പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്ന സാഹചര്യം പരിഗണിച്ച് ജില്ലാ പഞ്ചായത്ത് കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു ജോര്‍ജ് അറിയിച്ചു.
ആരോഗ്യ മേഖലയില്‍ രോഗപ്രതിരോധ നടപടി ഊര്‍ജിതപ്പെടുത്തുന്നതിന്‍െറ ഭാഗമായി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും യുദ്ധകാലാടിസ്ഥാനത്തില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്‍റ് അഭ്യര്‍ഥിച്ചു.
പഞ്ചായത്തുകള്‍ക്ക് അനുവദിച്ച ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. ഹോമിയോ വിഭാഗത്തിന് ഒരു ലക്ഷം രൂപയും ആയുര്‍വേദ വിഭാഗത്തിന് വേണ്ടി വരുന്ന തുകയും ആവശ്യാനുസരണം നല്‍കും.ഡോക്ടര്‍മാരുടെ അപര്യാപ്തത പരിഹരിക്കുന്നതിന് മറ്റു ജില്ലകളില്‍ നിന്നും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും.
കിടത്തിച്ചികിത്സയുള്ള പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളില്‍ സൗജന്യമായി എ.പി.എല്‍, ബി.പി.എല്‍ ഭേദമെന്യേ ഭക്ഷണവിതരണം നടത്തും.
പനി ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്നും ജില്ലാ ആശുപത്രിയില്‍ പ്രത്യേകം പനി വാര്‍ഡുകള്‍ തുറന്ന് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരുടെ പേരും സമയവും എഴുതി സൂക്ഷിക്കണമെന്നുമുള്ള ജില്ലാ പഞ്ചായത്ത് അംഗം എസ്.ഹരിദാസിന്‍െറ അഭ്യര്‍ഥനയോഗം അംഗീകരിച്ചു.
പകര്‍ച്ചവ്യാധികളും മാലിന്യങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ച് പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സ്ഥിരംസംവിധാനവും പദ്ധതികളും നടപ്പാക്കണമെന്ന ജില്ലാ പഞ്ചായത്തംഗം സജി ചാക്കോയുടെ ആവശ്യം യോഗം അംഗീകരിച്ചു. ഇതിന്‍െറ ഭാഗമായി മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും തള്ളുന്ന ഭക്ഷ്യോല്‍പ്പാദക യൂനിറ്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.മാലിന്യങ്ങള്‍ സുരക്ഷിതമായി നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കാത്ത കോഴി ഫാമുകളുടെ ലൈസന്‍സ് റദ്ദാക്കും. നിര്‍ദേശങ്ങള്‍ പാലിക്കാത്ത കേറ്ററിങ് യൂനിറ്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വരും വര്‍ഷങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നതിന് മുമ്പുതന്നെ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
വെച്ചൂച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്ക് കിടത്തിച്ചികിത്സയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം യോഗം അംഗീകരിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡോ.സജി ചാക്കോ, എസ്.ഹരിദാസ്, ഗിരിജാകുമാരി, കോമളം അനിരുദ്ധന്‍, കെ.ജി.അനിത, ശ്രീലത രമേശ്, ഇലന്തൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സ്റ്റെല്ല തോമസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ടി.കെ.രാമചന്ദ്രന്‍ നായര്‍, എന്‍.ആര്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ പി.എന്‍.വിദ്യാധരന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ) ഡോ.ജി.രാജേന്ദ്രപ്രസാദ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആയൂര്‍വേദം) എം.ജെ.മറിയാമ്മ, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ.എല്‍.അനിതാകുമാരി, ഡോ.ടി.അനിതാകുമാരി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍