ആഴ്ചകള്‍ക്കുമുമ്പ് മുസ്ലിം സംഘടനാ പ്രതിനിധികളും നേതാക്കളും തലസ്ഥാനത്ത് വിളിച്ചുചേര്‍ത്ത ഒരു യോഗം മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരത്തിന്‍െറ മുമ്പാകെ, പൊലീസ് അന്യായമായും അകാരണമായും തീവ്രവാദത്തിന്‍െറയും ഭീകരവാദത്തിന്‍െറയും മറവില്‍ മുസ്ലിം യുവാക്കളെ വേട്ടയാടിപ്പിടിച്ച് കുറ്റപത്രമോ വിചാരണയോ കൂടാതെ അനിശ്ചിതമായി തടവില്‍ പാര്‍പ്പിക്കുന്നതില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. ഏറ്റവുമൊടുവില്‍ അഅ്സംഗഢ് ദാറുല്‍ ഫലാഹിലെ രണ്ട് വിദ്യാര്‍ഥികളെ ഓര്‍ക്കാപ്പുറത്ത് റാഞ്ചിയതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ ഇവരെ വിട്ടയക്കേണ്ടിവന്ന സംഭവത്തിന്‍െറ പശ്ചാത്തലത്തിലായിരുന്നു മുസ്ലിം നേതാക്കളുടെ ഉത്കണ്ഠ. എന്നാല്‍, അപ്രതീക്ഷിതവും അമ്പരപ്പിക്കുന്നതുമായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. രാജ്യത്ത് പല ഭാഗങ്ങളിലും മുസ്ലിം തീവ്രവാദം ശക്തിപ്പെടുകയാണെന്നാരോപിച്ച ചിദംബരം അക്കൂട്ടത്തില്‍ കേരളത്തെയും ഉള്‍പ്പെടുത്തി. ഇനിമേലില്‍ ഇത്തരം നിവേദനങ്ങള്‍ തന്‍െറ മുമ്പാകെ എത്തരുതെന്ന പരോക്ഷമായ താക്കീതോടെയാണ് മന്ത്രി സ്ഥലം വിട്ടത്. ബുധനാഴ്ച തിരുവനന്തപുരത്തത്തെിയ ചിദംബരം നടത്തിയ പത്രസമ്മേളനത്തിലും ആഭ്യന്തര, സുരക്ഷാ സെമിനാറിലും ചെയ്ത പ്രസ്താവന നേരത്തേ പറഞ്ഞതിനെ ആവര്‍ത്തിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നതായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍ അഞ്ച് സംഘടനകള്‍ നിരീക്ഷണത്തിലാണെന്നും ഇവര്‍ പരിധികടക്കുന്നപക്ഷം കടുത്ത നടപടികളെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരളത്തിന്‍െറ അതിര്‍ത്തി ഗ്രാമങ്ങളില്‍ മാവോ വാദികളുടെ സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും മാവോ വാദത്തേക്കാള്‍ മതമൗലികവാദമാണ് ഇവിടത്തെ പ്രശ്നമെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ചില വ്യവസായ സ്ഥാപനങ്ങളാണ് തീവ്രവാദികള്‍ക്ക് ഫണ്ട് നല്‍കുന്നതെന്നും വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍, അഞ്ച് സംഘടനകള്‍ ഏതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഹിന്ദു, ക്രിസ്ത്യന്‍ തീവ്രവാദമോ ഭീകരതയോ ലോകത്തോ രാജ്യത്തോ ഇല്ളെന്ന് തീരുമാനിച്ച സ്ഥിതിക്ക് മുസ്ലിം തീവ്രവാദവും മുസ്ലിം സംഘടനകളുമാണ് ചിദംബരത്തിന്‍െറ ഉന്നമെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. 2001 സെപ്റ്റംബര്‍ 11നു ശേഷം ആഗോളവ്യാപകമായി അംഗീകരിക്കപ്പെട്ട സമവാക്യമാണല്ളോ തീവ്രവാദികളെല്ലാം മുസ്ലിംകളാണെന്നത്.
തനിക്ക് ലഭിച്ച ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ധാരണക്കും അഭിപ്രായങ്ങള്‍ക്കും ആധാരമെന്ന് സാമാന്യമായി മനസ്സിലാക്കാവുന്നതേയുള്ളൂ. അതിനുപുറമെ വല്ല സ്രോതസ്സുമുണ്ടെങ്കില്‍ അത് മാധ്യമങ്ങളും ആയിരിക്കണം. പക്ഷേ, നാം കേരളീയരെ സംബന്ധിച്ചിടത്തോളം വാസ്തവികമായ അനുഭവങ്ങളാണല്ളോ പ്രധാനം. തദടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ തികച്ചും അതിശയോക്തിപരവും അഭ്യൂഹങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതുമാണ് ഇവിടെ തീവ്രവാദം ശക്തിപ്പെടുന്നതായ ആരോപണം എന്ന് പറയാതിരിക്കാന്‍ വയ്യ. കൊടും ഭീകരനായി അന്വേഷണ ഏജന്‍സികളും ഒരു വിഭാഗം മീഡിയയും ചിത്രീകരിച്ച പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയെ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പത്തു വര്‍ഷത്തോളം കാരാഗൃഹത്തിലടച്ചത് തികച്ചും നീതിരഹിതമായ നടപടിയായിരുന്നെന്ന് കോടതിതന്നെ വിധിച്ചു. പക്ഷേ, വിട്ടയക്കപ്പെട്ട മതപണ്ഡിതന് അധികകാലം സ്വതന്ത്രനായി കഴിയാന്‍ അവസരം ലഭിച്ചില്ല. ബംഗളൂരു സ്ഫോടനക്കേസില്‍ വീണ്ടും പ്രതിചേര്‍ക്കപ്പെട്ട അദ്ദേഹത്തെ പരപ്പന അഗ്രഹാര തടവറയിലകപ്പെടുത്തുകയായിരുന്നു. ഈ കാലയളവില്‍ അദ്ദേഹമോ അദ്ദേഹത്തിന്‍െറ പാര്‍ട്ടിയോ സംസ്ഥാനത്തെവിടെയെങ്കിലും തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതായി ശത്രുക്കള്‍പോലും പരാതിപ്പെട്ടതായി കണ്ടിട്ടില്ല. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍െറ കൈവെട്ടിയ കേസില്‍ പ്രതിസ്ഥാനത്തുള്ളവരാണ് തീവ്രവാദം ആരോപിക്കപ്പെടുന്ന മറ്റൊരു വിഭാഗം. പക്ഷേ, ഈ സംഘടനക്ക് വ്യവസായ സ്ഥാപനങ്ങളില്‍നിന്ന് സഹായം ലഭിക്കുന്നതായോ അവര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതായോ സംസ്ഥാന സര്‍ക്കാറോ പൊലീസ് സേനയോ ഉത്തരവാദിത്തത്തോടുകൂടി വ്യക്തമാക്കാന്‍ തയാറാവാതിരുന്നതെന്തുകൊണ്ട് എന്ന ചോദ്യമുണ്ട്. ആഭ്യന്തരമന്ത്രി ചിദംബരം പോലും ഒരു സംഘടനയെയും പേരെടുത്തു പറഞ്ഞില്ല. ആരെയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പേടിക്കുന്നത്? രാജ്യത്ത് ഏറ്റവും വലിയതും സംസ്ഥാനത്ത് രണ്ടാമത്തേതുമായ മതന്യൂനപക്ഷ സമുദായത്തെ എന്നെന്നും സംശയത്തിന്‍െറ പുകമറയില്‍ നിര്‍ത്തുന്നതും ചിരകാല പിന്നാക്കാവസ്ഥ മാറ്റിയെടുക്കാന്‍ അതിസാഹസികമായി അവരുടെ യുവതലമുറ നടത്തുന്ന ശ്രമങ്ങളെപ്പോലും തെറ്റിദ്ധരിപ്പിക്കാന്‍ ഇടവരുത്തുന്നതും ആര്‍ക്കാണ് ഗുണംചെയ്യുക? കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ന്യായമായി ചൂണ്ടിക്കാട്ടിയതുപോലെ നിത്യേന കൂറും രാജ്യസ്നേഹവും തെളിയിക്കപ്പെടേണ്ട വിഭാഗമായി ഒരു സമുദായത്തിന് എത്രകാലം മുന്നോട്ടു പോകാനാവും?
മാസങ്ങളോളം കേരളത്തിന്‍െറ സൈ്വരം കെടുത്തിയ പ്രചാരണമായിരുന്നു ‘ലൗ ജിഹാദ്’ എന്നു വിളിക്കപ്പെട്ട വ്യാജ പ്രതിഭാസത്തെ ചുറ്റിപ്പറ്റി മാധ്യമങ്ങളും തല്‍പരകക്ഷികളും നടത്തിയത്. കോടതിപോലും ഒരുപരിധിവരെ അതില്‍ പങ്കാളിയായി. ഒടുവില്‍ മലപോലെ വന്ന് മഞ്ഞുപോലെ പോയ ഈ ദുഷ്പ്രചാരണം ആരുടെ വകയായിരുന്നു എന്ന് തെളിഞ്ഞപ്പോള്‍ ആരും ഒന്നും മിണ്ടുന്നില്ല. ഇത്തരം പ്രചാരണങ്ങള്‍തന്നെ ആയിരിക്കില്ളേ മന്ത്രി ചിദംബരത്തിന്‍െറയും വിവരങ്ങള്‍ക്കാധാരം? തീവ്രവാദവും ഭീകരതയും ആരുടേതായാലും, എത്രകുറഞ്ഞ അളവിലായാലും ചെറുത്തുതോല്‍പിക്കപ്പെടണം. ഒരനുഭാവവും അതര്‍ഹിക്കുന്നില്ല. പക്ഷേ, ജനങ്ങളെ വിശ്വാസത്തിലെടുത്ത് കാര്യങ്ങള്‍ സുതാര്യമാക്കാതെ ഊഹാപോഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇടനല്‍കുന്ന സമീപനമല്ല നമ്മുടെ കേന്ദ്ര ആഭ്യന്തരമന്ത്രിയെപ്പോലെ ഉത്തരവാദപ്പെട്ട ഒരാളില്‍നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത്. മതതത്ത്വങ്ങളില്‍ വിശ്വസിക്കാനും ആ വിശ്വാസത്താല്‍ പ്രചോദിതരായി വ്യക്തിസംസ്കരണത്തിനും സാമൂഹിക ഉദ്ധാരണത്തിനും പൊതുനന്മക്കുമായി പ്രവര്‍ത്തിക്കാനുമുള്ള അവകാശം ജന്മസിദ്ധവും ഭരണഘടനാദത്തവുമാണ്. മൗലികവാദം എന്ന പേരിട്ട് ഇതിനെതിരെ കുരിശുയുദ്ധം നടത്തുന്നത് മതനിരാസികളും അധര്‍മകാരികളും അഴിമതിക്കാരുമായ ക്രിമിനലുകളെ മാത്രമേ സന്തോഷിപ്പിക്കൂ എന്ന് തിരിച്ചറിയേണ്ട സമയം വൈകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍