12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

ആലപ്പുഴയിലെ ഹോട്ടലുകളില്‍ റെയ്ഡ്; കണ്ടത്തെിയത് ദിവസങ്ങള്‍ കഴിഞ്ഞ ഭക്ഷണം

ആലപ്പുഴ: പനിയും ആരോഗ്യ പ്രശ്നങ്ങളും വ്യാപകമാകുന്നതിനിടയില്‍ ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി നഗരത്തിലെ ഹോട്ടലുകള്‍. വന്‍കിട-ചെറുകിട ഭേദമില്ലാതെ ഹോട്ടലുകളില്‍ വിളമ്പുന്നത് പഴക്കംചെന്ന ഭക്ഷണ സാധനങ്ങള്‍. നഗരസഭയുടെ കീഴിലുള്ള ആരോഗ്യവിഭാഗം പേരിനുമാത്രം റെയ്ഡിനിറങ്ങുമ്പോള്‍ പോലും കണ്ടത്തെുന്നത് ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍.
വെള്ളിയാഴ്ച ആലപ്പുഴ നഗരസഭയുടെ ആരോഗ്യ വിഭാഗം സൗത് സര്‍ക്കിളില്‍ മാത്രം 25 സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഭൂരിഭാഗം കടകളില്‍നിന്നും പഴക്കം ചെന്ന ഭക്ഷണപദാര്‍ഥങ്ങള്‍ കണ്ടെടുത്തു. ചിക്കന്‍ ഫ്രൈ, ഫിഷ് ഫ്രൈ, ഫ്രൈഡ് റൈസ്, ബിരിയാണി, മീന്‍കറി, പൊറോട്ട തുടങ്ങി പഴക്കംചെന്ന നിരവധി ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. മിക്ക നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലുകളിലും വില്‍ക്കുന്നത് പഴക്കംചെന്ന ഭക്ഷണ പദാര്‍ഥങ്ങളാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. മാസങ്ങളോളം പഴക്കംചെന്ന എണ്ണയാണ് ഹോട്ടലുകളില്‍ പൊരിക്കാനും മറ്റും ഉപയോഗിക്കുന്നത്. ഇത് ഭീകരമായ ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നവയാണ്.
വെജിറ്റേറിയന്‍ ഹോട്ടലുകളും ഇക്കാര്യത്തില്‍ മോശമല്ല. ചില വെജിറ്റേറിയന്‍ ഹോട്ടലുകളില്‍നിന്ന് പഴകിയ സാമ്പാറും കടലക്കറിയും തൈരുമൊക്കെ പിടിച്ചെടുത്ത കൂട്ടത്തില്‍പെടും. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ആര്‍. അംബികാമ്മ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സന്ദേശ്, ജയകുമാര്‍, സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
ദിവസങ്ങള്‍ പഴക്കമുള്ള ചിക്കന്‍ ഫ്രൈയും ഫിഷ് ഫ്രൈയും മസാല ചേര്‍ത്ത് ചൂടാക്കി വില്‍ക്കുകയാണ് പല ഹോട്ടലുകളും ചെയ്യുന്നത്. ബാക്കിയാവുന്ന ഭക്ഷണം ഫ്രിഡ്ജില്‍ വെച്ച് അടുത്ത ദിവസം ചൂടാക്കി വില്‍പ്പന നടത്തുന്നതായി ആരോഗ്യവിഭാഗം കണ്ടത്തെി. ചോറുപോലും ഇങ്ങനെ അടുത്ത ദിവസത്തേക്ക് ഉപയോഗിക്കുന്നുണ്ട്. പൂപ്പല്‍ ബാധിച്ച പൊറോട്ടയും ചില കടകളില്‍നിന്ന് പിടിച്ചെടുത്തു. നഗരത്തില്‍ അഞ്ച് സര്‍ക്കിളുകളാണ് ഉള്ളത്. അതില്‍ സൗത് സര്‍ക്കിളിലെ റെയ്ഡില്‍ മാത്രം കണ്ടത്തെിയതാണ് ഇത്രയും. മറ്റ് സര്‍ക്കിളുകളില്‍ റെയ്ഡ് ശക്തമാക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, ജനറല്‍ ആശുപത്രി എന്നിവയുടെ പരിസരങ്ങളിലെ കടകളിലാണ് ഏറെ പഴക്കംചെന്ന സാധനങ്ങള്‍ വില്‍ക്കുന്നത്. വന്നുപോകുന്ന യാത്രക്കാരായതിനാല്‍ പരാതി പോലും ഉണ്ടാവില്ല എന്ന സൗകര്യത്തെ കച്ചവടക്കാര്‍ ചൂഷണം ചെയ്യുകയാണ്. ഈ ഭാഗങ്ങളില്‍ റെയ്ഡ് പോലും അപൂര്‍വമാണ് എന്നത് മറയാക്കിയാണ് ഹോട്ടലുകള്‍ തട്ടിപ്പ് നടത്തുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com