12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

സി.പി.എമ്മില്‍ വീണ്ടും പോര്

സി.പി.എമ്മില്‍ വീണ്ടും പോര്

തിരുവനന്തപുരം: കേന്ദ്രനേതൃത്വത്തിന്‍െറ വിലക്ക് കാറ്റില്‍പറത്തി പിണറായിയും വി.എസും വീണ്ടും ഏറ്റുമുട്ടുന്നു. കഴിഞ്ഞ ആഴ്ച നടന്ന സി.പി.എം നേതൃയോഗത്തില്‍ വി.എസിന്‍േറതായി മാധ്യമങ്ങളില്‍ വന്ന പരാമര്‍ശങ്ങള്‍ക്ക് പത്രസമ്മേളനത്തില്‍ മറുപടിനല്‍കി പിണറായി വിജയനാണ് ഇന്നലെ ആദ്യം വെടി പൊട്ടിച്ചത്. മണിക്കൂറുകള്‍ക്കകം വി.എസ് തിരിച്ചടിച്ചതോടെ സി.പി.എം രാഷ്ട്രീയം ഒരിടവേളക്ക് ശേഷം വീണ്ടും കലുഷിതമായി.
ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.എമ്മിന് ഒരുപങ്കുമില്ലെന്ന് നല്ല വറ്റ് തിന്നുകൊണ്ടുതന്നെ ഉറപ്പിച്ച് പറയാമെന്നാണ് എ.കെ.ജി സെന്‍ററില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു. അന്നാഹാരം കഴിക്കുന്ന ഏതൊരുവനും അതില്‍ സംശയിക്കേണ്ടതില്ലെന്നും വി.എസിന് അദ്ദേഹം മറുപടി നല്‍കി. അരിയാഹാരം കഴിക്കുന്നവരാരും ടി.പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വിശ്വസിക്കില്ലെന്നാണ് കഴിഞ്ഞ സെക്രട്ടേറിയറ്റില്‍ വി.എസ് പറഞ്ഞത്.
പാര്‍ട്ടി സെക്രട്ടറിയും കൂട്ടരും പറയുന്നതാണോ നാട്ടുകാര്‍ വിശ്വസിക്കുന്നതെന്ന് അനുദിനം മനസ്സിലാകുന്നുണ്ടെന്നായിരുന്നു പിണറായിക്ക് വി.എസിന്‍െറ മറുപടി. അത് പിന്നീട് മനസ്സിലാക്കാന്‍ പറ്റുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പരസ്യപ്രസ്താവന പാടില്ലെന്ന കേന്ദ്ര നിര്‍ദേശം ലംഘിക്കപ്പെട്ടതോടെ സംസ്ഥാന ഘടകത്തിലെ വിള്ളല്‍ കൂടുതല്‍ വെളിവായി. ഏതാണ്ട് 20 ദിവസത്തോളം അച്ചടക്കത്തിന്‍െറ തോടിനുള്ളില്‍ കഴിഞ്ഞ ശേഷം ഇരുനേതാക്കളില്‍ നിന്നും ഇന്നലെയുണ്ടായ പൊട്ടിത്തെറി പെട്ടെന്ന് സംഭവിച്ചതല്ലെന്നാണ് സൂചന. ടി.പി വധത്തെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തിനെതിരെ വി.എസിന്‍െറ ആക്ഷേപം ചര്‍ച്ചചെയ്തശേഷമാണ് നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തരുതെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നിര്‍ദേശിച്ചത്.
വി.എസ് ഉന്നയിച്ച വിഷയങ്ങളില്‍ കേന്ദ്ര തീരുമാനം ജൂണില്‍ വരാനിരിക്കെയാണ് പുതിയ പേര്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന നേതൃത്വത്തില്‍ നിന്നുണ്ടായ നടപടികളാണ് വി.എസിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. സ്വന്തം ജില്ലയായ ആലപ്പുഴയിലെ മേഖലാ റിപ്പോര്‍ട്ടിങ്ങില്‍ വി.എസിനെതിരെ പിണറായി കടുത്ത ആക്ഷപങ്ങള്‍ ഉന്നയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലാവലിന്‍, ലോട്ടറി, ചന്ദ്രശേഖരന്‍െറ വീട് സന്ദര്‍ശനം എന്നിവയില്‍ പിടിച്ച് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ നെയ്യാറ്റിന്‍കര വരെ തുടര്‍ന്ന എല്‍.ഡി.എഫ് തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം പിണറായി വി.എസിന്‍െറ തലയില്‍ ചൊരിഞ്ഞു. ഇതില്‍ വി.എസ് അതൃപ്തനായിരുന്നു. എന്നാല്‍ പരസ്യപ്രതികരണം അച്ചടക്കലംഘനമാകുമെന്ന് കണ്ട് അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. മറുപടി പറയാന്‍ വേദിയും അവസരവുമില്ലാതെ വിഷമിച്ച വി.എസിന് മുന്നിലാണ് ഇന്നലത്തെ പിണറായിയുടെ പ്രസ്താവന വാതില്‍ തുറന്നത്.
മേഖലാ റിപ്പോര്‍ട്ടിങ്ങിലെ ആക്രമണത്തിന് മറുപടിനല്‍കിയ വി.എസ്, താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലോട്ടറി വിഷയം കൈകാര്യംചെയ്തതിലെ പിഴവാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് പാര്‍ട്ടി റിപ്പോര്‍ട്ടില്‍ പറയുന്നതായി വിശ്വസിക്കുന്നില്ലെന്ന് തുറന്നടിച്ചു. പി.ഡി.പി കൂട്ടുകെട്ടും പൊന്നാനിയിലെ സി.പി.ഐ സീറ്റ് പിടിച്ചെടുത്തതും കോഴിക്കോട് സീറ്റ് ദളിന് നല്‍കാത്തതും മൂലം അന്ന് മുന്നണി ശിഥിലമായിരുന്നു. അതാണ് പരാജയത്തിന് കാരണമായത്. ലോട്ടറിവിഷയം കൃത്യമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഇടത് ഭരണകാലത്ത് സാന്‍റിയാഗോ മാര്‍ട്ടിന്‍െറ കൊള്ള അവസാനിപ്പിച്ചെന്നും പറഞ്ഞ വി.എസിന് തന്‍െറ വാദങ്ങള്‍ ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കാനുമായി.
ജൂണ്‍ 20ന് സമാപിച്ച രണ്ട് ദിവസത്തെ സംസ്ഥാനസമിതിയില്‍ ഒഞ്ചിയം പ്രശ്നങ്ങള്‍, ടി.പി വധം എന്നിവയില്‍ രൂക്ഷആക്രമണത്തിന് ഇരയാകേണ്ടിവന്ന ശേഷവും പിണറായി നടത്തിയ പ്രസ്താവനയാണ് വി.എസിനെ പ്രകോപിപ്പിച്ചത്. പാര്‍ട്ടി സെക്രട്ടറിയും കൂട്ടരും പറയുന്നതാണോ നാട്ടുകാര്‍ വിശ്വസിക്കുന്നതെന്ന് പിന്നീട് മനസ്സിലാക്കാന്‍ പറ്റുമെന്ന് പറഞ്ഞത് വഴി ടി.പി വധത്തിലെ തന്‍െറ നിലപാടില്‍ നിന്ന് ഒരിഞ്ച് പിന്നാക്കമില്ലെന്ന് വി.എസ് ആവര്‍ത്തിക്കുകയായിരുന്നു. പി. മോഹനന്‍െറ അറസ്റ്റിന്‍െറ രീതിയോട് മാത്രം വിയോജിച്ച അദ്ദേഹം പൊലീസ് നടപടിയെ എതിര്‍ക്കാതെ തന്‍െറ നിലപാട് എന്താണെന്ന വ്യക്തമായ സന്ദേശമാണ് സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ക്ക് നല്‍കിയത്. പി. മോഹനന്‍െറ അറസ്റ്റില്‍ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്‍െറ നിലപാടിനെ കാരാട്ട് പിന്തുണച്ചതിനുള്ള മുന്നറിയിപ്പായും ഇതിനെ കണക്കാക്കാം.
ഫസല്‍, ഷുക്കൂര്‍, ടി.പി വധങ്ങള്‍ക്ക് പകരം കെ. സുധാകരനെതിരായ വെളിപ്പെടുത്തല്‍ ചര്‍ച്ചയാക്കാമെന്ന് നേതൃത്വത്തിന്‍െറ കണക്കുകൂട്ടല്‍ കൂടിയാണ് ഇതോടെ തെറ്റിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com