‘ജീവിതത്തിന്‍െറ ഇടനാഴിയില്‍ ദൈവത്തിന്‍െറ കാലൊച്ച കേട്ടതോടെയാണ് ഞാന്‍ സിനിമയില്‍ നിന്ന് പിന്മാറിയത്’- കാട്ടിലെ പാഴ്മുളം തണ്ട് പോലുമില്ലാതെ പാട്ടിന്‍െറ പാലാഴി തീര്‍ക്കാന്‍ കഴിവുള്ള വി. ദക്ഷിണാമൂര്‍ത്തിയുടെ വാക്കുകള്‍. ‘ഇടനാഴിയില്‍ ഒരു കാലൊച്ച’ എന്ന സിനിമക്ക് ശേഷം സിനിമാഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നതില്‍ നിന്ന് മാറി നിന്നതിനെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു കേരളം കണ്ടതില്‍വെച്ച് ഏറ്റവും പ്രഗത്ഭനായ സംഗീതജ്ഞരിലൊരാളായ ദക്ഷിണാമൂര്‍ത്തി. ‘സിനിമക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത് നിര്‍ത്തിയത് ദൈവനിയോഗം കൊണ്ടാണ്. സനാതനമായ സത്യം ദൈവവും സംഗീതവും മാത്രമാണ്’- ദക്ഷിണാമൂര്‍ത്തി പറഞ്ഞു.
ആറ് പതിറ്റാണ്ടില്‍ അധികമായി സംഗീതലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ദക്ഷിണാമൂര്‍ത്തി അമ്മയുടെ പാട്ടുകള്‍ കേട്ടുകൊണ്ടാണ് സംഗീതത്തിന്‍െറ ലോകത്തേക്ക് പിച്ചവെച്ചത്. പിന്നെ ഗുരു വെങ്കിടാചലം വഴികാട്ടിയായി. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 125ലധികം ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. ‘ഇടനാഴിയില്‍ ഒരു കാലൊച്ച’ എന്ന ചിത്രത്തിന് ശേഷം ഇതിനോട് വിടപറയുകയായിരുന്നു. ഈ സിനിമയിലെ ‘വാതില്‍പഴുതിലൂടെന്‍ മുന്നില്‍’ എന്ന് തുടങ്ങുന്ന ഗാനം ഏറെ ഹിറ്റായ ശേഷം പലരും പുതിയ ചിത്രവുമായി സമീപിച്ചെങ്കിലും ഏറ്റെടുക്കാന്‍ തയാറായില്ല. പിന്നീട് ഏറെ നിര്‍ബന്ധത്തിന് വഴങ്ങി 2008ല്‍ ‘മിഴികള്‍ സാക്ഷി’ എന്ന സിനിമക്ക് വേണ്ടി നാല് പാട്ടുകള്‍ക്ക് സംഗീതം നല്‍കി. ‘പുതിയ ഗായകരെല്ലാം ഏറെ പ്രതീക്ഷ നല്‍കുന്നവരാണ്. കൃത്യമായ പരിശീലനമാണ് അവര്‍ക്ക് വേണ്ടത്’- അദ്ദേഹം പറയുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍