ഒരു സ്ഥാപനത്തിന്‍െറ വിശ്വാസ്യത അതിന്‍െറ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുമാണ്. കോട്ടയം ലൈബ്രറിയുടെ റിപ്പോര്‍ട്ടുകള്‍ ഏറെ വിചിത്രവും പൊരുത്തക്കേടുകള്‍ നിറഞ്ഞതുമാണെന്ന് കാണാനാവും. 8237 അംഗങ്ങളുള്ള ലൈബ്രറിയിലെ അവസാന പൊതുയോഗത്തില്‍ 104 അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ക്വോറം തികയാത്തതിന്‍െറ പേരില്‍ ഇറങ്ങിപ്പോയ പകുതിയോളം പേരില്‍ ബാക്കിയുള്ളവരെ പങ്കെടുപ്പിച്ച് ഭരണഘടനാഭേദഗതിപോലും നടപ്പാക്കിയ വിചിത്ര നടപടി ഒരു പക്ഷേ ഇവിടത്തെ മാത്രം പ്രത്യേകതയാണ്.
25വര്‍ഷത്തിനുള്ളില്‍ എട്ട് വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ഇറക്കിയിട്ടുള്ളത്. അതില്‍ 1991 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ ഒന്നിച്ചിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടുകളാണ് അധികവും. 2001 ല്‍ ഇറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇതൊരു സ്വകാര്യ സ്ഥാപനമാണെന്നു പറയുകയും അതേ റിപ്പോര്‍ട്ടില്‍ തന്നെ ലക്ഷങ്ങള്‍ സര്‍ക്കാര്‍ ഗ്രാന്‍റായിവാങ്ങിയ കാര്യം എടുത്തു പറയുകയും ചെയ്യുന്നുണ്ട്. അടുത്തകാലത്തുമാത്രം പ്രസിദ്ധീകരണം തുടങ്ങിയ ആനുകാലികങ്ങള്‍പോലും വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈബ്രറിയില്‍ കിട്ടിത്തുടങ്ങിയതായി ചില റിപ്പോര്‍ട്ടുകളില്‍ വായിച്ചെടുക്കാം.
2005 ലെ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ അടുത്തകാലത്ത് പ്രസിദ്ധീകരിച്ചു തുട ങ്ങിയ ‘ഡെക്കാണ്‍ ക്രോണിക്കിള്‍’ പത്രം പോലും അതേവര്‍ഷം മുതല്‍ ഇവിടെ ലഭിച്ചു തുടങ്ങിയതായി കാണാം. വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ അടുത്തകാലത്ത് ഒന്നിച്ച് തയാറാക്കിയതാണെന്നതിന് അതുമാത്രം മതി തെളിവ്. 2005- 06 , 2006- 07 വര്‍ഷങ്ങളിലെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ക്കൊപ്പം കണക്കുകള്‍ ഇല്ല.‘പയനിയര്‍’ പത്രമടക്കം നിലവില്‍ പ്രസിദ്ധീകരിക്കാത്ത ആനുകാലികങ്ങള്‍ പോലും ഇവിടെ വരുത്തുന്നതായി റിപ്പോര്‍ട്ടുകളില്‍ കാണാം.2010-11വര്‍ഷത്തെ കണക്കുകളില്‍ 1.25 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ വാങ്ങിയതായി പറയുന്നുണ്ട്. എന്നാല്‍, ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ടില്‍ ഈ തുകയെക്കുറിച്ചോ കണക്കുകളെപ്പറ്റിയോ പരാമര്‍ശമില്ല.
ആര്‍ക്കും വേണ്ടാത്ത പുസ്തകങ്ങള്‍ വാങ്ങാനുള്ള ഇടമായും ലൈബ്രറി മാറി. കാലഹരണപ്പെട്ടതും വിറ്റഴിയാത്തതുമായ പുസ്തകങ്ങള്‍ വിതരണക്കാരന്‍ കമീഷന്‍ കഴിച്ചുള്ള തുക വാങ്ങിയാണ് ലൈബ്രറിക്ക് നല്‍കുന്നത്. ലൈബ്രറി കൗണ്‍സിലിന്‍െറ പരിശോധനക്ക് മുന്നോടിയായി തിരക്കിട്ട് പുസ്തകങ്ങള്‍ വാങ്ങി അതിനുള്ള യോഗ്യത നേടുകയാണ് ചെയ്യുന്നത്.ലൈബ്രറി കെട്ടിടത്തിന്‍െറ നാലിലൊന്ന് ഭാഗം മാത്രമാണ് പുസ്തകങ്ങള്‍ സൂക്ഷിക്കാനും വിതരണത്തിനും വിനിയോഗിക്കുന്നത്. ബാക്കി ഭാഗം വാടകക്ക് നല്‍കിയിരിക്കുകയാണ്.
ഇഗ്നോ വൈസ് ചാന്‍സലര്‍ ഡോ. വി.എന്‍. രാജശേഖരന്‍ പിള്ള ഉദ്ഘാടനംചെയ്ത ഇഗ്നോയുടെ ക്ളാസ് റൂമുകള്‍ പ്രവര്‍ത്തിച്ചിരുന്ന മുറി സി.പി.ഡബ്ള്യു.ഡി ക്ക് വാടകക്ക് നല്‍കുകയും പിന്നീട് പുസ്തക ഷെല്‍ഫുകള്‍ സ്ഥിതിചെയ്യുന്നിടത്തേക്ക് ക്ളാസ് മുറികള്‍ മാറ്റുകയും ചെയ്തു. ഇത് ലൈബ്രറിക്ക് നിരവധി പുസ്തകങ്ങള്‍ നഷ്ടമാകാന്‍ കാരണമായി. ലൈബ്രറിക്ക് 1991ല്‍ 1,38,443 പുസ്തകങ്ങള്‍ സ്വന്തമായുണ്ടായിരുന്നു. 2005 ല്‍ ഇത് 1,19,103 ആയി കുറഞ്ഞു. കുട്ടികളുടെ ലൈബ്രറിയിലെ പുസ്തകങ്ങളുടെ എണ്ണം കൂടി ഉള്‍പ്പെടുത്തി 2010-11ല്‍ വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കി. ഇതുപ്രകാരം ആകെ പുസ്തകത്തിന്‍െറ എണ്ണം 1,52,927. മുന്‍കാലങ്ങളിലെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ രണ്ടിടത്തെയും പുസ്തകങ്ങളുടെ എണ്ണം വെവ്വേറെയാണ് സൂചിപ്പിച്ചിരുന്നത്. ഇക്കുറി രണ്ടിടത്തെയും പുസ്തകങ്ങളുടെ എണ്ണം ഒന്നിച്ച് രേഖപ്പെടുത്തിയത് സംശയത്തിനിട നല്‍കിയിട്ടുണ്ട്. ഈ കാലഘട്ടത്തിനിടയില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ നിന്ന് ലഭിച്ച ഗ്രാന്‍റ് വിനിയോഗിച്ച് പുസ്തകങ്ങള്‍ വാങ്ങിയിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് സംഭാവനയായി ലഭിച്ച പുസ്തകങ്ങള്‍. ലൈബ്രറി തനതുഫണ്ട് ഉപയോഗിച്ചും എല്ലാവര്‍ഷവും പുസ്തകങ്ങള്‍ വാങ്ങാറുണ്ട്. അമ്പതിനായിരത്തിലധികം പുസ്തകങ്ങളുടെ കുറവ് പരിശോധന നടത്തിയാല്‍ കണ്ടത്തൊമെന്ന് അഭ്യുദയകാംക്ഷികള്‍ പറയുന്നു.
സൗജന്യമായി ലഭിച്ച പുസ്തകങ്ങള്‍ക്കുവേണ്ടി തുക ചെലവഴിച്ച ജാലവിദ്യയും ഇവിടെ അരങ്ങേറി. രാജാറാം മോഹന്‍റോയ് ഫൗണ്ടേഷന്‍ സൗജന്യമായി നല്‍കിയ പുസ്തകങ്ങള്‍ക്ക് വില നല്‍കിയതായാണ് വരവുചെലവ് കണക്കില്‍ ‘ചെലവ് കോളത്തില്‍' കാണിച്ചിട്ടുള്ളത്. ഈ തട്ടിപ്പ് വാര്‍ഷിക റിപ്പോര്‍ട്ട് തുറന്നാല്‍ കാണാം. 1978 ജനുവരിയില്‍ ലൈബ്രറിയില്‍ പുസ്തകങ്ങളുടെ സ്റ്റോക്കെടുത്തിരുന്നു. പിന്നീട് 2004 ഒക്ടോബറിലാണ് സ്റ്റോക്കെടുത്തത്. എല്ലാ വര്‍ഷവും സ്റ്റോക്ക് വിലയിരുത്താറില്ല.
ഒന്നരലക്ഷം പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന ലൈബ്രറിയില്‍ 13വര്‍ഷമായി ലൈബ്രേറിയനും ഡെപ്യൂട്ടി ലൈബ്രേറിയനും റഫറന്‍സ് ലൈബ്രേറിയനും അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമില്ല.1977ല്‍ 18ജീവനക്കാരുണ്ടായിരുന്നത് 2011 ആയപ്പോള്‍ എട്ട് സ്ഥിരം ജീവനക്കാരായി കുറഞ്ഞു. ജീവനക്കാരുടെ നിരവധി പരാതികളാണ് കോടതിയിലടക്കം പരിഹാരം കാത്തുകഴിയുന്നത്. അതേസമയം, അറുപതാം വയസ്സില്‍ ലൈബ്രറി അസിസ്റ്റന്‍റായി വിരമിച്ചയാള്‍ക്ക് അസിസ്റ്റന്‍റ് ലൈബ്രേറിയനായി പ്രമോഷന്‍ നല്‍കി ഞെട്ടിച്ചു. എഴുപതാം വയസ്സിലും ഇദ്ദേഹം തന്‍െറ സേവനം തുടരുന്നു.
ടൈപ്പിസ്റ്റാണ് ഇപ്പോള്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുടെ ചുമതല വഹിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ക്ക് വേണ്ട യോഗ്യത ബിരുദമാണ്. ഇവിടെ യോഗ്യതാ മാനദണ്ഡം പോലും പാലിച്ചിട്ടില്ല. അഞ്ചുവര്‍ഷത്തിനുള്ളില്‍ നിരവധി താല്‍ക്കാലിക ജീവനക്കാരാണ് മനം നൊന്ത് രാജിവെച്ചത്. ജീവനക്കാരെ തല്ലി പുറത്താക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഒരു മുന്‍ സെക്രട്ടറിയുടെ വീടുപണി ചെയ്തു മടുത്ത ജീവനക്കാരന് പി.എഫ് തുക പോലും ലഭിക്കാതാക്കിയാണ് പുറത്താക്കിയത്. ഗാന്ധി സെന്‍റര്‍ ഫോര്‍ റൂറല്‍ ഡെവലപ്മെന്‍റും ലൈബ്രറിയും സംയുക്തമായിനടത്തിയ സ്വദേശി സൂപ്പര്‍മാര്‍ക്കറ്റില്‍ ഇതേ സെക്രട്ടറിയും സ്വദേശി പ്രവര്‍ത്തകരും നടത്തിയ ക്രമക്കേടുകള്‍ വെളിച്ചത്താവുകയും മാര്‍ക്കറ്റ് നഷ്ടമായത് ജീവനക്കാരില്‍ പഴി ചാരി 40000രൂപ ജീവനക്കാരുടെ വേതനത്തില്‍ നിന്ന് ഈടാക്കുകയും ചെയ്തു. വനിതാ ജീവനക്കാരെ രാത്രി വൈകിയും ജോലിചെയ്യാന്‍ നിര്‍ബന്ധിക്കുക, രണ്ടു വര്‍ഷക്കാലം വേതനം നല്‍കാതെ ഓവര്‍ടൈം ജോലി ചെയ്യിക്കുക എന്നിങ്ങനെ ജീവനക്കാരുടെ പരാതികള്‍ നിരവധിയാണ്.
പത്രപരസ്യമോ പരീക്ഷയോ ഇന്‍റര്‍വ്യൂവോ നടത്താതെയുള്ള ആശ്രിതനിയമനം, ജീവനക്കാരുടെ എണ്ണം, തസ്തിക ഡ്യൂട്ടി അലോക്കേഷന്‍ ചാര്‍ട്ട് എന്നീ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള രീതികള്‍, ഒരേ തസ്തികയില്‍ ഒരേ യോഗ്യതയുള്ളവര്‍ക്കുപോലും വ്യത്യസ്ത ശമ്പളം, ലൈബ്രറി പ്രസിഡന്‍റും സെക്രട്ടറിയും ഭാരവാഹികളായുള്ള ലൈബ്രറിക്കു പുറത്തെ സംഘടനകളുടെ ജോലികള്‍ ചെയ്യിക്കല്‍, ഇത്തരം സംഘടനകളുടെ നേതാക്കള്‍ക്ക് ലൈബ്രറി ജീവനക്കാരെ ഭരിക്കാനുള്ള അവകാശം എന്നിങ്ങനെ അടിമത്ത സ്വഭാവത്തിലുള്ള സമീപനങ്ങളാണ് ജീവനക്കാരുടെ മേല്‍ നടപ്പാക്കുന്നത്.ലൈബ്രറിയുടെ ഫോണും ഫോട്ടോസ്റ്റാറ്റ് മെഷീനും ഇത്തരം സംഘടനകളുടെ ആവശ്യത്തിനാണ് ഏറെയും ഉപയോഗിക്കുന്നത്. മാനേജിങ് കമ്മിറ്റിയില്‍ ജീവനക്കാരുടെ പ്രതിനിധികളാരുമില്ല.
(തുടരും)
നിങ്ങളുടെ അഭിപ്രായങ്ങള്‍