മനുഷ്യരാശിയുടെ ചരിത്രത്തോളം പഴക്കമുണ്ട് അവന്‍െറ ഭക്ഷണസംസ്കാരത്തിനും. പ്രായത്തിനും കാലത്തിനും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്കുമനുസരിച്ച് ഒരോ ജനതയുടെയും ഭക്ഷണശീലങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ, ഒരാള്‍ എന്തു കഴിക്കണം എന്നതിനെക്കുറിച്ച് വിവിധ വൈദ്യശാസ്ത്ര സമ്പ്രദായങ്ങളും വ്യത്യസ്ത അഭിപ്രായക്കാരാണ്. മനുഷ്യന്‍ സസ്യഭുക്കാണോ മാംസഭുക്കാണോ എന്ന കാര്യത്തില്‍ തുടരുന്ന തര്‍ക്കത്തിനുതന്നെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്്.
അതേസമയം, ഭക്ഷണത്തിന്‍െറകാര്യത്തില്‍ എല്ലാ ചികിത്സാസമ്പ്രദായങ്ങളും ആരോഗ്യവിദഗ്ദരും ഒരുപോലെ നിര്‍ദേശിക്കുന്ന ഒരു കാര്യമുണ്ട്. ഏറ്റവും രുചികരമായതല്ല നല്ല ഭക്ഷണം. മറിച്ച്, കഴിക്കുന്ന വ്യക്തിയുടെ ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുന്നതും ആരോഗ്യത്തിന് ഹാനികരമല്ലാത്തതുമായതാണ് നല്ല ഭക്ഷണം.
എന്നാല്‍, ഇന്ന് നാം കഴിക്കുന്ന ഭൂരിപക്ഷം ഭക്ഷണപദാര്‍ഥങ്ങളും നാവിനെമാത്രം തൃപ്തിപ്പെടുത്തുന്നതും ശരീരത്തിന് ആവശ്യമില്ലാത്തതുമാണ്. കൂടാതെ, രുചിക്കുവേണ്ടി ചേര്‍ക്കുന്ന അജ്നാമോട്ടോപോലുള്ള ടേസ്റ്റ്മേക്കറുകളും ആകര്‍ഷണത്തിനായി ചേര്‍ക്കുന്ന കൃത്രിമനിറങ്ങളും സുഗന്ധങ്ങളും ദീര്‍ഘകാലം കേടുവരാതിരിക്കാനായി ചേര്‍ക്കുന്ന പ്രിസര്‍വേറ്റിവുകളും മനുഷ്യനെ പതുക്കെപ്പതുക്കെ രോഗികളാക്കിക്കൊണ്ടിരിക്കുകയാണ്.
ഭക്ഷണത്തില്‍ പ്രധാനപ്പെട്ട ആറ് ഘടകങ്ങളുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു. വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, നാര്, അന്നജം, കൊഴുപ്പ്, മാംസ്യം എന്നിവയാണവ. ശരിയായ അളവില്‍ ഈ ഘടകങ്ങള്‍ ഒത്തുചേര്‍ന്നതിനെയാണ് സമീകൃതാഹാരം എന്നു പറയുന്നത്. വിവിധ ഭക്ഷണപദാര്‍ഥങ്ങളിലെ ഇവയുടെ സാന്നിധ്യം കണക്കാക്കിയാണ് ആധുനിക വൈദ്യശാസ്ത്രം നമ്മുടെ ഭക്ഷണക്രമം രൂപപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ആയുര്‍വേദം ഇക്കാര്യത്തില്‍ താരതമ്യേന വ്യക്തമായ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. എന്തു കഴിക്കണം എന്നതിലുപരി എങ്ങനെ കഴിക്കണം, എപ്പോള്‍ കഴിക്കണം, എത്ര കഴിക്കണം എന്നീ കാര്യങ്ങള്‍കൂടി ആയുര്‍വേദം പരിഗണിക്കുന്നു. ആഹാരത്തിന്‍െറ ഗുണത്തോടൊപ്പം കഴിക്കുന്ന വ്യക്തിയുടെ ദഹനശേഷിയെക്കൂടി ആശ്രയിച്ചാണ് ഭക്ഷണപദാര്‍ഥം ശരീരത്തിന് അനുകൂലമോ പ്രതികൂലമോ ആകുന്നതെന്നും ആചാര്യന്മാര്‍ പറയുന്നു. ഏതെല്ലാം ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിച്ചുകൂടാ എന്ന കാര്യത്തിലും നിഷ്കര്‍ഷയുണ്ട്. വിരുദ്ധാഹാരത്തെക്കുറിച്ച് വളരെ വിശദമായിത്തന്നെ ആയുര്‍വേദം പറയുന്നുണ്ട്.
ഓരോ ദേശത്തെയും കാലാവസ്ഥക്കും ചുറ്റുപാടിനുമനുസൃതമായി വിളയുന്ന ധാന്യങ്ങളും പച്ചക്കറികളും ആ ദേശത്തുള്ള മനുഷ്യര്‍ക്ക് ആഹാരത്തിന് അനുയോജ്യമാണ്. ആഹാരത്തില്‍ ധാന്യത്തിന്‍െറ അംശം കൂടിയിരിക്കണം. എണ്ണയില്‍ വറുത്തതും മറ്റും അമിതമായി കഴിക്കരുത്. ഉപ്പിലിട്ടത്, അച്ചാര്‍ എന്നിവ മിതമായിമാത്രം ഉപയോഗിക്കണം. ആമാശയത്തിന്‍െറ പകുതിഭാഗം ഭക്ഷണത്തിനും കാല്‍ഭാഗം വെള്ളത്തിനുമാകണം. ബാക്കിഭാഗം ഒഴിച്ചിടണം. ഒരുതവണ ഭക്ഷണംകഴിച്ച്, അത് മുഴുവനായി ദഹിച്ചശേഷംമാത്രമേ അടുത്ത ഭക്ഷണം കഴിക്കാവൂ എന്നും രാത്രി വൈകി ആഹാരം കഴിക്കരുതെന്നും ആയുര്‍വേദത്തില്‍ പറയുന്നു.
കൂടാതെ, ഒരുമിച്ചുകഴിക്കുമ്പോള്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍മൂലം വിഷമയമായി മാറുന്ന വിരുദ്ധാഹാരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനും ആയുര്‍വേദം നിര്‍ദേശിക്കുന്നുണ്ട്. പാലിനോടൊപ്പം മത്സ്യമാംസങ്ങളും മാങ്ങപോലെ പുളിയുള്ള പഴങ്ങളും കഴിക്കുമ്പോള്‍ അത് വിരുദ്ധാഹാരമായി മാറുന്നു. കോഴിയിറച്ചിയോടൊപ്പം തൈര്, തേനിന്‍െറ കൂടെ നെയ്യ്, ഇലക്കറികളുടെകൂടെ പാല്‍ തുടങ്ങിയവയും വിരുദ്ധാഹാരങ്ങളുടെ പട്ടികയില്‍വരുന്നവയാണ്.
ഹോമിയോയില്‍ പൊതുവെ സുഗന്ധവ്യഞ്ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കരുതെന്ന് പറയുന്നുണ്ട്. പ്രത്യേകിച്ച്, ഹോമിയോമരുന്നുകള്‍ കഴിക്കുമ്പോള്‍. പച്ചക്കറികളും പഴവര്‍ഗങ്ങളും കൂടുതല്‍ കഴിക്കാനും മാംസഭക്ഷണങ്ങള്‍ മിതമായി മാത്രം ഉപയോഗിക്കാനുമാണ് ഹോമിയോ ചികിത്സകര്‍ നിര്‍ദേശിക്കാറുള്ളത്.
അതേസമയം, പച്ചക്കറികളും പഴങ്ങളും മാത്രം കഴിച്ചാല്‍ മതി എന്ന പക്ഷക്കാരാണ് പ്രകൃതിചികിത്സകര്‍. പച്ചക്കറികള്‍ കഴിയുന്നത്ര വേവിക്കാതെ കഴിക്കാനും ധാന്യാഹാരങ്ങള്‍ക്കൊപ്പം പഴങ്ങള്‍ കഴിക്കാതിരിക്കാനും പ്രകൃതിചികിത്സാ സമ്പ്രദായം നിര്‍ദേശിക്കുന്നു.
l

നിങ്ങളുടെ അഭിപ്രായങ്ങള്‍