Sat, 06/30/2012 - 19:01 ( 46 weeks 12 hoursago)
ഒത്തുകളി: അഞ്ച് താരങ്ങള്‍ക്ക് വിലക്ക്
(+)(-) Font Size
ഒത്തുകളി: അഞ്ച് താരങ്ങള്‍ക്ക് വിലക്ക്
സുധീന്ദ്രക്ക് ആജീവനാന്തം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിലെയടക്കം ഒത്തുകളിയും കള്ളപ്പണവും സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയ അഞ്ചു താരങ്ങള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) വിലക്കേര്‍പ്പെടുത്തി. മധ്യപ്രദേശ് പേസ് ബൗളര്‍ ടി.പി. സുധീന്ദ്രയെ ആജീവനാന്തം വിലക്കിയപ്പോള്‍ ശലഭ് ശ്രീവാസ്തവയെ അഞ്ചു വര്‍ഷത്തേക്കും മോനിഷ് മിശ്ര, അമിത് യാദവ്, അഭിനവ് ബാലി എന്നിവരെ ഓരോ കൊല്ലത്തേക്കും ക്രിക്കറ്റില്‍നിന്ന് നിരോധിച്ചു. ബി.സി.സി.ഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതിയുടേതാണ് നടപടി.
അഞ്ചു താരങ്ങളുടെയും വെളിപ്പെടുത്തലുമായി ഇന്ത്യാ ടി.വി കഴിഞ്ഞ മേയ് 14ന് പുറത്തുവിട്ട വാര്‍ത്തയാണ് സംഭവപരമ്പരകളുടെ തുടക്കം. ഐ.പി.എല്ലിന്റെ അഞ്ചാം എഡിഷന്‍ നടക്കുന്നതിനിടെയായിരുന്നു ഇത്. ഐ.പി.എല്ലില്‍ മാത്രമല്ല ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലും വ്യാപക ഒത്തുകളി നടക്കുന്നതായി ഒളികാമറ ഓപറേഷനില്‍ വ്യക്തമാക്കിയ ഇവര്‍, പ്രമുഖരായ ഇന്ത്യന്‍ താരങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തുറന്നടിച്ചു. ഐ.പി.എല്ലിലേക്ക് കള്ളപ്പണമൊഴുകുന്നുവെന്നതായിരുന്നു മറ്റൊരു വെളിപ്പെടുത്തല്‍. ഔദ്യോഗികമായി നിശ്ചയിച്ചതിന് എത്രയോ ഇരട്ടി അധികം തുക ഫ്രാഞ്ചൈസികള്‍ തങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും ചിലര്‍ തുറന്നടിച്ചു.
താരങ്ങളുടെ നടപടി ഗൗരവമായെടുത്ത ബി.സി.സി.ഐ മേയ് 15ന് ഇവരെ താല്‍ക്കാലികമായി വിലക്കിക്കൊണ്ട് ഉത്തരവിറക്കി. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താന്‍ ബി.സി.സി.ഐയുടെ അഴിമതിവിരുദ്ധ സ്ക്വാഡിന്റെ തലവന്‍ രവി സവാനിയോട് നിര്‍ദേശിക്കുകയായിരുന്നു. വിമത ടൂര്‍ണമെന്റായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ലീഗി(ഐ.സി.എല്‍)ല്‍ ദല്‍ഹി ജയന്റ്സിന്റെ താരങ്ങളായിരുന്നു അമിത് ഒഴികെയുള്ള നാലുപേരും.
ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് ലഭിക്കുന്ന മൂന്നാമത്തെ താരമാണ് സുധീന്ദ്ര. മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, അജയ് ശര്‍മ എന്നിവരാണ് ഇതിന് മുമ്പ് സമാന ശിക്ഷക്ക് വിധേയരായവര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus