Fri, 06/29/2012 - 23:37 ( 50 weeks 5 daysago)
പ്രതാപികളായി ഇറ്റലി; തന്ത്രം പാളി ജര്‍മനി
പരിശീലകന്‍ യോആഹിം ലോയ്വിന്റെ ചാഞ്ചാട്ടം കാരണമായിരുന്നു ഒരിക്കല്‍ കൂടി, ജര്‍മനിക്ക് യൂറോകപ്പ് സെമിഫൈനലില്‍ തന്നെ ഇറ്റലിക്കു മുന്നില്‍ 1-2ന് കീഴടങ്ങേണ്ടിവന്നത്. അതോടെ തുടര്‍ച്ചയായ രണ്ടാം ഫൈനലില്‍ ഞായറാഴ്ച സ്പെയിനിനെ നേരിടാനുള്ള അവസരം അവര്‍ക്ക് കൈവിട്ടുപോയി. കളി ജയിച്ചാല്‍ അത് ഗോളടിക്കുന്നവരുടെ മികവും തോറ്റാലത് പരിശീലകന്റെ തന്ത്രത്തിലെ പാളിച്ചയെന്ന തത്ത്വവും ഇവിടെ അംഗീകരിക്കപ്പെടുന്നു. വാസ്തവത്തില്‍ പന്തുരുളുന്നതിനു മുമ്പുതന്നെ സെമിയില്‍ ജര്‍മനി തോല്‍വി ചോദിച്ചുവാങ്ങിയിരുന്നു.
ക്വാര്‍ട്ടറില്‍ അസാധാരണമായ ഒരുമയും മുന്നേറ്റമികവും പ്രകടിപ്പിച്ച ടീമില്‍നിന്ന് ആന്ദ്രേ ഷുയര്‍ലേയെയും കേ്ളാസെയെയും മാര്‍കോ റോയ്സിനെയും മാറ്റി പകരം ടോണീ ക്രോസിനെയും ഗോമസിനെയും പൊഡോള്‍സ്കിയെയും രംഗത്തിറക്കിയത് ജര്‍മനിയുടെ സ്വതസിദ്ധമായ മുന്നേറ്റത്തിന് തടയിട്ടു.
സ്പെയിനിനെതിരെ സമനിലയോടെ തുടങ്ങിയ ഇറ്റലിയെ ആയിരുന്നില്ല സെമിയില്‍ കണ്ടത്. എഴുപതുകളിലെ ഉഗ്രപ്രതാപികളായ അവരുടെ പൂര്‍വികരുടെ തനിസ്വരൂപം പ്രകടമായ പ്രതിരോധനിരയും കസ്സാനോ-മോണ്ടോലിവോ-ബാലോട്ടെല്ലി ത്രയത്തിന്റെ സംഹാരഭാവവും ജര്‍മനിയെ ആദ്യമേ വാരിക്കളഞ്ഞു. പരിക്കിനെ തുടര്‍ന്ന് മാറിനില്‍ക്കേണ്ടിവന്ന ജിയോര്‍ജിയോ ചീലിനിയുടെ തിരിച്ചുവരവ് ഇറ്റാലിയന്‍ പ്രതിരോധനിരയുടെ കരുത്തും മികവും അനുപമമാക്കി.
ജര്‍മനിയുടെ ഏറെ പ്രശംസിക്കപ്പെട്ടിരുന്ന പ്രതിരോധനിര അതിന്റെ നിഴല്‍ മാത്രമായി. ബാലോട്ടെല്ലിയെ നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന ബോആടെങ്ങും ക്രോസും കളി മറന്ന മട്ടിലായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ബാലോട്ടെല്ലിക്കൊപ്പമുണ്ടായിരുന്ന ബോആടെങ്ങിന്, തന്റെ മുന്‍ സഹതാരത്തെ നിയന്ത്രിക്കാനാകുമെന്ന് കരുതിയിരുന്നവര്‍ നിരാശരായി.
'മാന്‍ ടു മാന്‍ മാര്‍ക്കിങ്' എന്ന തത്ത്വം മറന്ന് ഇരുകൂട്ടരും സ്വതന്ത്ര മുന്നേറ്റങ്ങളാണ് സ്വീകരിച്ചിരുന്നത്. മത്സരം ആരംഭിച്ചത് ജര്‍മനിയുടെ കൃത്യമായ മുന്നേറ്റങ്ങളുമായിട്ടായിരുന്നുവെങ്കിലും 15ാം മിനിറ്റുവരെ മത്സരനിയന്ത്രണം ആര്‍ക്കാണെന്ന് വ്യക്തമാകാത്തവിധം തണുത്ത സമീപനമായിരുന്നു. എന്നാല്‍, ആദ്യ അവസരം ജര്‍മനിക്കായിരുന്നു. അഞ്ചാം മിനിറ്റില്‍ ഇടതുവശത്തുനിന്ന് ബോആടെങ് നീട്ടിക്കൊടുത്ത പാസ് പിടിച്ചെടുത്ത ജര്‍മന്‍ റൈറ്റ് ഇന്‍ബാക്ക് മാറ്റ് ഹമ്മല്‍സ്, ബല്‍സരാറ്റിയെ കബളിപ്പിച്ച് ഇറ്റാലിയന്‍ വലയിലേക്ക് പന്ത് പായിച്ചു. അസൂറികളുടെ നായകന്‍ ഗോളി ബഫണിന്റെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലേക്ക് നീങ്ങിയപ്പോള്‍ ഇറ്റലിയുടെ എന്നത്തേയും രക്ഷകനായ ആന്ദ്രേ പിര്‍ലോ നെഞ്ചുകൊണ്ട് തടയുകയായിരുന്നു. 13ാം മിനിറ്റില്‍ ടോണീ ക്രോസിന്റെ 'ക്രോസ്' പിടിച്ചെടുത്ത് മുന്നേറിയ സെമി ഖെദീര, ഉയര്‍ന്നുചാടി നീട്ടിയടിച്ച പന്തും ഇറ്റാലിയന്‍ നായകനെ മറികടന്നിരുന്നു. ബല്‍സരാറ്റിയുടെ കാലില്‍നിന്ന്അത് സെല്‍ഫ്ഗോളാകുംവിധം കുതിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി.
ഇറ്റലിക്ക് ലീഡ് നേടിക്കൊടുത്ത ബാലോട്ടെല്ലിയുടെ ഗോള്‍, പിറക്കേണ്ടിയിരുന്ന ജര്‍മന്‍ ഗോളിന്റെ 'തുടര്‍ച്ച'യുമായി. 20ാം മിനിറ്റില്‍ ജര്‍മനിക്ക് ലഭിച്ച കോര്‍ണര്‍ കിക്ക് ടോണീ ക്രോസ് നേരെ ബഫണ്‍ കാക്കുന്ന ഗോള്‍വല ലക്ഷ്യമാക്കി പായിച്ചത് തന്ത്രപൂര്‍വം തട്ടിയെടുത്ത പിര്‍ലോ അത് ഇടതുവശത്തുകൂടി മുന്നോട്ടുനീങ്ങിയ ചീലിനിക്ക് നീട്ടിയടിച്ചുകൊടുത്തു. തടയാനോടിയെത്തിയ ബോ ആടെങ്ങിനെ സുന്ദരമായി ടാക്ക്ള്‍ ചെയ്ത ചീലിനിയുടെ പാസ് സ്വീകരിച്ച കസ്സാനോ പെനാല്‍റ്റി ഏരിയയിലേക്ക് ക്രോസ് ചെയ്തു. കൗശലക്കാരനായ ബാലോട്ടെല്ലി ചാടിവീണ് തലകൊണ്ടിടിച്ചതു നേരെ ജര്‍മന്‍ വലയുടെ മധ്യഭാഗത്തേക്ക് പാഞ്ഞുകയറി. ബാലോട്ടെല്ലിയെ മാര്‍ക് ചെയ്യേണ്ടിയിരുന്ന ബാഡ് സ്റ്റ്യൂബര്‍ക്ക് ഇത് കണ്ടുനില്‍ക്കാനേ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് ജര്‍മന്‍ പ്രത്യാക്രമണത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത യ്യോസീലും ഖെദീരയും കൊണ്ടെത്തിച്ച പന്തുകള്‍ പൊഡോള്‍സ്കിയും ഗോമസും അലക്ഷ്യമായി ഇറ്റാലിയന്‍ പ്രതിരോധ നിരയിലെത്തിച്ച് മടങ്ങി.
ഇറ്റലിയുടെ മികവ്, അവരുടെ പരമ്പരാഗത ഡിഫന്‍സിന്റെ പുനരവതാരമായിരുന്നു. ബല്‍സരാറ്റിയും ബോനൂച്ചിയും ചീലിനിയും കാത്ത റോമന്‍ കോട്ട കടക്കാന്‍ പൊഡോള്‍സ്കിക്കും മാറിയോ ഗോമസിനും കഴിഞ്ഞതുമില്ല. ഇതിനിടയില്‍ ഇറ്റാലിയന്‍ പ്രതിരോധ നിരയില്‍ വിള്ളലുണ്ടാക്കാനാകില്ലെന്ന് മനസ്സിലാക്കിയ ഖെദീര, അതിസമര്‍ഥമായി, 28ാം മിനിറ്റില്‍ ഉതിര്‍ത്ത 'ദീര്‍ഘദൂര മിസൈല്‍' ബഫണ്‍ തന്റെ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത് തട്ടിനീക്കി.
രണ്ടു വര്‍ഷം മുമ്പ് യൂറോപ്യന്‍ ജൂനിയര്‍ കപ്പ് ചാമ്പ്യന്മാരായ ജര്‍മനിയുടെ നായകനായിരുന്ന സമീ ഖെദീരയും ഒപ്പമുണ്ടായിരുന്ന യ്യോസീലും അന്നവര്‍ സെമിയില്‍ വീഴ്ത്തിയ ഇറ്റലിക്കെതിരെ, തന്ത്രപൂര്‍വം മുന്നേറിയെങ്കിലും മുന്‍നിരയുടെ സഹകരണമുണ്ടായില്ല. ഒന്നാം ഗോളിന്റെ തനി പകര്‍പ്പെന്നവിധം രണ്ടാംഗോളും ജര്‍മനിയുടെ വലയിലെത്തി. ചീലിനിയുടെ ലോങ് റെയ്ഞ്ചര്‍ പിടിച്ചെടുത്ത മോണ്ടോലിവോ മധ്യനിരക്കു പിന്നില്‍നിന്ന് അത് ബാലോട്ടെല്ലിക്ക് നീട്ടിയടിച്ചുകൊടുത്തതും ബോ ആടെങ്ങിനെയും ബാഡ്സ്റ്റ്യൂബറെയും പിന്തള്ളി മുന്നേറിയ ബാലോട്ടെല്ലി 30 മീറ്റര്‍ അകലെനിന്ന് പായിച്ച അതിശക്തമായ ഷോട്ട് മൂളിപ്പറന്ന് നോയറെ നിഷ്പ്രഭനാക്കി ജര്‍മന്‍ വലയിലെത്തി. അപകടം മനസ്സിലാക്കി ചെയ്തുപോയ അബദ്ധം തിരുത്താനായി കോച്ച് ലോയ്വ് റോയ്സിനെയും കേ്ളാസെയെയും രംഗത്തിറക്കി. ജര്‍മന്‍ യന്ത്രം ഇതോടെ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ ഇറ്റലി വീണ്ടും സമ്പൂര്‍ണ പ്രതിരോധത്തിലേക്ക് തിരിച്ചുപോയി. ഇതിനിടെ പരിക്കേറ്റ ബാലോട്ടെല്ലിക്ക് കളംവിടേണ്ടിയും വന്നു.
രണ്ടു ഗോളുകളുമായി ഇറ്റലിയുടെ ഹീറോയായി മാറിയ ബാലോട്ടെല്ലിയും കസാനോയും മോണ്ടോലിവോയും കാഴ്ചവെച്ച കെട്ടുറപ്പും ശൗര്യവും അവിസ്മരണീയമായിരുന്നു. പ്രത്യേകിച്ച് ഒരു ഹൃദയശസ്ത്രക്രിയക്കുശേഷം വര്‍ഷം തികയും മുമ്പ് കളിക്കളത്തിലിറങ്ങിയ കസാനോയുടെ പേരാട്ടവീര്യം.
മ്യൂളറും റോയ്സും കേ്ളാസെയും എത്തിയതോടെ ആകര്‍ഷകമായ മുന്നേറ്റങ്ങളുമായി ജര്‍മനി ഏതു നിമിഷവും ഗോളടിച്ചേക്കുമെന്ന തോന്നലുണര്‍ത്തി. എന്നാല്‍, ചീലിനിയും ബല്‍സരാറ്റിയും ബള്‍സാഗ്ലിയും കൂടി ഈ യുവനിരയെ തടഞ്ഞുനിര്‍ത്തി. ബാഡ്സ്റ്റ്യൂബറേയും മ്യൂളറെയും കബളിപ്പിച്ച് 84ാം മിനിറ്റില്‍ ബല്‍സരാറ്റി, പന്ത് ജര്‍മന്‍ വലക്കകത്താക്കിയെങ്കിലും ഫ്രഞ്ച് റഫറി ലനോയ് ഓഫ്സൈഡ് വിധിച്ചു.
ഒരു സമനില അവസാനനിമിഷവും മോഹിച്ച് മുന്നേറിയ ജര്‍മന്‍ നിരയുടെ കടന്നുകയറ്റം ഇഞ്ചുറി ടൈമില്‍ അവരെ ആശ്വാസഗോളിലെത്തിച്ചു. ബല്‍സരാറ്റി പന്ത് കൈകൊണ്ടു തൊട്ടതിന് ലഭിച്ച പെനാല്‍റ്റി മെസൂത് യ്യോസീല്‍, അനായാസം ബഫണിനെ കബളിപ്പിച്ച് പരാജയഭാരം കുറച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍