Sun, 07/01/2012 - 23:13 ( 46 weeks 1 hourago)
സിയാല്‍കോട്ടില്‍ നിന്നൊരു ടാംഗോ-12
(+)(-) Font Size
സിയാല്‍കോട്ടില്‍ നിന്നൊരു ടാംഗോ-12

2011 ഡിസംബര്‍ രണ്ടിന്, യൂറോകപ്പ് ഫൈനല്‍ മത്സരങ്ങളുടെ ഗ്രൂപ് നിര്‍ണയിക്കുന്ന നറുക്കെടുപ്പ് വലിയ ഒരു ചടങ്ങായിട്ടായിരുന്നു കലാശക്കളി നടക്കുന്ന കിയേഫില്‍ അരങ്ങേറിയത്. അതോടനുബന്ധിച്ചുതന്നെ മത്സരത്തിന് ഉപയോഗിക്കുന്ന പന്തും പരിചയപ്പെടുത്തിയിരുന്നു. ടാംഗോ-12 എന്ന പേരിട്ടിരിക്കുന്ന അഡിഡാസ് പന്ത്, ഇന്നുവരെ ലോകം ദര്‍ശിച്ചിട്ടില്ലാത്തവിധമുള്ള സാങ്കേതിക മികവുമായിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടുവര്‍ഷം, അമച്വര്‍ പ്രഫഷനല്‍ മത്സരങ്ങള്‍ക്കായി പരീക്ഷിക്കപ്പെട്ട, വിഖ്യാതരായ എല്ലാ ഗോള്‍ കീപ്പര്‍മാര്‍ക്കും വേണ്ടി പ്രത്യേക ടെസ്റ്റുകളും നടത്തി. ആര്‍ക്കും പരാതിയുണ്ടായില്ല. സകലരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടത്, ടാംഗോ കേമന്‍തന്നെയെന്നായിരുന്നു!
1978ല്‍ അര്‍ജന്റീനയില്‍ ലോകകപ്പിനാണ് ആദ്യമായി ടാംഗോ ബാള്‍ ഉപയോഗിച്ചത്. അതിന്റെ പേര് മാത്രം നിലനിര്‍ത്തിയാണ് പുതിയ ഹൈടെക് ടാംഗോയുടെ പിറവി! ഇന്ന് യൂറോപ്യന്‍ വിപണിയില്‍ ഒരു ഒറിജിനല്‍ ടാംഗോ ബാളിന്റെ വില 129 യൂറോയാണ്. അതായത്, 9159 രൂപ!
ഇനിയാണ് കഥ തുടങ്ങുന്നത്. ഇത്തരം ഒരു ബാളിന്റെ യഥാര്‍ഥ വിലയെന്താണ്, എവിടെനിന്നാണ് ഈ ഹൈടെക് ബാളുകള്‍ ലോക വിപണിയില്‍ എത്തുന്നത്?
അഡിഡാസിന്റെ ജര്‍മനിയിലെ ആസ്ഥാനമായ ഹെര്‍സോര്‍ഗന്‍ ഔറയിലും സിന്‍ഡില്‍ ഫിംഗനിലും ഉള്ള നിര്‍മാണ കേന്ദ്രങ്ങളില്‍നിന്നാണ് ഈ ബാളുകള്‍ വിപണിയില്‍ എത്തുന്നതെന്നാണ് ലോകം അറിയുന്നത്. അതനുസരിച്ചുതന്നെയാണിതിന് വില നിശ്ചയിച്ചിരിക്കുന്നതും. ജര്‍മനിയിലെ താഴെക്കിടയിലുള്ള ജീവനക്കാരന് ഒരു മണിക്കൂര്‍ പണിയെടുത്താല്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വരുമാനം മണിക്കൂറിന് 13 യൂറോയാണ് - 923 രൂപ. ഒരു ദിവസം എട്ടു മണിക്കൂര്‍ കണക്കാക്കിയാല്‍തന്നെ 7384 രൂപ! യഥാര്‍ഥത്തില്‍ ഈ ബാളുകള്‍ നിര്‍മിക്കുന്ന സ്ഥലത്തെ തൊഴിലാളിക്ക് ലഭിക്കുന്നത് ഒരു ദിവസത്തേക്ക് രണ്ട് യൂറോയിലും കുറഞ്ഞ കൂലി.
എവിടെനിന്നാണീ സൂപ്പര്‍ ബാളുകള്‍ വിപണിയിലെത്തുന്നത്. ഏതെങ്കിലും ഹൈടെക് ഫാക്ടറികളില്‍നിന്നാണോ?
പാകിസ്താനിലെ സിയാല്‍കോട്ടിലെ നാനോവാലിയെന്ന ചെറിയ ഗ്രാമത്തിലാണ് ഈ 'ഹൈടെക് ഫാക്ടറി' പ്രവര്‍ത്തിക്കുന്നത്. ബാല്യവും കൗമാരവും യൗവനവും വാര്‍ധക്യവുമൊക്കെ ഒന്നിച്ച് തോളോടു തോള്‍ ചേരുമ്പോഴാണ്, ബാലോട്ടെല്ലിമാരും ടോറസുമാരും ഗോമസുമാരും ഗോളുകളടിച്ചുകൂട്ടുന്ന ഹൈടെക് ബാളുകള്‍ ജന്മമെടുക്കുന്നത്.
10 വയസ്സുകാരി ആയിഷയുടെ മോഹം ഡോക്ടറാവുകയെന്നതാണ്. എന്നാല്‍, രാവിലെ തുടങ്ങുന്ന പന്തു തുന്നല്‍ അവസാനിക്കുന്നത് വൈകുന്നേരം. മാതാപിതാക്കളും സഹോദരങ്ങളുമൊക്കെ ഈ തൊഴിലില്‍തന്നെയാണ്. ഈ മേഖലയിലെ മുഴുവന്‍ കുടുംബങ്ങളും സാര്‍വദേശീയ സ്പോര്‍ട്സ് ഉപകരണ നിര്‍മാണ കമ്പനികളുടെ കരാര്‍ തൊഴിലാളികളാണ്. ഇവരുടെ കരവിരുതില്‍ രൂപം കൊള്ളുന്ന, ഫുട്ബാളായാലും വോളിബാളായാലും ലോകത്തിലെ ഏതൊരു ഹൈടെക് മെഷീനില്‍നിന്നും പുറത്തുവരുന്ന പന്തുകളേക്കാള്‍ മികവുള്ളതായിരിക്കും.
2010വരെ 10ല്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പോലും നിര്‍ബന്ധിതമായി പണിയെടുക്കേണ്ടിയിരുന്ന മേഖലയില്‍ മാറ്റമുണ്ടായത് അന്തര്‍ദേശീയ ഒളിമ്പിക് കമ്മിറ്റിയുടെയും ഫിഫയുടെയും ഇടപെടല്‍ കാരണമായിരുന്നു. എന്നാല്‍, നിയമം മൂലം ബാലവേല നിരോധിക്കപ്പെട്ടുവെങ്കിലും ആയിഷമാര്‍ക്ക് സ്കൂളുകള്‍ ഇന്നും സ്വപ്നമാകുന്നു. ബാലവേല നിര്‍ബാധം തുടരുന്നത് കാരണം, ആരെയും നിര്‍ബന്ധിച്ചല്ല ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതും പണിയെടുപ്പിക്കുന്നതും. കൂട്ടു കുടുംബങ്ങളിലെ വരുമാന മാര്‍ഗമായതുകൊണ്ട് ആര്‍ക്കും പണിയെടുക്കാം. വൈദഗ്ധ്യവും നേടാം. 73കാരിയായ ഫാത്തിമയും 10 വയസ്സുകാരി ആയിഷയും ഒരുമിക്കുമ്പോഴാണ്, കളിക്കളങ്ങളില്‍ ആരവങ്ങളുണ്ടാക്കുന്ന പന്തുകള്‍ നിര്‍മിക്കപ്പെടുന്നത്.
സിയാല്‍കോട്ടിന്റെ സ്പോര്‍ട്സ് ഉപകരണ നിര്‍മാണ ചരിത്രം തുടങ്ങുന്നത് 19ാം നൂറ്റാണ്ടിലാണ്. അന്ന് ഇന്ത്യാ മഹാരാജ്യം ഒന്നടങ്കം അടക്കിഭരിച്ചിരുന്ന ബ്രിട്ടീഷുകാരുടെ സൈനികര്‍ക്ക് വേണ്ടി ഹോക്കിസ്റ്റിക്കുകളും ക്രിക്കറ്റ് ബാറ്റുകളും പോളോസ്റ്റിക്കുകളും നിര്‍മിച്ചു കൊണ്ടായിരുന്നു സിയാല്‍കോട്ട് ചരിത്രം തുടങ്ങിയത്. തുടര്‍ന്ന് സൈനികര്‍ക്കുവേണ്ടി കേടായ ഷൂസുകളും ബാഗുകളും നന്നാക്കിക്കൊടുക്കുന്നതിന് ചെറിയ സ്ഥാപനങ്ങള്‍ അവിടെ രൂപമെടുത്തു. അങ്ങനെ കേടായ ഫുട്ബാളുകള്‍ നന്നാക്കിയ പരിജ്ഞാനവുമായി, ആദ്യത്തെ ഫുട്ബാള്‍ നിര്‍മാണ കേന്ദ്രവും ഔദ്യോഗികമായി നിലവില്‍വന്നു. കരകൗശല മികവുമായി കാല്‍പ്പന്തില്‍ പുതിയ രൂപവും ഭാവവും സൗന്ദര്യവും സാങ്കേതിക മികവുമൊക്കെ ഇവിടത്തെ പന്തിനുണ്ടായപ്പോള്‍, ലോക ഫുട്ബാള്‍ സംഘടന ഫിഫ തന്നെയായിരുന്നു 1978ലെ ടാംഗോ ബാള്‍ നിര്‍മിക്കാന്‍ സിയാല്‍കോട്ടിനെ തിരഞ്ഞെടുത്തത്. അതോടെ ആയിരക്കണക്കിന് ചെറുകിട നിര്‍മാണ കേന്ദ്രങ്ങള്‍ ഇവിടെ രൂപം കൊണ്ടു. അക്ഷരാര്‍ഥത്തില്‍ സിയാല്‍കോട്ട് മേഖലയിലെ സകല ഭവനങ്ങളും ബാള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒരു തൊഴിലില്‍ ഏര്‍പ്പെടുകയും ചെയ്തു.
ഇവരുടെ കരവിരുത് മാത്രമല്ല കച്ചവടക്കണ്ണുകളെ ഇങ്ങോട്ടേക്ക് നയിക്കുന്നത്. ലോകത്ത് ഒരു യന്ത്രത്തിനും കഴിയാത്ത 'കൈവേഗ'മാണതിന് കാരണം. അതിശയിക്കരുത്, എട്ടു മണിക്കൂര്‍ കൊണ്ട് ഒരു വിദഗ്ധ തൊഴിലാളി മൂന്നു മുതല്‍ അഞ്ചുവരെ പന്തുകള്‍ സ്വന്തം കൈകൊണ്ട് തുന്നിയുണ്ടാക്കിയിരിക്കും!
ലഭിക്കുന്ന വേതനം രണ്ട് യൂറോയിലും കുറഞ്ഞ തുക. ഒരു അതിവിദഗ്ധ തൊഴിലാളിക്ക് ലഭിക്കുന്ന തുകയാണിത്. എന്നാല്‍, സാധാരണ തൊഴിലാളിക്ക് ഒരു മാസം ലഭിക്കുന്നതും 25 യൂറോയിലും കുറഞ്ഞ തുക.
40കാരനായ ഖാലിദിന് സാമാന്യം വലിയ ഒരു ഫാക്ടറിയുണ്ട്. ജര്‍മനിയിലെ 1860 മ്യൂണിക് ക്ളബിനാവശ്യമുള്ള 'അവരുടെ നിറമായ' നീലയും വെള്ളയും പൊട്ടുകളുള്ള ബാളുകള്‍ നിര്‍മിക്കുന്നത് അവിടെയാണ്. 2,50,000 ബാളുകളാണ് ഒരു വര്‍ഷം നിര്‍മിക്കേണ്ടത്. ശരാശരി 3000 രൂപ ശമ്പളത്തില്‍ 65 സ്ഥിരം ജീവനക്കാരാണ് ഈ അധ്വാനം ഏറ്റെടുത്തിരിക്കുന്നത്. യൂറോകപ്പ്, ലോകകപ്പ്, മത്സരങ്ങളുടെ സമയമാകുമ്പോള്‍ സിയാല്‍കോട്ടില്‍ ഉത്സവത്തിന്റെ നാളുകളാണ്. രാവും പകലും പണിതാലും തീരാത്തവിധമുള്ള 'ഓര്‍ഡറുകളാകും' അവര്‍ക്ക് ലഭിക്കുക. 40 ദശലക്ഷം ബാളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കളിക്കളങ്ങള്‍ക്ക് ഹരം പകരാനായി ഇവിടെ നിന്ന് കയറ്റിയയക്കുന്നത്.
ബാലവേല നിയമം വഴി നിരോധിച്ച ശേഷം പന്ത് നിര്‍മാണ കേന്ദ്രമായ നാനോവാലിയില്‍ ആധുനിക സൗകര്യങ്ങളുള്ള ഒരു സ്കൂള്‍ സ്ഥാപിച്ചു. ആയിഷ ഇപ്പോള്‍ അവിടത്തെ വിദ്യാര്‍ഥിനിയാണ്. സ്കൂള്‍ സമയം കഴിഞ്ഞ് അവള്‍ ഓടി വീട്ടിലെത്തുമ്പോള്‍, അവര്‍ക്കുള്ള ഭക്ഷണം ഒരുക്കിവെച്ച്, മാതാവും രണ്ട് സഹോദരിമാരും അമ്മൂമ്മയും പുതിയ പന്തുകള്‍ തുന്നിക്കൊണ്ടിരിക്കുകയാവും. ഡോക്ടറാകണമെന്ന മോഹവുമായി പഠിക്കുമ്പോഴും അമ്മയുടെ കൈയില്‍നിന്ന് പൂര്‍ത്തിയാകാത്ത ആ പന്തു വാങ്ങി, പൂര്‍ണതയിലെത്തിക്കാന്‍, അവളും ശ്രമിക്കുന്നു. അതാണ് നാനാവാലിക്കാരുടെ കാല്‍പന്തിനോടുള്ള ഹൃദയവികാരം. അതാണ് ടാംഗോ പന്തുകളും ജബുലാനിമാരുമായി ലോകം കീഴടക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus