പാസ്പോര്‍ട്ട് പിടിച്ചുവെച്ചെന്ന് തൊഴിലാളി; ഇല്ളെന്ന് തൊഴിലുടമ

മനാമ: പാസ്പോര്‍ട്ട് പിടിച്ചുവെച്ച് മലയാളിയായ വര്‍ക്ക്ഷോപ്പ് കമ്പനി ഉടമ മലയാളി ഡ്രൈവറെ പ്രയാസപ്പെടുത്തുന്നതായി പരാതി. തൃശൂര്‍ കരുവന്നൂര്‍ സ്വദേശി മുഹമ്മദലിയാണ് (48) പുതിയ ജോലിക്ക് ശ്രമിക്കാനാകാതെ പ്രയാസപ്പെടുന്നതായി കാണിച്ച് ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസില്‍ പരാതി നല്‍കിയത്.
രണ്ടര വര്‍ഷം മുമ്പ് ബഹ്റൈനില്‍ എത്തിയ മുഹമ്മദലി ആദ്യം ഒരു പ്രിന്‍റിങ്, പരസ്യ കമ്പനിയിലായിരുന്നു ഡ്രൈവറായി ജോലി ചെയ്തിരുന്നത്. പിന്നീട് മലയാളി നടത്തുന്ന ഈസ്റ്റ് റിഫയിലെ വെല്‍ഡിങ് കമ്പനിയിലേക്ക് മാറി. വിസക്കും മറ്റുമായി ആദ്യം 250 ദിനാര്‍ വാങ്ങിച്ച കമ്പനി ഉടമ പിന്നീട് സ്പോണ്‍സര്‍ക്ക് കൊടുക്കാനെന്ന് പറഞ്ഞ് പണം വാങ്ങിച്ചു. വണ്ടി നല്‍കാമെന്ന് പറഞ്ഞ് 110 ദിനാറും ഈടാക്കി. പിന്നീട് വണ്ടി നല്‍കിയെങ്കിലും മൂന്ന് ദിവസം ഓട്ടിയ ശേഷം അറ്റകുറ്റപ്പണിക്കായി തിരിച്ചു നല്‍കി. ഇതിനിടയില്‍ വണ്ടിയുടെ ഇന്‍ഷൂറന്‍സും തീര്‍ന്നിരുന്നു. ഇന്‍ഷൂറന്‍സിനും മറ്റുമായി വീണ്ടും കമ്പനി ഉടമ പണം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതിനിടയില്‍ കഴിഞ്ഞ ഏപ്രില്‍ 18ന് തന്‍െറ വിസ ഓണ്‍ലൈനില്‍ ഉടമ കാന്‍സല്‍ ചെയ്തതായി മുഹമ്മദലി പരാതിയില്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് മൊബിലിറ്റി എടുക്കുകയും പുതിയ വിസക്ക് അപേക്ഷ നല്‍കുകയും ചെയ്തു. വിസ നേരിട്ട് കാന്‍സല്‍ ചെയ്യണമെന്ന് എല്‍.എം.ആര്‍.എയില്‍നിന്ന് അറിയിച്ചതിനെ തുടര്‍ന്ന് അതിനായി കമ്പനി ഉടമയെ സമീപിക്കുകയും പാസ്പോര്‍ട്ട് അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. ഇതിനുള്ള ചെലവ് മുഴുവന്‍ താന്‍ വഹിക്കാമെന്ന് പറഞ്ഞിട്ടും വിസ നേരിട്ട് കാന്‍സല്‍ ചെയ്യുകയോ പാസ്പോര്‍ട്ട് തിരികെ നല്‍കുകയോ ചെയ്യാത്തതിനാല്‍ ജോലിയില്ലാതെ പ്രയാസപ്പെടുകയാണ് താനെന്ന് മുഹമ്മദലി വ്യക്തമാക്കി. വിസ കാന്‍സല്‍ ചെയ്ത് പാസ്പോര്‍ട്ട്, സി.പി.ആര്‍, ഓഫര്‍ ലെറ്റര്‍ എന്നിവ തിരിച്ചു കിട്ടിയാല്‍ വേറെ ജോലിക്ക് കയറാമെന്നതിനാല്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നതാണ് മുഹമ്മദലിയുടെ ആവശ്യം.
അതേസമയം, മുഹമ്മദലിയുമായി തനിക്ക് യാതൊരു തര്‍ക്കവുമില്ളെന്ന് കമ്പനി ഉടമ അഹമ്മദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. വിസയില്ലാത്ത സമയത്താണ് മുഹമ്മദലി ഒരു സുഹൃത്ത് മുഖാന്തിരം തന്നെ ജോലിക്ക് സമീപിച്ചത്. ഉടനെ വിസ എടുത്തുകൊടുക്കുകയും ജോലിക്ക് കയറാന്‍ ആവശ്യപ്പെടുകയും ചെയ്തു. വണ്ടിയുടെ പ്രശ്നം പറഞ്ഞ് മുഹമ്മദലി ജോലി ചെയ്യാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് വിസ റദ്ദാക്കിയത്. പിന്നീട് തന്നെക്കുറിച്ച് അപവാദ പ്രചാരണം നടത്തുകയായിരുന്നു മുഹമ്മദലി ചെയ്തത്. ഇയാളില്‍നിന്ന് വിസക്കാവശ്യമായ 220 ദിനാര്‍ മാത്രമാണ് വാങ്ങിയത്. പിന്നീട് വണ്ടി വിട്ടുകൊടുക്കുന്നതിനായി 100 ദിനാറും വാങ്ങി. മുന്‍പരിചയമൊന്നുമില്ലാതിരുന്നിട്ടും എത്രയും വേഗം വിസ നല്‍കിയതാണ് ഞാന്‍ ചെയ്ത തെറ്റ്. വിസ കിട്ടിയ ശേഷം മുഹമ്മദലിയുടെ സമീപനം പൊടുന്നനെ മാറുകയായിരുന്നുവെന്നും അഹമ്മദ് വ്യക്തമാക്കി. എന്നിട്ടും ഇയാളെ പ്രയാസപ്പെടുത്തണമെന്ന് ചിന്തിച്ചിട്ടില്ല. കഴിഞ്ഞ ദിവസം തന്‍െറ വീട്ടില്‍ വന്നപ്പോഴും ഉടനെ വിസ കാന്‍സല്‍ ചെയ്തു നല്‍കാമെന്ന് പറഞ്ഞതാണ്. ഈയാഴ്ച തന്നെ അത് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus