Fri, 06/29/2012 - 23:09 ( 50 weeks 5 daysago)
പേസ് ഒളിമ്പിക്സില്‍ കളിക്കും
(+)(-) Font Size
പേസ് ഒളിമ്പിക്സില്‍ കളിക്കും

ലണ്ടന്‍: അടുത്ത മാസം ലണ്ടനില്‍ തുടങ്ങുന്ന ഒളിമ്പിക്സില്‍ താന്‍ റാക്കറ്റേന്തുമെന്ന് ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെന്നിസ് താരം ലിയാണ്ടര്‍ പേസ് വ്യക്തമാക്കി. ടീം സെലക്ഷനിലെ അഭിപ്രായഭിന്നതകളെ തുടര്‍ന്ന് താന്‍ ഒളിമ്പിക്സില്‍നിന്ന് പിന്മാറിയേക്കുമെന്ന് പേസ് പ്രഖ്യാപിച്ചതിനു പിന്നാലെയുണ്ടായ ആശയക്കുഴപ്പങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇതോടെ വിരാമമായി. അഖിലേന്ത്യാ ടെന്നിസ് അസോസിയേഷന്‍ (എ.ഐ.ടി.എ) തെരഞ്ഞെടുത്ത ടീമുകളില്‍ രാജ്യത്തിനുവേണ്ടി ഒളിമ്പിക്സില്‍ കളിക്കുന്നത് ഉറ്റുനോക്കുകയാണെന്നും വിംബ്ള്‍ഡണില്‍ കളിക്കാന്‍ ലണ്ടനിലെത്തിയ 39കാരന്‍ പറഞ്ഞു.
'നിര്‍ഭാഗ്യമെന്നു പറയട്ടെ, കളിക്കുള്ളില്‍ ചില കളികള്‍ നടക്കുന്നത് ഏറെ നിരാശയോടെയാണ് ഞാന്‍ കാണുന്നത്. എങ്കിലും രാജ്യത്തിനുവേണ്ടി ആറാം തവണ ഒളിമ്പിക്സില്‍ കളത്തിലിറങ്ങുന്നത് ഏറെ താല്‍പര്യത്തോടെ നോക്കിക്കാണുകയാണ് ഞാന്‍' -ചെക് റിപ്പബ്ലിക് താരം റാഡെക് സ്റ്റെപാനെകിനൊപ്പം പുരുഷ ഡബ്ള്‍സില്‍ ആദ്യ റൗണ്ട് മത്സരം ജയിച്ചശേഷം വാര്‍ത്താസമ്മേളനത്തില്‍ പേസ് വ്യക്തമാക്കി.
ഒളിമ്പിക്സില്‍ മഹേഷ് ഭൂപതി, രോഹന്‍ ബൊപ്പണ്ണ എന്നിവരില്‍ ഒരാള്‍ക്കൊപ്പം ഒളിമ്പിക്സില്‍ കളിക്കുന്നതിലായിരുന്നു പേസിന് താല്‍പര്യം. എന്നാല്‍, പേസിനൊപ്പം കളിക്കാന്‍ തയാറല്ലെന്ന് ഇരുവരും എ.ഐ.ടി.എയെ അറിയിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തീരുമാനത്തില്‍ ഭൂപതിയും ബൊപ്പണ്ണയും ഉറച്ചുനിന്നതോടെ പേസിന് പുതിയ പങ്കാളിയെ തേടി രണ്ടു ടീമുകളെ ഒളിമ്പിക്സിന് അയക്കാന്‍ അസോസിയേഷന്‍ നിര്‍ബന്ധിതരായി. ലോക ഡബിള്‍സ് റാങ്കിങ്ങില്‍ പേസ് ഏഴും ബൊപ്പണ്ണ 13ഉം ഭൂപതി 15ഉം സ്ഥാനത്താണ്.
റാങ്കിങ്ങില്‍ ഏറെ പിന്നിലുള്ള വിഷ്ണുവര്‍ധനെ പേസിന്റെ പങ്കാളിയായി തീരുമാനിച്ച നടപടിയില്‍ അതൃപ്തനായ പേസിനെ 'സമാധാനിപ്പിക്കാന്‍' മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സയെ അദ്ദേഹത്തിന്റെ കൂട്ടാളിയായി നിശ്ചയിച്ചു. ഭൂപതിക്കൊപ്പം ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ കിരീടനേട്ടമടക്കം മികച്ച ഫോമില്‍ കളിക്കുന്നതിനിടെ ഒളിമ്പിക്സില്‍ പേസിന്റെ പങ്കാളിയാക്കാനുള്ള തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തി കഴിഞ്ഞ ദിവസം സാനിയയും തുറന്നടിച്ചു. തന്റെ താല്‍പര്യം മാനിക്കാതെ പേസിനെ അനുനയിപ്പിക്കാന്‍ അദ്ദേഹത്തിന്റെ പങ്കാളിയായി നിശ്ചയിച്ച എ.ഐ.ടി.എ നടപടിയില്‍ പ്രതിഷേധമറിയിച്ച് സാനിയ കത്തു നല്‍കിയിരുന്നു. എന്നാല്‍, സാനിയയുടെ വിമര്‍ശനത്തെക്കുറിച്ച് പ്രതികരിക്കാന്‍ പേസ് വിസമ്മതിച്ചു. എല്ലാ ഒളിമ്പിക്സിനോടനുബന്ധിച്ചും ചെറിയ പ്രശ്നങ്ങളുണ്ടാകുമെന്ന് പറഞ്ഞ പേസ്, തന്റെ കഠിനാധ്വാനത്തെ അനാദരവോടെ ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രശ്നമാണെന്നും കൂട്ടിച്ചേര്‍ത്തു.
ലോക റാങ്കിങ്ങില്‍ 206ാം സ്ഥാനത്തുനില്‍ക്കുന്ന വിഷ്ണു വര്‍ധനൊപ്പം കളിക്കുന്നതില്‍ തനിക്ക് പരാതിയൊന്നുമില്ലെന്ന് വ്യക്തമാക്കി. ഒളിമ്പിക്സില്‍ അരങ്ങേറുന്ന വിഷ്ണുവര്‍ധന് തന്നെക്കൊണ്ട് കഴിയുന്ന എല്ലാ സഹായവും നല്‍കുമെന്നും 1996ലെ അത്ലാന്റ ഒളിമ്പിക്സില്‍ സിംഗ്ള്‍സില്‍ വെങ്കല മെഡല്‍ നേടിയ പേസ് പറഞ്ഞു.
'വിഷ്ണുവിന് ഗ്രാസ് കോര്‍ട്ട് ഷൂസ് ഉണ്ടോ എന്നു പോലും എനിക്കറിയില്ല. വളരെ നല്ല കുട്ടിയാണവന്‍. അവനൊപ്പം കളിക്കുന്നതില്‍ സന്തോഷമേയുള്ളൂ. വിബിള്‍ഡണില്‍ മുമ്പ് കളിച്ചിട്ടില്ലെന്നതടക്കം ഒട്ടേറെ പ്രതിബന്ധങ്ങള്‍ അവന് മുന്നിലുണ്ട്. എന്നാല്‍, പരിചയ സമ്പന്നനായ കളിക്കാരന്‍ എന്ന നിലയില്‍ എന്റെ പങ്കാളികള്‍ക്ക് ചെയ്തുകൊടുക്കാന്‍ കഴിയുന്നതൊക്കെ ഞാന്‍ ചെയ്യും. ലണ്ടനില്‍ താനെത്തിയത് കളിക്കാനാണെന്നും രാഷ്ട്രീയം കളിക്കാനല്ലെന്നും പേസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus