ആടുജിവിതം എന്ന ഒരൊറ്റ നോവലിലൂടെ മലയാളിയുടെ വായനാ ലോകത്ത് തന്റേതായ ഇടം നേടിയ യുവ സാഹിത്യകാരന്‍ ബെന്നി ബെന്യാമിന്റെ ചെറുകഥ സിനിമയാകുന്നു. 'ഇ.എം.എസും പെണ്‍കുട്ടിയും' എന്ന കഥ അതേ പേരില്‍ തന്നെയാണ് സിനിമയാകുന്നത്.
റഫീഖ് റാവുത്തര്‍ എന്ന നവാഗത സംവിധായകനാണ് 'ഇ.എം.എസും പെണ്‍കുട്ടിയും' സംവിധാനം ചെയ്യുന്നത്. കൈരളി ടിവിയിലെ 'പ്രവാസ ലോക'ത്തിന്റെ നിര്‍മാതാവാണ് റഫീഖ് റാവുത്തര്‍. ശ്രീനിവാസനും നരേനുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കനിഹയാണ് നായിക.
ശ്രീലങ്കയില്‍ നിന്നുള്ള അഭയാര്‍ത്ഥിയായാണ് നരേന്‍ എത്തുന്നത്. ശ്രീനിവാസന്‍ ഒരു കമ്യൂണിസ്റ്റുകാരനായി വേഷമിടുമ്പോള്‍ നഴ്സിന്റെ വേഷത്തിലാണ് കനിഹ. കേരളത്തിലും അമേരിക്കയിലുമായി ചിത്രീകരിക്കുന്ന സിനിമയില്‍ ഇന്നസെന്റ്, തമ്പി ആന്റണി, ഗീത തുടങ്ങിയവരും അഭിനയിക്കുന്നു. ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ ദുരിതക്കാഴ്ചകളാണ് ചിത്രത്തിന്റെ പ്രമേയം.
ക്രിസ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ഒറ്റപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇളയരാജയുടെതാണ് സംഗീതം. സ്നേഹവീടിന് ശേഷം ഇളയരാജ സംഗീതം നിര്‍വഹിക്കുന്ന ചിത്രമാണിത്. എ.ജെ മുഹമ്മദ് ഷഫീറാണ് തിരക്കഥയൊരുക്കുന്നത്. ഭ്രമരം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജയാനന്‍ വിന്‍സെന്റ് ആണ് ക്യാമറാമാന്‍.
ബെന്യാമിന്റെ 'ആടുജിവിതം' സിനിമയാക്കാന്‍ ബ്ലെസി ഒരുങ്ങിയിരുന്നെങ്കിലും ആ പദ്ധതി ഉപേക്ഷിച്ചെന്നാണ് വാര്‍ത്ത.


നിങ്ങളുടെ അഭിപ്രായങ്ങള്‍