്ല. വിഷയം പേരിനെങ്കിലും പരിഗണിച്ച അഞ്ചു നഗരസഭകളില്‍ മരട് നഗരസഭ കൗണ്‍സിലിന്റെ പരിഗണനക്ക് വിട്ടു. ആറ്റിങ്ങല്‍ കുളം നവീകരണത്തിന് അഞ്ചുലക്ഷം രൂപ മാറ്റിവെച്ചു.തൃപ്പൂണിത്തുറ നീര്‍ത്തടം പദ്ധതിയുടെ ഭാഗമായി പൊതുകുളം കല്ലുകെട്ടി സംരക്ഷിച്ചു. കുന്നംകുളം 2010-2011 വാര്‍ഷിക പദ്ധതിയില്‍ സ്കൂള്‍കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കി. പാലാ നഗരസഭ സ്വിമ്മിങ് പൂള്‍ നിര്‍മിക്കുന്നതിന് പദ്ധതി തയാറാക്കി .
978 ഗ്രാമപഞ്ചായത്തുകളുടെ സ്ഥിതിയും ഒട്ടും ഭിന്നമല്ല . വിരലിലെണ്ണാവുന്ന ചില പഞ്ചായത്തുകള്‍ പദ്ധതിക്ക ് തുടക്കംകുറിച്ചു എന്നതൊഴിച്ചാല്‍ ബാക്കി പഞ്ചായത്തുകളൊന്നും ഇക്കാര്യം ഗൗനിച്ചിട്ടേയില്ല. അഞ്ചു കോര്‍പറേഷനുകളുടെ സ്ഥിതിയും തഥൈവ. ഒരു പഞ്ചായത്തില്‍ 'ഒരു കളിസ്ഥലം/നീന്തല്‍ക്കുളം' നവീകരണത്തിന്റെ ഭാഗമായി നിലവിലുള്ള കുളം നവീകരിച്ച് നീന്തല്‍കുളമാക്കുന്നതിന് രണ്ടുലക്ഷം രൂപവരെ അനുവദിക്കുന്ന പദ്ധതി നിലവിലുണ്ടായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഫണ്ട് അനുവദിച്ച സ്ഥാപനങ്ങളധികവും ധനവിനിയോഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത സാഹചര്യത്തില്‍ പ്രസ്തുത പദ്ധതി തന്നെ സര്‍ക്കാറിനു നിര്‍ത്തി വെക്കേണ്ടിവന്നു.
ആയിരം നീന്തല്‍ കുളങ്ങള്‍ സംസ്ഥാനത്ത് നിര്‍മിക്കുമെന്നും 2008ല്‍ പാസാക്കിയ സ്പോര്‍ട്സ് ആക്ട് ഉടന്‍ നടപ്പാക്കുമെന്നും മുന്‍ കായിക മന്ത്രി എം.വിജയകുമാര്‍ 2010 ജനുവരി യില്‍ പ്രഖ്യാപിച്ചിരുന്നു. ഒരു വാര്‍ഡില്‍ ഒരു നീന്തല്‍കുളം പദ്ധതിക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി. 2010ലെ മധ്യവേനലവധിക്കാലത്ത് പ്രത്യേക നീന്തല്‍പദ്ധതി നടപ്പാക്കുമെന്നാണ് മുന്‍ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ പ്രഖ്യാപനം നടത്തിയത്. മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബിയാകട്ടെ നീന്തല്‍ അറിയുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്കും പ്രഖ്യാപിച്ചു. പ്രഖ്യാപനങ്ങളും പദ്ധതിയും നടപ്പായിരുന്നെങ്കില്‍ 2010 മധ്യ വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുമ്പോഴേക്കും സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികളും നീന്തലില്‍ 'സാക്ഷരത 'നേടിയേനെ.
പ്രഖ്യാപനത്തില്‍ പുതിയ കായിക മന്ത്രിയും പിന്നിലല്ല. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 14ന് നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ മന്ത്രി നല്‍കിയ മറുപടിയില്‍ കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും നീന്തല്‍ പഠിപ്പിക്കുന്നതിനുള്ള സമഗ്രപദ്ധതി വിഭാവനം ചെയ്തിട്ടുണ്ടെന്നും ഒരു പഞ്ചായത്തില്‍ ഒരു നീന്തല്‍കുളം എന്ന പദ്ധതിപ്രകാരം കേരള സ്പോര്‍ട്സ് കൗണ്‍സില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി വരുന്നുണ്ടെന്നും മുഴുവന്‍ പഞ്ചായത്തുകളിലും ഈ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നുവെന്നും അറിയിച്ചിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് 29 ന് കോട്ടയം എം.ഡി സെമിനാരി സ്കൂളില്‍ 'സ്വിം ആന്‍ഡ് സര്‍വൈവ് '(ജീവന്‍രക്ഷ നീന്തല്‍ പരിശീലനം)പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കവെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നീന്തല്‍ കുളങ്ങള്‍ സ്ഥാപിച്ച് മുഴുവന്‍ വിദ്യാര്‍ഥികളെയും നീന്തല്‍ പഠിപ്പിക്കുമെന്നും നീന്തല്‍ പഠിപ്പിക്കുന്നതിനോടൊപ്പം മുങ്ങിത്താഴുന്നവരെ രക്ഷിക്കാനുള്ള പരിശീലനവും നല്‍കുമെന്നും സ്പോര്‍ട്സ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പ്രഖ്യാപിച്ചു . എല്ലാ പദ്ധതികളും പരിശീലനങ്ങളും കടലാസില്‍ മാത്രമൊതുങ്ങിയപ്പോള്‍ സ്കൂള്‍, പ്ലസ്ടു,കോളജ്, പ്രഫഷനല്‍ കോളജ് വിദ്യാര്‍ഥികളടക്കം നമ്മുടെ തോടുകളിലും പുഴകളിലും നദികളിലും മുങ്ങിമരിച്ചുകൊണ്ടിരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് കൂടിവരുന്ന വിദ്യാര്‍ഥികളുടെ മുങ്ങിമരണങ്ങളും മറ്റ് അപകട മരണങ്ങളും നിയന്ത്രിക്കാനും വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാനും ലക്ഷ്യമിട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ പ്രത്യേക പദ്ധതി നടപ്പാക്കി കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുക,വിവിധ ദുരന്തങ്ങളെകുറിച്ചും അവ പ്രതിരോധിക്കുന്നതിനെ കുറിച്ചും കുട്ടികളെ ബോധ വത്കരിക്കുക എന്നിവയായിരുന്നു ലക്ഷ്യം.
ഇക്കുറി മധ്യവേനലവധിക്കുമുമ്പു തന്നെ അതോറിറ്റി അറിയിപ്പു പുറപ്പെടുവിക്കുകയും പദ്ധതിയില്‍ താല്‍പര്യമുള്ള സന്നദ്ധ സംഘടനകളോട് ബന്ധപ്പെടാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ ക്ളബുകള്‍ കേന്ദ്രീകരിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയെന്നാണ് പറഞ്ഞിരുന്നത്.
കഴിഞ്ഞ മധ്യവേനലവധിയില്‍ തന്നെ ആരംഭിക്കുമെന്നു പ്രഖ്യാപിച്ച നീന്തല്‍ പരിശീലന പരിപാടിക്കുവേണ്ടി ആകെ നടന്നത് കൂടിയാലോചന യോഗം മാത്രം.
(തുടരും)


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com