12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

വെളിപ്പെടുത്തലിനു പിന്നില്‍ സാമ്പത്തിക ഇടപാട് -സുധാകരന്‍

വെളിപ്പെടുത്തലിനു പിന്നില്‍ സാമ്പത്തിക ഇടപാട് -സുധാകരന്‍

കണ്ണൂര്‍: തനിക്കെതിരായ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിനു പിന്നില്‍ ഭീമമായ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നും ആരോപണങ്ങള്‍ തികഞ്ഞ അസംബന്ധമാണന്നും കെ. സുധാകരന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തേ തന്റെ മറ്റൊരു ഡ്രൈവറെയും ഗണ്മാനെയും സി.പി.എം സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ ശിക്ഷയനുഭവിച്ച ദിനേശനെ കടകംപള്ളി സുരേന്ദ്രന്‍ ബ്ലാങ്ക് ചെക്കും വീടും പൂര്‍ണസംരക്ഷണവും വാഗ്ദാനം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു.
വെളിപ്പെടുത്തലിനെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വസ്തുത കണ്ടെത്തണം. അതിനുമുമ്പ് പ്രശാന്തിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് കഴിഞ്ഞ മൂന്നുമാസത്തെ കോളുകള്‍ പരിശോധിക്കണമെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രിക്ക് ഫാക്സ് സന്ദേശമയക്കും. ബാബു എവിടെയെന്ന് കണ്ടെത്തണം. എന്തെങ്കിലും സംഭവിച്ചാല്‍ എന്നെ കുറ്റപ്പെടുത്തരുത് -സുധാകരന്‍ പറഞ്ഞു.
വെളിപ്പെടുത്തലിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. കണ്ണൂര്‍ നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍ സി.പി.എം പാളയത്തിലാണെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും താന്‍ മൂന്നുമാസം മുമ്പുപറഞ്ഞതാണ്.
പ്രശാന്ത് ബാബു തന്റെ സ്ഥിരം ഡ്രൈവറായിരുന്നില്ല. 40 ദിവസത്തില്‍ താഴെ മാത്രമേ തന്റെ കൂടെ ഡ്രൈവറായി രിന്നുട്ടുള്ളൂ. കോണ്‍ഗ്രസിന്റെ ബ്ലോക് സെക്രട്ടറിയുമല്ല.
നഗരസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാഞ്ഞതിന്റെ പേരിലുണ്ടായ ഈര്‍ഷ്യയാണ് വിരോധത്തിന് കാരണം. ഗുരുതര അഴിമതി നടത്തിയതുകൊണ്ടാണ് സീറ്റ് നിഷേധിച്ചത്. ആളുകളോട് പണം ആവശ്യപ്പെട്ടതിന് തെളിവുണ്ട്. നാല്‍പാടി വാസു വധക്കേസില്‍ പ്രതിയായ പ്രശാന്ത് ബാബു, സി.പി.എം ക്രിമിനലുകളുടെ നടുവില്‍ സുരക്ഷിതനായി ഇത്രയും കാലം താമസിച്ചു എന്നതില്‍തന്നെ എല്ലാം വ്യക്തമാണ്.
തന്നെ ചതിയില്‍പെടുത്താന്‍ ഇതിനുമുമ്പ് പലതവണ പ്രശാന്ത് ബാബു ശ്രമിച്ചിട്ടുണ്ട്. എന്നും താന്‍ സംശയത്തോടെ നോക്കിയ ചെറുപ്പക്കാരനാണ് അയാള്‍.
കഴിഞ്ഞ ജൂണ്‍ 11ന് പ്രശാന്ത് ബാബു കൈരളി ചാനലിന് അഭിമുഖം നല്‍കിയിരുന്നു. കൈരളി അത് പുറത്തുവിട്ടില്ല. പഴയ എസ്.എഫ്.ഐ നേതാവിനെ കൂട്ടുപിടിച്ചാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയതെന്നും സുധാകരന്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com