12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

മുര്‍സി സത്യപ്രതിജ്ഞ ചെയ്തു

മുര്‍സി സത്യപ്രതിജ്ഞ ചെയ്തു

കൈറോ: ഈജിപ്തിന്റെ ചരിത്രത്തില്‍ നിര്‍ണായക മാറ്റമുണ്ടാക്കി തെരഞ്ഞെടുപ്പ് വിജയം നേടിയ മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സി ഭരണഘടനാ കോടതിയില്‍ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ഫാറൂഖ് സുല്‍ത്താന്റെ നേതൃത്വത്തിലുള്ള 18 മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് മുമ്പാകെയാണ് അദ്ദേഹം സ്ഥാനമേറ്റത്.
സുല്‍ത്താന്റെയും ഡെപ്യൂട്ടി ജഡ്ജി മഹര്‍ അല്‍ബിവൈരിയുടെയും ഇടയില്‍ മുര്‍സി ഉപവിഷ്ടനായതോടെ ദേശീയ ഗാനം മുഴങ്ങി.
പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ താങ്കളെ ദൈവം സഹായിക്കട്ടെയെന്ന് സുല്‍ത്താന്‍ അനുമോദന പ്രസംഗത്തില്‍ പറഞ്ഞു. തുടര്‍ന്നാണ് മുര്‍സി സത്യപ്രതിജ്ഞ ചെയ്തത്. ഈജിപ്തിലെ രണ്ടാം റിപ്പബ്ലിക്കിന്റെ ജന്മദിനമാണ് ഇന്നെന്നാണ് ഒരു ജഡ്ജി സത്യപ്രതിജ്ഞാ ചടങ്ങിനെ വിശേഷിപ്പിച്ചത്.
ജൂണ്‍ 14ന് സൈനിക കൗണ്‍സില്‍ (സ്കാഫ്) പാര്‍ലമെന്റ് പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് സത്യപ്രതിജ്ഞ ഭരണഘടനാ കോടതിക്ക് മുമ്പാകെ നടത്തിയത്. പാര്‍ലമെന്റ് പുനഃസ്ഥാപിക്കുമെന്നും പ്രസിഡന്റിന്റെ അധികാരം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈജിപ്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ജനകീയ പ്രസിഡന്റായ മുര്‍സി വെള്ളിയാഴ്ച കൈറോയിലെ തഹ്രീര്‍ സ്ക്വയറില്‍ പ്രതീകാത്മക സത്യപ്രതിജ്ഞ നടത്തിയിരുന്നു. ജനങ്ങളുടെ അന്തസ്സും സാമൂഹിക നീതിയും രാജ്യത്തിന്റെ റിപ്പബ്ലിക്കന്‍ സമ്പ്രദായവും കാത്തുസൂക്ഷിക്കുമെന്ന് ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് നടക്കുന്ന പീഡനങ്ങളും വിവേചനവും അവസാനിപ്പിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. 'ജനങ്ങള്‍ക്ക് മുകളില്‍ മറ്റൊരു സ്ഥാപനമില്ല. അധികാരത്തിന്റെ ഉറവിടം നിങ്ങളാണ്' -മുസ്ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പെടെ തഹ്രീര്‍ സ്ക്വയറില്‍ തടിച്ചുകൂടിയ ജനലക്ഷങ്ങള്‍ക്ക് മുമ്പാകെ അദ്ദേഹം പറഞ്ഞു.
വിപ്ലവത്തെ തുടര്‍ന്ന് സൈനിക കൗണ്‍സില്‍ തടവിലാക്കിയ 12,000ത്തിലധികം പേരെ വിട്ടയക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കി.
അമേരിക്കയില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഈജിപ്ഷ്യന്‍ പണ്ഡിതന്‍ ശൈഖ് ഉമര്‍ അബ്ദുറഹ്മാനെ മോചിപ്പിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്നും മുര്‍സി വ്യക്തമാക്കി. താന്‍ ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ചിട്ടില്ലെന്ന് പറഞ്ഞ് ജാക്കറ്റ് തുറന്നുകാണിച്ച അദ്ദേഹം ദൈവത്തെയല്ലാതെ മറ്റാരെയും ഭയക്കുന്നില്ലെന്നും പറഞ്ഞു.
ഈജിപ്തിന്റെ പുതിയ പ്രസിഡന്റായി മുര്‍സിയെ ജൂണ്‍ 24നാണ് ഇലക്ടറല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചത്. മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ ചെയര്‍മാനായിരുന്ന അദ്ദേഹം സ്ഥാനം രാജിവെക്കുകയായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com