ദുബൈ: ദുബൈയില്‍ പിഴയില്ലാതെ എമിറേറ്റ്സ് ഐഡി രജിസ്ട്രേഷന്‍ നടത്താനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കും. ഈ സമയ പരിധിക്കകം രജിസ്റ്റര്‍ ചെയ്യാത്തവരില്‍നിന്ന് ഞായറാഴ്ച മുതല്‍ പിഴ ഈടാക്കും. ഒരു ദിവസത്തേക്ക് 20 ദിര്‍ഹം എന്ന നിരക്കിലാണ് പിഴ. ഒരു വ്യക്തിയില്‍നിന്ന് പരമാവധി 1,000 ദിര്‍ഹമാണ് ഈടാക്കുക.
ദുബൈയില്‍ പിഴയില്ലാതെ എമിറേറ്റ്സ് ഐഡി രജിസ്ട്രേഷന്‍ നടത്താനുള്ള സമയപരിധി മേയ് 31ന് അവസാനിപ്പിക്കുമെന്നാണ് അധികൃതര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഇതത്തേുടര്‍ന്ന് ജൂണ്‍ ഒന്ന് മുതല്‍ പിഴ ഈടാക്കുന്ന സംവിധാനം നിലവില്‍ വരുമെന്നായിരുന്നു നേരത്തേയുണ്ടായ അറിയിപ്പ്. പക്ഷേ, മേയ് 31 വരെ 90 ശതമാനം പേരാണ് രജിസ്റ്റര്‍ ചെയ്തത്.
രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ളവരില്‍ ബഹുഭൂരിഭാഗവും നിര്‍മാണ മേഖലയിലെയും മറ്റും തൊഴിലാളികളായിരുന്നു. ജോലി സംബന്ധമായും മറ്റുമുള്ള കാരണങ്ങളാലാണ് ഇതില്‍ പലര്‍ക്കും നിശ്ചിത സമയത്ത് രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കാത്ത അവസ്ഥയുണ്ടായത്. കുറഞ്ഞ വരുമാനക്കാരായ ഇവരെ സംബന്ധിച്ചിടത്തോളം ഒരു ദിവസത്തേക്ക് 20 ദിര്‍ഹം എന്ന തോതില്‍ പിഴ അടക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ടാകും. ഈ സാഹചര്യത്തില്‍, ഒരു മാസത്തെ സാവകാശം നല്‍കുന്നതിലൂടെ തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും അതുവഴി പിഴ അടക്കേണ്ട അവസ്ഥയില്‍നിന്ന് അവരെ ഒഴിവാക്കാനുമാണ് ജൂണ്‍ 30 വരെ സമയ പരിധി നീട്ടിയത്.
ദുബൈയില്‍ റസിഡന്‍സ് വിസയുള്ള എല്ലാവരും അവസരം ഉപയോഗപ്പെടുത്തി ശനിയാഴ്ചക്കകം രജിസ്ട്രേഷന്‍ നടത്തണം. ഇങ്ങനെ ചെയ്യാത്തവര്‍ ഞായറാഴ്ച മുതല്‍ പിഴ അടക്കേണ്ടിവരും.
അതേസമയം, രാജ്യത്തെ മുഴുവന്‍ വിദേശികളും അവരുടെ 15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ എമിറേറ്റ്സ് ഐഡി രജിസ്ട്രേഷന്‍ ഒക്ടോബര്‍ ഒന്നിന് മുമ്പ് നടത്തണമെന്ന വ്യവസ്ഥയില്‍ അധികൃതര്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം ഡിസംബര്‍ 31നകം വിസ കാലാവധി തീരുന്ന കുട്ടികളുടെ രജിസ്ട്രേഷന്‍, വിസ പുതുക്കുന്ന സമയത്ത് നടത്തിയാല്‍ മതി. രണ്ടു തവണ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ രക്ഷിതാക്കള്‍ക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാനാണ് ഈ നടപടി.
എന്നാല്‍, മറ്റു കുട്ടികളുടെ രജിസ്ട്രേഷന്‍ ഒക്ടോബര്‍ ഒന്നിന് മുമ്പ് നടത്തണം. ഈ തിയതിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്തില്ളെങ്കില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഇവര്‍ക്കും പിഴ ചുമത്തുമെന്ന് എമിറേറ്റ്സ് ഐഡന്‍റിറ്റി അതോറിറ്റി അറിയിച്ചു. ഈ വര്‍ഷം ഡിസംബര്‍ 31നകം വിസ കാലാവധി തീരുന്ന, 15 വയസിന് മുകളിലുള്ളവര്‍ വിസ പുതുക്കുന്ന സമയത്ത് രജിസ്ട്രേഷന്‍ നടത്തിയാല്‍ മതിയെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. ഇവരെ പിഴ അടക്കുന്നതില്‍നിന്ന് ഒഴിവാക്കും. ദുബൈക്ക് പുറമെ ഷാര്‍ജ, അബൂദബി എന്നിവിടങ്ങളിലുള്ളവര്‍ക്കും ഇത് ബാധകമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍