12:30:26
18 May 2013
Saturday
Facebook
Twitter
Rssfeed

ഒരുവര്‍ഷമായി അഞ്ചല്‍ സ്വദേശി സൗദി ജയിലില്‍

കൊല്ലം: വാഹനാപകട കേസില്‍ പെട്ട് ഒരുവര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന അഞ്ചല്‍ ആയിരംമൂട്ടില്‍ സ്വദേശി സിറാജുദ്ദീന്‍െറ മോചനത്തിന് അധികൃതര്‍ ഇടപെടണമെന്ന് സഹായസമിതി ഭാരവാഹികളും കുടുംബാംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നാലുവര്‍ഷം മുമ്പാണ് സിറാജുദ്ദീന്‍ ഹൗസ് ഡ്രൈവറായി സൗദി യില്‍ പോയത്. സ്പോണ്‍സര്‍ ഇദ്ദേഹത്തെ മറ്റൊരു കമ്പനിക്ക് കൈമാറുകയും കമ്പനി ഇദ്ദേഹത്തെ പല വീടുകളിലും ജോലിക്കയക്കുകയുമായിരുന്നു. ലബനീസ് കുടുംബത്തിന്‍െറ ഡ്രൈവറായി ജോലി നോക്കുന്നതിടെ 2011 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. സിറാജുദ്ദീന്‍െറ കാറിന് പിന്നില്‍ സൗദി സ്വദേശിയുടെ കാര്‍ ഇടിച്ചതിനെതുടര്‍ന്ന് മുന്നിലുണ്ടായിരുന്ന പാകിസ്താന്‍ സ്വദേശിയുടെ കാറില്‍ ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തുവെച്ച് തൊഴിലുടമയെ അറിയിച്ചപ്പോള്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് തൊഴിലുടമയുടെ വീട്ടില്‍ ഒളിവില്‍ കഴിയവെ അഞ്ച് ദിവസങ്ങള്‍ക്കുശേഷം ട്രാഫിക് പൊലീസിന് പിടികൊടുക്കാനും അപകടം തന്‍െറ തെറ്റുകൊണ്ടല്ളെന്ന് സമ്മതിക്കാനും പറഞ്ഞു.
നിരപരാധിത്തം തെളിഞ്ഞാല്‍ മാപ്പ് കിട്ടുമെന്നാണ് തൊഴിലുടമ പറഞ്ഞത്. തുടര്‍ന്ന് കീഴടങ്ങിയ സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയുമായിരുന്നു. പിന്നീട് ജാമ്യത്തിലിറക്കാന്‍ സ്പോണ്‍സറോ കമ്പനിയോ ഒന്നും ചെയ്തില്ല. വാഹനത്തിന്‍െറ കേടുപാടുകള്‍ സംഭവിച്ച ഇനത്തില്‍ സൗദി സ്വദേശിക്ക് 63000 റിയാലിന്‍െറ നഷ്ടപരിഹാരം നല്‍കാന്‍ ട്രാഫിക് ട്രൈബ്യൂണല്‍ വിധി വന്നു. പാകിസ്താന്‍ സ്വദേശിയുടെ കാറിന്‍െറ നഷ്ടപരിഹാരം കൂടി കൂട്ടുമ്പോള്‍ ഒരു ലക്ഷത്തോളം റിയാല്‍ നഷ്ടപരിഹാരം വരുമെന്നാണ് സൂചന. വൃദ്ധമാതാവും ഭാര്യയും ബി.കോമിനും പ്ളസ്വണ്ണിനും ആറിലും പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്നതാണ് സിറാജുദ്ദീന്‍െറ കുടുംബം. കുടുംബത്തിന്‍െറ ഏക ആശ്രയമാണ് ഇയാള്‍. ഇവരുടെ ബന്ധുക്കള്‍ സൗദിയിലില്ല. ഇത്രയും തുക കുടുംബത്തിന് അപ്രാപ്യമാണ്. സൗദിയിലെ ചില സംഘടനകള്‍ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹാരമായിട്ടില്ല.
നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സഹായസമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, മന്ത്രിമാരായ ഇ.അഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെക്കണ്ട് മോചനത്തിന് സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. സഹായസമിതി ഭാരവാഹികളായ ഇര്‍ഷാദ് അഞ്ചല്‍, റെജി തടിക്കാട്, അബ്ദുല്‍ അസീസിന്‍െറ ഭാര്യ റഷീദാബീവി, മാതാവ് മൈതീന്‍ബീവി, മക്കള്‍ അന്‍സാന, ഷയാന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com