ഉസ്താദ് ഹോട്ടല്‍: ഒരു കോഴിക്കോടന്‍ വീരഗാഥ

ഉസ്താദ് ഹോട്ടല്‍: ഒരു കോഴിക്കോടന്‍ വീരഗാഥ

സത്യത്തില്‍ ഉസ്താദ് ഹോട്ടല്‍ ഉത്തരാധുനിക മലയാള സിനിമ അഥവാ ന്യൂവേവ് മല്ലുമൂവിസ് എന്നറിയപ്പെടുന്ന നവജാതശിശുവിന്റെ സര്‍വവ്യാപിത്വത്തിന് ആപ്പ് വച്ചിരിക്കുകയാണ്.കാരണം ഉസ്താദ് ഹോട്ടല്‍ വളരെ മനോഹരമായ ഒരു സിനിമയാണ്,സോകോള്‍ഡ് പുതുതലമുറ കറിക്കൂട്ടുകളൊന്നുമില്ലാതെതന്നെയും.
മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണ് എന്ന തേഞ്ഞമര്‍ന്ന വാഗ്പ്രയോഗത്തില്‍ നിന്ന് പ്രേക്ഷകരുടെ കാതുകള്‍ മുക്തമായിട്ട് അധികനാളുകളൊന്നും ആയിട്ടില്ല.എല്ലാ വ്യാധികള്‍ക്കുമുള്ള ഒറ്റമൂലിയായി ന്യൂജെനറേഷന്‍ സിനിമളെന്നു വിളിക്കപ്പെടുന്നവയെ ഉയര്‍ത്തിക്കാണിക്കുന്നവരുടെ നാടാണ് കേരളം .പക്ഷെ എന്താണ് സത്യത്തില്‍ ന്യൂവേവ് അല്ലെങ്കില്‍ ന്യൂജെനറേഷന്‍ എന്ന് ചോദിച്ചാല്‍,വേശ െശ െവേമ േ,വേമ േശ െവേശ െഎന്ന് തുടങ്ങുന്ന ഉത്തരത്തിന്റെ തുടര്‍ച്ചയില്‍ നായകനാല്‍ ഉമ്മവെക്കപ്പെടുന്ന നായികയും,നായകനാല്‍ പറ്റിക്കപ്പെടുന്ന നായികമാരും,പണത്തിന് മീതെ പരുന്തും പറക്കില്ല എന്ന ആപ്തവാക്യവും കടന്നുവരും.എന്നാല്‍ ഇത്തരം ഒരു മാറിനടത്തം മോശമാണോ .അല്ല.ഇത്തരം ഒരു മാറിനടത്തം മാത്രമാണോ മലയാളം സിനിമയിലെ അവസാന മാറ്റം?അതും അല്ല.കാരണം എന്തെല്ലാം വന്നാലും ഏതെല്ലാം പോയാലും സിനിമ സിനിമയായി തന്നെതുടരും എന്ന തിരിച്ചറിവാണ് പ്രധാനമാറ്റമായി ഉയര്‍ത്തിക്കാണിക്കേണ്ടത്.തീര്‍ച്ചയായും അതുതന്നെയാണ് ഉസ്താദിന്റെ ഹോട്ടലും വിളിച്ചുപറഞ്ഞത്.നമുക്ക് ഹോട്ടല്‍ മെനുവിലേക്ക് പോകാം.

അന്‍വര്‍ റഷീദിന് ഒരുകുതിരപ്പവന്‍

ഇദ്ദേഹം മൂന്നു വര്‍ഷം മുമ്പാണ് അവസാന സിനിമയായ അണ്ണന്‍ തമ്പി സംവിധാനം ചെയ്തത്.അതിന് മുന്‍പ് രാജമാണിക്യവും,ചോട്ടാ മുംബൈയും ചെയ്തു എന്നത് ചരിത്രം.അണ്ണന്‍ തമ്പിക്ക് ശേഷം കേരളത്തിലെ കൊട്ടകകളിലൂടെ ഒരുപാട് സിനിമകള്‍ കുത്തിയൊലിച്ച് പോയി.കാഴ്ചപ്പാടുകളുടെ കലക്കവെള്ളം തെളിഞ്ഞ് സപ്തവര്‍ണങ്ങളില്‍ പുത്തനാശയങ്ങള്‍ പൊങ്ങിവന്നു.താരാധിപത്യം അസ്തമിച്ചു.കുത്തക നിര്‍മാണക്കമ്പനികള്‍ക്ക് സാക്ഷവീണു.സംവിധായകന്‍ നായകനും നായകര്‍ സംവിധായകന്റെ കയ്യിലെ പണിയായുധവും ആയിമാറി.അതുകൊണ്ടുതന്നെ മമ്മൂട്ടി ഇരട്ടവേഷത്തിലഭിനയിച്ച ചിത്രത്തിന് ശേഷം താരപ്പൊലിമകളൊന്നുമില്ലാതെ ഒരു പുതുതലമുറാതാരങ്ങളുമായി അന്‍വര്‍ ചേരുമ്പോള്‍ അദ്ദേഹം ഏത് ചേരി തെരഞ്ഞെടുക്കും എന്നത് കഴിഞ്ഞ കുറച്ച് മാസങ്ങളിലെ എഅഝ ആയിരുന്നു.പക്ഷെ ഇത്തരം ചോദ്യങ്ങളെ എല്ലാം അപ്രസക്തമാക്കി ഒരു മികച്ച പടം തിയറ്ററിലെത്തിക്കുക എന്ന ഒരു സംവിധായകന്റെ പരമപ്രധാനമായ കര്‍ത്തവ്യം നിര്‍വഹിക്കുകമാത്രമാണ് അന്‍വര്‍ റഷീദ് ചെയ്തത്.സിനിമയില്‍ തിലകന്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്- ''ഭക്ഷണം കഴിക്കുന്നവന്റെ വയറുനിറക്കാന്‍ ആര്‍ക്കും സാധിക്കും എന്നാല്‍ മനസ്സ് നിറക്കാന്‍ എല്ലാവര്‍ക്കും കഴിയില്ല.'' സത്യമാണ്.വൈറല്‍പബ്ലിസിറ്റിയിലൂടെയും മറ്റ് ന്യൂജെന്‍ പ്രചരണ മാര്‍ഗ്ഗങ്ങളിലൂടെയും തിയറ്ററുകള്‍ കുത്തിനിറച്ച് നിര്‍മാതാവിന്റെ ബാങ്ക് അക്കൊണ്ട് നിറക്കാന്‍ പലര്‍ക്കും കഴിയും പക്ഷെ വരിന്നിന്ന് ടിക്കെറ്റെടുത്ത് പടം കാണുന്നവന്റെ മനസ്സ് നിറക്കാന്‍ എല്ലാവര്‍ക്കുംകഴിയില്ല.ദം പൊട്ടിക്കുമ്പോള്‍ അങ്ങാടിയില്‍ മണം പരത്തുന്ന അസ്സല്‍ കോഴിക്കോടന്‍ ബിരിയാണി തന്നെയാണ് ഉസ്താദ് ഹോട്ടലില്‍ വിളമ്പിയിരിക്കുന്നത്.

എക്കാലത്തേയും മികച്ച മലയാളസിനിമാപട്ടികയില്‍

ഉസ്താദ് ഹോട്ടലിന് ഇടം കിട്ടിയതെന്തുകൊണ്ട്?

പുരുഷകേന്ദ്രീകൃത സിനിമാ ലോകത്ത് അഞ്ജലിമേനോന്‍ എന്ന വനിത എഴുതിയ പഴുതുകളടച്ച തിരക്കഥയാണ് ഇതിലെതാരം.കോഴിക്കോടന്‍ ബിരിയാണികഴിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരാശയം മനസ്സിലുദിച്ചത് എന്ന് അഞ്ജലി പറഞ്ഞിട്ടുണ്ട്.കോഴിക്കോട്ടങ്ങാടിയിലെ മൂന്ന് തലമുറകളുടെ കഥയാണ് ഉസ്താദ് ഹോട്ടല്‍ രണ്ടു മണിക്കൂര്‍ മുപ്പത് മിനുറ്റ് പത്തു സെക്കന്റില്‍ പറഞ്ഞുതരുന്നത്.കോഴിക്കോട് കടപ്പുറത്ത് ഉസ്താദ് ഹോട്ടല്‍ നടത്തുന്ന കരീംക്ക എന്ന തിലകനും അച്ഛന്റെ വെപ്പുപണിയില്‍ അഭിമാനക്ഷതം കാണുന്ന കോടീശ്വരനായ മകന്‍ റസാക്ക് എന്ന സിദ്ദീക്കും,വെപ്പുകാരന്റെ പുതുതലമുറാനാമധേയമായ ഷെഫ് ആകാന്‍ കൊതിക്കുന്ന മൂന്നാംതലമുറയിലെ ഫൈസല്‍ എന്ന ദുല്‍ക്കര്‍ സല്‍മാനും സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ കയ്യിലെ ഉരുകിയ മെഴുക്കായി മാറിയപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചത് എക്കാലത്തേയും മികച്ച സിനിമകളൊന്നിനെയാണ്.
നാലു പെണ്മക്കള്‍ക്ക് ശേഷം ജനിക്കുന്ന ആണ്‍തരിയായ ഫൈസലിനെ തന്നെ പോലെ ലോകം അറിയുന്ന ഒരു ബിസിനസ് കാരനാക്കിമാറ്റാന്‍ ആഗ്രഹിക്കുന്ന റസാക്കിനെ തള്ളിപ്പറഞ്ഞാണ് ആ മകന്‍ തന്റെ സ്വന്തം വഴി തിരഞ്ഞെടുത്തത്.അഞ്ചുരൂപകിട്ടിയാല്‍ പത്തു പേര്‍ക്ക് ഗുണം ചെയ്യണമെന്നാഗ്രഹിക്കുന്ന കരീംക്കയും അഞ്ചുകിട്ടിയാല്‍ പത്താക്കിപ്പെരുപ്പിക്കണമെന്ന് കൊതിക്കുന്ന മകന്‍ റസാക്കിന്റേയും ഇടയില്‍ തലമുറകളെ കുരുക്കുന്ന ഇളമുറക്കാരനാണ് ഫൈസല്‍.അച്ഛന്റെ കയ്യില്‍ നിന്നും നേടുന്ന പണക്കണക്കുകളേക്കാല്‍ ഒരു തൂക്കം മുന്നിലാണ് മുത്തച്ഛന്റെ മനക്കണക്കുകള്‍ എന്ന തിരിച്ചറിവ് ഫൈസല്‍ നേടുന്നതിലൂടെയാണ് ചിത്രം മുന്നേറുന്നത്.അജിനോമോട്ടോ ഇല്ലാതെ എങ്ങനെ ആഹാരം പാകം ചെയ്യാം എന്നും വയറിനൊപ്പം മനസും നിറക്കുന്ന അപൂര്‍വ മാലബാറി കറിക്കൂട്ടുകളെയുമാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ നമുക്ക് കണിച്ചുതരുന്നത്.സ്വന്തം മനസ്സിനെ മാത്രം പിന്തുടരുക എന്ന മിസ്റ്റിക്ക് സങ്കല്‍പ്പത്തിലധിഷ്ഠിതമാണ് തിരക്കഥാകൃത്തിന്റെ ഒരോ വാക്കുകളും .കൂടാതെ ലോകനാഥന്റെ മാജിക്കല്‍ ഫ്രൈമുകളും ചീത്തപ്പേരുകളെ തച്ചുടച്ച ഗോപീസുന്ദറിന്റെ മാസ്റ്റര്‍ പീസ് സംഗീത നുറുങ്ങുകളും കോഴിക്കോട് കടപ്പുറത്ത് നടക്കാനിറങ്ങിയപ്പോള്‍ എക്കാലത്തേയും മികച്ച മലയാളസിനിമാപട്ടികയില്‍ ഉസ്താദ് ഹോട്ടലിന് ഇടം കിട്ടി.

കിസ്മത്തും ജന്നത്തും പിന്നെ ഒരു സുലൈമാനിയും

ഐറ്റം നമ്പറുകളില്ല,പഞ്ച് ഡയലോഗുകളില്ല,നായകന്‍ വേട്ടയാടാന്‍ ഇറങ്ങുന്നില്ല,നായികയുടെ കണ്ണുകളില്‍ ഒരു ഇരയുടെ പിടച്ചിലുകളില്ല.പക്ഷെ മുന്‍പെങ്ങും കാണാത്തവിധം ഈ ചിത്രത്തില്‍ നന്‍മയുടെ ഒരു പരിലാളന ഉണ്ട്.ഇതുകൊണ്ടുതന്നെ സോകോള്‍ഡ് ന്യുജെനറേഷന്‍ ബ്ലോക്ക് ബസ്റ്ററുകളുടെ കൂട്ടത്തില്‍ ഇതിനെ ഉള്‍ക്കൊള്ളിക്കാനാവില്ല.ഉസ്താദ് ഹോട്ടല്‍ സ്വന്തം വഴി വെട്ടിയുണ്ടാക്കിയിരിക്കുന്നു.ദുല്‍ക്കറും നിത്യാമേനോനും മാമുക്കോയയും തങ്ങളുടെ വേഷങ്ങള്‍ നിര്‍മലമായി ചെയ്തു തീര്‍ത്തിട്ടുണ്ട്.സൂഫി ടച്ചുള്ള കഥാപാത്രത്തെ തിലകന്‍ എല്ലാ വിലക്കുകളെയും വെല്ലുവിളിച്ച് അതിഗംഭീരമാക്കിയിരിക്കുന്നു.കയ്യിലൊതുങ്ങാത്ത മകന്‍ അകന്നുപോയപ്പോള്‍ താനറിഞ്ഞ ലോകത്തിന്റെ നന്‍മകള്‍ പകര്‍ന്നു നല്‍കാന്‍ കരീമിന് ലഭിച്ചത് പേരമകന്‍ ഫൈസലിനെയാണ്.ലണ്ടനിലെ എക്സിക്യൂട്ടീവ് ഷെഫ് പണിയേക്കാള്‍ മഹത്തരവും ആനന്ദദായകവുമാണ് ഭൂമിയില്‍ കാലുറപ്പിച്ച് ലോകത്തെമുഴുവനായി സ്നേഹിക്കുന്നു എന്ന് വിളിച്ച് പറയുന്നതെന്ന് ഫൈസല്‍ തിരിച്ചറിയുന്നുണ്ട് ഈ ചിത്രത്തില്‍.കറിക്കൂട്ടുകളെല്ലാം കൃത്യമായിചേര്‍ത്ത് ആവശ്യത്തിന് ഉപ്പു വിതറി തീന്‍മേശയിലെത്തുന്ന തികവാര്‍ത്ത ഭക്ഷണത്തോടാണ് ജീവിതത്തെ ഈ പടം ഉപമിക്കുന്നത്.തികച്ചും ഒരു മിസ്റ്റിക്ക് ചിത്രമാണ് ഇത്.അങ്ങനെ കിസ്മത്തും ജന്നതും സുലൈമാനിയും കരീംക്കയും പിന്നെ ഉസ്താദ് ഹോട്ടലും ചിലസത്യങ്ങളായി നമ്മുടെ മനസ്സില്‍ പതിയുന്നു.സാമൂഹിക പ്രതിബദ്ധതയുടെ കപട കവചമൊന്നുമില്ലാതെ,കവല പ്രസംഗങ്ങള്‍ മേമ്പൊടിയാക്കാതെ ഒരു ശക്തമായ ഒരാശയം ഈ ചിത്രം പ്രേക്ഷകരുടെ മനസ്സില്‍ പാകം ചെയ്യും എന്നതിന് ഒരു സംശയവുമില്ല.അതുകൊണ്ടു തന്നെയാണ് ഈ ലേഖനത്തില്‍ കഥയെക്കുറിച്ചോ കഥാപാത്രങ്ങളുടെ സഞ്ചാരവഴികളെക്കുറിച്ചോ പറഞ്ഞ് ചിത്രത്തിന്റെ കൗതുകം തകര്‍ക്കാത്ത്.മുന്‍വിധികളൊന്നുമില്ലാതെത്തന്നെ ഈ ചിത്രത്തെ സമീപിക്കുക.വീണ്ടുംകരീംക്കയുടെ വാക്കുകളെ കടമെടുത്താല്‍- സുലൈമാനിയുടെ സ്വാദ് കുടിക്കുന്നവന്റെ മനസ്സിലാണ്.അതായത് every sulaimani needs a bit of mohabbath in it.....


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus