കൊല്ലം: പാര്‍വതി മില്ലിന് പ്രതാപത്തിന്‍െറ നല്ലനാളുകളിലേക്കുള്ള മടക്കയാത്രക്ക് കടമ്പകളേറെ. സ്വകാര്യമേഖലയുമായി സഹകരിച്ച് നവീകരണം നടപ്പാക്കാനുള്ള നാഷനല്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍െറ (എന്‍.ടി.സി) ശ്രമങ്ങള്‍ നിയമക്കുരുക്കില്‍ അകപ്പെട്ടതാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിന് കാരണം. സ്വകാര്യ പങ്കാളിത്തത്തോടെ പുനരുദ്ധരിക്കാനുള്ള തീരുമാനത്തിന്‍െറ ഭാഗമായി ക്വട്ടേഷന്‍ നല്‍കിയെങ്കിലും തൊഴിലാളി യൂനിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റി. ഇതോടെ ക്വട്ടേഷന്‍ നല്‍കിയവര്‍ കോടതിയെ സമീപിച്ചു. കേസ് തീര്‍പ്പാവാതെ നവീകരണത്തിന് കഴിയില്ളെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാറും എന്‍.ടി.സിയും. മികച്ച തുണിത്തരങ്ങളുടെ ഉല്‍പാദനത്തിലൂടെ ടെക്സ്റ്റൈല്‍ രംഗത്ത് പതിറ്റാണ്ടുകളോളം ശക്തമായ സാന്നിധ്യമായിരുന്ന പാര്‍വതി മില്ലില്‍ 2008 നവംബറിലാണ് ഉല്‍പാദനം പൂര്‍ണമായി നിര്‍ത്തിയത്. 1970 കളില്‍ 1600 ലധികം തൊഴിലാളികളുണ്ടായിരുന്ന ഇവിടെ 117 പേര്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഭൂരിപക്ഷം ജീവനക്കാരും വി.ആര്‍.എസ് വാങ്ങി പോയി. സ്ഥാപന നടത്തിപ്പിലെ മാനേജ്മെന്‍റിന്‍െറ വീഴ്ചകളാണ് മില്ലിനെ പ്രതിസന്ധിയിലാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു.
ടെക്സ്റ്റൈല്‍ രംഗത്തെ മാറ്റങ്ങള്‍ക്കൊപ്പം പാര്‍വതി മില്ലില്‍ പരിഷ്കാരങ്ങള്‍ നടന്നില്ല. കാലാനുസൃതമായ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കാത്തതും ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണി കണ്ടത്തൊന്‍ ഇടപെടാത്തതും വെല്ലുവിളിയായി.
നഗരമധ്യത്തില്‍ 18 ഏക്കറോളം ഭൂമിയാണ് മില്ലിനുള്ളത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ യന്ത്രോപകരണങ്ങള്‍ ഉപയോഗശൂന്യമായി മാറി. നിലവിലെ കെട്ടിടങ്ങളും യന്ത്രങ്ങളും നീക്കി പുതിയവ സ്ഥാപിച്ചുവേണം നവീകരണം നടപ്പാക്കാന്‍. അതിനാല്‍ നവീകരണത്തിന് ചെലവേറും. പുതിയ യന്ത്രോപകരണങ്ങള്‍ ലഭ്യമാക്കിയും അനുബന്ധ സൗകര്യങ്ങളൊരുക്കിയും മില്ല് പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള കാത്തിരിപ്പും നീളും. വെള്ളിയാഴ്ച കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രി മില്‍ സന്ദര്‍ശിച്ചതും കേസ് തീര്‍പ്പായാല്‍ പുനരുദ്ധാരണം നടത്തുമെന്ന് പ്രഖ്യാപിച്ചതും തൊഴിലാളികള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്.
മില്ലിന്‍െറ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി മറ്റ് വികസന ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനുള്ള നീക്കങ്ങള്‍ സമീപകാലത്ത് നടന്നിരുന്നു. ബി.എസ്.എഫ് പരിശീലന കേന്ദ്രത്തിന് ഇവിടെ സ്ഥലപരിശോധന നടത്തിയെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. നഗരമധ്യത്തില്‍ റെയില്‍വേ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭൂമി സ്വന്തമായുള്ളത് പാര്‍വതി മില്ലിനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍