വാഹനങ്ങള്‍ എഞ്ചിന്‍ നിര്‍ത്താതെ ഇറങ്ങിപോകരുത്, വിലയേറിയ വസ്തുക്കള്‍ കാറില്‍ സൂക്ഷിക്കരുത്-പൊലീസ്

മസ്കത്ത്: വാഹനങ്ങള്‍ എഞ്ചിന്‍ ഓഫാക്കാതെ താക്കോല്‍ സഹിതം പാര്‍ക്ക് ചെയ്ത് കടയിലും മറ്റും പോകുന്ന ശീലം ഒഴിവാക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. വേനല്‍ ശക്തമായതോടെ എ.സി. നിര്‍ത്തി വാഹനത്തില്‍ ചൂടേറുന്നത് ഒഴിവാക്കാന്‍ പലരും എഞ്ചിന്‍ ഓഫാക്കാതെയാണ് വാഹനത്തില്‍ താക്കോല്‍വച്ച് കടയിലും എ.ടി.എമ്മിലും പോകുന്നത്. ഇത് മോഷ്ടാക്കള്‍ക്ക് വാഹനയുടമകള്‍ തന്നെ മോഷണത്തിന് സുവര്‍ണാവസരം ഒരുക്കുന്നതിന് തുല്യമാണ്. ഇത്തരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് മോഷ്ടാക്കളും പ്രവര്‍ത്തിക്കുന്നത്. എ.ടി.എം, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പെട്രോള്‍ സ്റ്റേഷനുകള്‍, റെസ്റ്റോറന്‍റുകള്‍ എന്നിവക്ക് മുന്നില്‍ ഇത്തരത്തില്‍ വാഹനം നിര്‍ത്തിയിടാന്‍ സാധ്യത കൂടുതലാണ് എന്നതിനാല്‍ മോഷ്ടാക്കളും ഇത്തരം കേന്ദ്രങ്ങളില്‍ അവസരം പാര്‍ത്തിരിക്കുകയാണ്. വാഹനയുടമ കാര്‍ നിര്‍ത്തി കടയില്‍ കയറി നിമിഷങ്ങള്‍ക്കകം മോഷ്ടാക്കള്‍ വാഹനവുമായി മറയുകയാണ്. പൊലീസ് വാഹനം കണ്ടത്തെനായി തെരയുമ്പോള്‍ പലപ്പോഴും ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇത്തരം വാഹനങ്ങള്‍ കണ്ടുകിട്ടുന്നത്. മയക്കുമരുന്ന് കടത്തുന്നതടക്കം ഗൗരവതരമായ പല കുറ്റകൃത്യങ്ങള്‍ക്കും മോഷ്ടിക്കപ്പെട്ട വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. പാര്‍ക്ക് ചെയ്തിട്ട് പോകുന്ന വാഹനങ്ങളില്‍ ലാപ്ടോപ്പ്, കമ്പ്യൂട്ടര്‍, ആഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍, പേഴ്സ്, വിലപ്പെട്ട രേഖകള്‍ എന്നിവ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് പറഞ്ഞു. ഉടമകളുടെ നോട്ടമത്തൊത്ത സ്ഥലങ്ങളില്‍ ദീര്‍ഘസമയം വാഹനം പാര്‍ക്ക് ചെയ്യുന്നതും ഒഴിവാക്കണം. വിലകൂടിയ വസ്തുക്കള്‍ മോഷ്ടാക്കളുടെ ശ്രദ്ധയാകര്‍ഷിക്കുന്നവിധം വാഹനത്തില്‍ വക്കുന്നത് ചില്ല് തകര്‍ത്തും മറ്റും അവ മോഷ്ടിക്കാനുള്ള പ്രവണത വര്‍ധിപ്പിക്കുകയാണെന്നും പൊലീസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 9999 എന്ന എമര്‍ജന്‍സി നമ്പറിലോ 80077444 എന്ന നമ്പറിലോ ബന്ധപ്പെടണം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus