12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

കേരളത്തില്‍ തീവ്രവാദ റിക്രൂട്ട്മെന്റ് നടന്നതായി അറിയില്ല -ചിദംബരം

കേരളത്തില്‍ തീവ്രവാദ റിക്രൂട്ട്മെന്റ് നടന്നതായി അറിയില്ല -ചിദംബരം

ന്യൂദല്‍ഹി: മുംബൈ ആക്രമണ കേസില്‍ പിടിയിലായ സഈദ് സബീഉദ്ദീന്‍ എന്ന അബൂ ജിന്‍ഡാല്‍ കേരളത്തില്‍ നിന്ന് റിക്രൂട്ട്മെന്റ് നടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന് വിവരമില്ലെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളം, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അബൂ ജിന്‍ഡാലിന്റെ നേതൃത്വത്തില്‍ റിക്രൂട്ട്മെന്റ് നടന്നുവെന്ന വാര്‍ത്തയെക്കുറിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി യുടെ വിശദീകരണം. അന്വേഷണം നടക്കുകയാണ്. കേരളത്തിലോ, കര്‍ണാടകയിലോ അബൂ ജിന്‍ഡാല്‍ തീവ്രവാദ റിക്രൂട്ട്മെന്റ് നടത്തിയ വിവരം ഇതുവരെ ലഭിച്ചിട്ടില്ല. ചിദംബരം ചൂണ്ടിക്കാട്ടി.
ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരശക്തികളുടെ സുരക്ഷിത താവളമാണ് പാകിസ്താനെന്ന് ഒരിക്കല്‍ കൂടി വ്യക്തമായി. അബൂ ജിന്‍ഡാല്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി ഇക്കാര്യത്തില്‍ ഏറ്റവും പുതിയ തെളിവാണ്. അബൂ ജിന്‍ഡാലിനെ പോലുള്ളവര്‍ക്ക് പാകിസ്താനില്‍ എല്ലാ സഹായവും ലഭിക്കുന്നുണ്ട്. കറാച്ചിയിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് മുംബൈ ആക്രമണം പൂര്‍ണമായും നിയന്ത്രിച്ചത്. കണ്‍ട്രോള്‍ റൂമിലിരുന്ന് ഭീകരര്‍ക്ക് നിര്‍ദേശം നല്‍കിയത് താനാണെന്ന് അബൂ ജിന്‍ഡാല്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. തന്റെ കൂടെ ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് സഈദും ഐ.എസ്.ഐ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്നും അബൂ ജിന്‍ഡാല്‍ സാക്ഷ്യപ്പെടുത്തുന്നു. പാക് സര്‍ക്കാറിന്റെ ഔദ്യോഗിക സഹായമില്ലാതെ വിപുലമായ ആശയവിനിമയ സംവിധാനത്തോടെ കറാച്ചി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. അബൂ ജിന്‍ഡാല്‍ ഇന്ത്യന്‍ പൗരനാണെന്നും അയാളുടെ ചെയ്തിയില്‍ പാകിസ്താന് ഉത്തരവാദിത്തമില്ലെന്നും പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് പറഞ്ഞത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അബൂ ജിന്‍ഡാല്‍ ഇന്ത്യന്‍ പൗരനാണെന്ന് അംഗീകരിക്കുന്നുവെന്ന് ചിദംബരംപറഞ്ഞു. തീവ്രവാദത്തിലേക്ക് വഴിതെറ്റിയ അയാളെ ഉപയോഗപ്പെടുത്തി ഇന്ത്യക്കെതിരെ ആക്രമണം നടത്താനുള്ള സൗകര്യവും പിന്തുണയും അഭയവും നല്‍കിയത് പാകിസ്താനാണ്. ആ വസ്തുത പാക് മന്ത്രിയും അംഗീകരിക്കണമെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. അബൂ ജിന്‍ഡാലിന് പാക് പാസ്പോര്‍ട്ടും ഐ.ഡി കാര്‍ഡും അനുവദിച്ച് സൗദിയിലേക്ക് കടത്തിവിട്ടത് തീവ്രവാദ റിക്രൂട്ട്മെന്റിനായുള്ള പാക് സര്‍ക്കാര്‍ പദ്ധതിയാണെന്ന് ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിങ് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com