തലശ്ശേരി: കണ്ണൂര്‍ -തലശ്ശേരി ദേശീയപാതയില്‍ മുഴപ്പിലങ്ങാട് റെയില്‍വേ മേല്‍പാലത്തില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അറുപതോളം പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ തലശ്ശേരി ജനറല്‍ ആശുപത്രി, സഹകരണ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
തലശ്ശേരി ബി.ഇ.എം.പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൊടുവള്ളി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തലശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കടക്കമാണ് പരിക്ക്. ഇവരില്‍ 38 പേരെ തലശ്ശേരി സഹകരണ ആശുപത്രിയിലും 22 പേരെ തലശ്ശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ‘ശ്രദ്ധ’ ബസും കോഴിക്കോട് നിന്ന് കാസര്‍കോട്ടേക്ക് വരുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ‘ഉദയഗിരി’ ബസുമാണ് കൂട്ടിയിടിച്ചത്. അമിതവേഗത്തില്‍ വന്ന ഉദയഗിരി ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ‘ശ്രദ്ധ’ ബസില്‍ വന്നിടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ‘ശ്രദ്ധാ’ ബസിലെ ഡ്രൈവര്‍ കൂത്തുപറമ്പ് പൂക്കോട് സ്വദേശി വിനോദിനെ (44) തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തകര്‍ന്ന ബസില്‍ കുടുങ്ങിയ ഇദ്ദേഹത്തെ അരമണിക്കൂറോളം ശ്രമിച്ചാണ് പുറത്തെടുത്തത്. വിനോദിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗുരുതര പരിക്കേറ്റ ‘ശ്രദ്ധ’ ബസിലെ യാത്രക്കാരന്‍ മുഴപ്പിലങ്ങാട് സ്വദേശി ടി.വി. ബാബു (32)വും തലശ്ശേരി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്‍െറ തലക്കാണ് പരിക്ക്.
കൊടുവള്ളി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സൗഗന്ധ് (എട്ട്), നിവേദ് (12), ശൈഫുദ്ദീന്‍ (14), ബി.ഇ.എം.പി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അബ്ദുല്‍ സമദ് (11), പി. മുഹമ്മദ് (11), ഷബാബ് (14), റിസ്വാന്‍ (14), തലശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഷാന (13), ജുമാന (12) തുടങ്ങിയ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.
മടപ്പള്ളി സ്വദേശി ജ്യോതിഷ്ലാല്‍ (32), പൊന്ന്യം സ്വദേശി പ്രജിത്ത് (30), പാനൂര്‍ പാറാട്ട് സ്വദേശി ഹനീഫ (55), മുഴപ്പിലങ്ങാട് സ്വദേശികളായ നിഷ (37), മുഫ്സീര്‍ (24), സിദ്ദീഖ് (32), ബിന്ദു (37), മുത്സീര്‍ (19), റംസീന (19), അനിത (50), ജയലക്ഷ്മി (60), മുസ്തഫ (53), സമീര്‍ (25), രമേശന്‍ (59), ജാസിര്‍ബിര്‍ (20), മുഹമ്മദ് റാസിം (24), രാജഷ് (24) തുടങ്ങി അറുപതോളം പേര്‍ക്കും പരിക്കേറ്റു.
തിമിര്‍ത്തുപെയ്ത മഴ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കി. എടക്കാട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരും ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു. റൂട്ടില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
മേല്‍പാലത്തിന് മധ്യത്തിലെ വളവ് ഇവിടെ ഇടക്കിടെ അപകടത്തിനിടയാക്കുന്നു. വളവ് ശ്രദ്ധിക്കാതെയും അമിത വേഗതയിലുള്ള വാഹനങ്ങളുടെ സഞ്ചാരവുമാണ് പലപ്പോഴും അപകടമുണ്ടാക്കുന്നത്. ‘ശ്രദ്ധ’ ബസിന്‍െറ ഡ്രൈവര്‍ വിനോദ് കുമാറിന്‍െറ പരാതിപ്രകാരം കോഴിക്കോട്-കാസര്‍കോട് ഉദയഗിരി ബസ് ഡ്രൈവര്‍ക്കെതിരെ എടക്കാട് പൊലീസ് കേസെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍