Fri, 06/29/2012 - 08:32 ( 50 weeks 4 daysago)
ഇറ്റലി-സ്പെയിന്‍ ഫൈനല്‍
(+)(-) Font Size
ഇറ്റലി-സ്പെയിന്‍ ഫൈനല്‍
ജര്‍മനി 1 - ഇറ്റലി 2

വാഴ്സോ: പ്രതീക്ഷകളുടെ അമരത്ത് ബൂട്ടുകെട്ടിയ ജര്‍മന്‍ സ്വപ്നങ്ങള്‍ കവര്‍ന്ന് മാറിയോ ബലോട്ടെല്ലിയുടെ ഇരട്ടഗോളുകള്‍ വല കുലുക്കിയപ്പോള്‍ ഇറ്റലിക്ക് യൂറോകപ്പ് ഫുട്ബാളില്‍ ഫൈനല്‍ പ്രവേശം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജര്‍മന്‍ കരുത്തിനെ മലര്‍ത്തിയടിച്ച അസൂറിപ്പട ഞായറാഴ്ച നടക്കുന്ന കലാശക്കളിയില്‍ നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിനെ നേരിടും. 20, 36 മിനിറ്റുകളില്‍ ജര്‍മന്‍ വല കുലുക്കിയാണ് ബലോട്ടെല്ലി അസൂറിപ്പടയെ അന്തിമ പോരാട്ടത്തിലേക്ക് നയിച്ചത്. ഇഞ്ചുറി ടൈമില്‍ മെസൂത് ഒസീലിന്‍െറ വകയായിരുന്നു ജര്‍മന്‍ ഗോള്‍.
യൂറോകപ്പ് ഫുട്ബാളില്‍ ആറു തവണ സെമി കളിച്ച ജര്‍മനി അഞ്ചു തവണയും ജയിച്ചുകയറിയിട്ടുണ്ടെങ്കിലും ഒരു കോംപറ്റേറ്റീവ് മത്സരത്തില്‍ ഇറ്റലിയെ തോല്‍പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന യാഥാര്‍ഥ്യങ്ങള്‍ക്കൊപ്പമാണ് വാഴ്സോയിലെ നാഷനല്‍ സ്റ്റേഡിയത്തില്‍ ബൂട്ടുകെട്ടിയിറങ്ങിയത്. വെറ്ററന്‍ സ്ട്രൈക്കര്‍ മിറോസ്ളാവ് ക്ളോസെക്ക് പകരം മരിയോ ഗോമസിനെയും ആന്ദ്രേ ഷുവര്‍ലെക്ക് പകരം ലൂകാസ് പൊഡോള്‍സ്കിയെയും മുന്‍നിരയിലേക്ക് തിരിച്ചുവിളിച്ചാണ് ജര്‍മനി തന്ത്രം മെനഞ്ഞത്. പരിക്കുമാറി ബാസ്റ്റ്യന്‍ ഷ്വൈന്‍സ്റ്റൈഗര്‍ പ്ളേയിങ് ഇലവനില്‍ ഇടംകണ്ടത് ജര്‍മനിക്ക് കരുത്തുപകര്‍ന്നു. ടോണി ക്രൂസും ഇലവനിലെത്തിയതോടെ മാര്‍കോ റോയ്സിന് പകരക്കാരുടെ ബെഞ്ചിലായി സ്ഥാനം.
ഇറ്റലി നിരയില്‍ മാറിയോ ബലോട്ടെല്ലിയും അന്‍േറാണിയോ കസാനോയും വീണ്ടും ആക്രമണത്തിനിറങ്ങി. പരിക്കേറ്റ ഡിഫന്‍ഡര്‍ ഇഗ്നേസിയോ അബാറ്റെ പുറത്തായപ്പോള്‍ ഫിറ്റ്നസ് വീണ്ടെടുത്ത് ജിയോര്‍ജിയോ ചീലിനി തിരിച്ചെത്തി.
ഇരുടീമും ഒപ്പത്തിനൊപ്പം പോരാടിയ ആദ്യ നിമിഷങ്ങളില്‍ ആദ്യ അവസരം ജര്‍മനിയുടെതായിരുന്നു. അഞ്ചാം മിനിറ്റില്‍ ഇടതുപാര്‍ശ്വത്തില്‍നിന്ന് വന്ന ക്രോസില്‍ പോസ്റ്റിന് മുന്നില്‍ ഹമ്മല്‍സ് വലയിലേക്ക് തട്ടിയ പന്ത് ഗോളി ബഫണിന്‍െറ കാലുകള്‍ക്കിടയിലൂടെ ലക്ഷ്യത്തിലേക്ക് നീങ്ങവെ ഗോള്‍ലൈനില്‍ പിര്‍ലോ നെഞ്ചുകൊണ്ട് തടഞ്ഞിട്ടു.
ആദ്യ സെമിയിലെന്ന പോലെ ഗോള്‍ വഴങ്ങാതിരിക്കാന്‍ ഇരുനിരയും കനത്ത ജാഗ്രത പുലര്‍ത്തി. കളി പുരോഗമിക്കവെ ആക്രമിച്ചു കയറിയ ജര്‍മന്‍ നീക്കങ്ങള്‍ക്കായിരുന്നു മൂര്‍ച്ച കൂടുതല്‍. 13ാം മിനിറ്റില്‍ സമി ഖെദീരയുടെ ശ്രമം ബഫണ്‍ തടഞ്ഞെങ്കിലും കൈയില്‍നിന്ന് വഴുതിയ പന്ത് ബാല്‍സരേറ്റയുടെ കാലില്‍ തട്ടി പുറത്തേക്ക് പോയത് ഇറ്റലിക്ക് ആശ്വാസമേകി. പിന്നാലെ വലതുവിങ്ങിലൂടെ കുതിച്ച് ടോണിക്രൂസ് തൊടുത്ത പൊള്ളുന്ന ഷോട്ട് ബഫണ്‍ ആയാസപ്പെട്ടാണ് കുത്തിയകറ്റിയത്. 17ാം മിനിറ്റില്‍ ഇറ്റലി നടത്തിയ പ്രത്യാക്രമണത്തില്‍ മൊണ്ടോലിവോയുടെ നിലംപറ്റെയുള്ള ഷോട്ട് പിടിച്ചെടുത്ത് മാനുവല്‍ ന്യൂയെറും മിടുക്കുകാട്ടി. അടുത്ത മിനിറ്റില്‍ കസാനോയുടെ ഷോട്ടും ന്യൂയെറുടെ മിടുക്കില്‍ നിഷ്പ്രഭമായി. ഈ തുടര്‍ ആക്രമണങ്ങളില്‍നിന്ന് ഇറ്റലി ലീഡ് നേടി. 20ാം മിനിറ്റില്‍ പിര്‍ലോ മൈതാന മധ്യത്തില്‍നിന്നേന്നോണം നല്‍കിയ പാസാണ് ഗോളിന് വിത്തിട്ടത്. ഇടതുവിങ്ങില്‍നിന്ന് കസാനോ ഉതിര്‍ത്ത ഒന്നാന്തരം ക്രോസില്‍ തകര്‍പ്പന്‍ ഹെഡറുതിര്‍ത്താണ് ബലോട്ടെല്ലി അസൂറിപ്പടയെ മുന്നിലെത്തിച്ചത്. ബലോട്ടെല്ലിയെ മാര്‍ക്ക് ചെയ്യാന്‍ നിയോഗിക്കപ്പെട്ട ബാഡ്സ്റ്റ്യൂബര്‍ വെറുമൊരു കാഴ്ചക്കാരന്‍ മാത്രമായി. ആദ്യത്തെ ഉറച്ച അവസരത്തില്‍നിന്നായിരുന്നു ഇറ്റാലിയന്‍ ഗോള്‍. അപ്രതീക്ഷിതമായി പിന്നിലായ ജര്‍മനി ആക്രമണം കനപ്പിച്ചെങ്കിലും മുന്നേറ്റങ്ങള്‍ക്ക് ലക്ഷ്യബോധമുണ്ടായിരുന്നില്ല. ഇറ്റലിയാകട്ടെ പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്തു. ഇതിനിടെ 35ാം മിനിറ്റില്‍ ലീഡുയര്‍ത്താന്‍ മൊണ്ടോലിവോക്ക് അവസരം ലഭിച്ചെങ്കിലും നിറയൊഴിക്കും മുമ്പ് ജര്‍മന്‍ പ്രതിരോധം തടഞ്ഞു. അടുത്ത മിനിറ്റില്‍ ഖെദീരയുടെ ഗോളെന്നുറച്ച തകര്‍പ്പന്‍ഷോട്ട് ബഫണ്‍ ശ്രമകരമായി തട്ടിയകറ്റി.
സമനില ഗോളിനുവേണ്ടി കിണഞ്ഞുശ്രമിച്ച ജര്‍മനിയെ ഞെട്ടിച്ച് 36ാം മിനിറ്റില്‍ ബലോട്ടെല്ലി വീണ്ടും വലകുലുക്കി. മൈതാന മധ്യത്തിനിപ്പുറംനിന്ന് മൊണ്ടോലിവോ പന്ത് ബലോട്ടെല്ലിക്ക് ലക്ഷ്യമാക്കി നല്‍കുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം എതിര്‍ ഡിഫന്‍ഡര്‍മാര്‍ക്ക് പിന്നിലായിരുന്നു. ഞൊടിയിടയില്‍ മുന്നോട്ടാഞ്ഞ് പന്തെടുത്ത ബലോട്ടെല്ലി 30 വാര അകലെനിന്ന് തൊടുത്ത ഒന്നാന്തരം ഡ്രൈവ് വലയുടെ മൂലയിലേക്ക് പാഞ്ഞുകയറുമ്പോള്‍ ന്യൂയെര്‍ക്ക് അനങ്ങാന്‍ പോലുമായില്ല.
രണ്ടാം ഗോളും വീണതോടെ മനസ്സുതകര്‍ന്ന രീതിയിലാണ് ജര്‍മന്‍ ടീം പന്തു തട്ടിയത്. ഒത്തിണക്കമില്ലാതെയും ലക്ഷ്യബോധമില്ലാതെയും ജര്‍മന്‍ താരങ്ങള്‍ ഉഴറിനടന്നപ്പോള്‍ പിര്‍ലോ-മൊണ്ടോലിവോ-മാര്‍ചിസിയോ സഖ്യത്തിന്‍െറ മികവില്‍ ഇറ്റലി മധ്യനിരയുടെ ആധിപത്യം പിടിച്ചെടുത്തു. ഗോമസിന് പകരം ക്ളോസെക്കും പൊഡോള്‍സ്കിക്ക് പകരം റോയ്സിനും അവസരം നല്‍കിയാണ് രണ്ടാം പകുതിയില്‍ ജര്‍മനി കളത്തിലെത്തിയത്. രണ്ടു ഗോളിന്‍െറ ബാധ്യത തീര്‍ക്കേണ്ടിയിരുന്ന ജര്‍മനി ഇടവേളക്ക് തൊട്ടുടനെ റോയ്സിലൂടെയും ലാമിലൂടെയും ഗോളിനടുത്തെത്തി. 58ാം മിനിറ്റില്‍ സ്ട്രൈക്കര്‍ കസാനോയെ പിന്‍വലിച്ച് മീഡ്ഫീല്‍ഡര്‍ അലസ്സാന്ദ്രോ ദിയാമെന്‍റിയെ ഇറ്റലി കളത്തിലെത്തിച്ചു. കളി ഒരു മണിക്കൂര്‍ പിന്നിടവെ ക്രൂസിനെ ബൊനൂച്ചി വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ഷ്വൈന്‍സ്റ്റൈഗര്‍ തൊടുത്തത് വലയിലേക്ക് പാഞ്ഞുകയറവെ ബഫണ്‍ അവസാന നിമിഷം തട്ടിയകറ്റി. പിന്നാലെ മൊണ്ടോലിവോക്ക് പകരം തിയാഗോ മോട്ട മൈതാനത്തിറങ്ങി. 67ാം മിനിറ്റില്‍ മാച്ചിസിയോ ഗോളി മാത്രം നില്‍ക്കേ സുവര്‍ണാവസരം പുറത്തേക്കടിച്ച് തുലച്ചു.
രണ്ടു ഗോളിന് പിന്നിലായ ആഘാതം വിട്ടുമാറാത്ത രീതിയിലാണ് രണ്ടാം പകുതിയിലും ജര്‍മനി പന്തുതട്ടിയത്. മിസ്പാസുകളും ഒത്തിണക്കമില്ലാത്ത മുന്നേറ്റങ്ങളുമായി അവര്‍ ഇറ്റലിയുടെ വഴി എളുപ്പമാക്കി. ഹാട്രിക്കില്‍ കണ്ണുംനട്ട് കളത്തിലുണ്ടായിരുന്ന ബലോട്ടെല്ലി 70ാം മിനിറ്റില്‍ കരക്കെത്തി. പരിക്കുകാരണം ബലോട്ടെല്ലിയെ പിന്‍വലിച്ചപ്പോള്‍ അന്‍േറാണിയോ ഡിനതാലെ രംഗത്തുവന്നു. ബോട്ടെങ്ങിന് പകരം തോമസ് മ്യൂളര്‍െ കളത്തിലിറങ്ങിയിട്ടും ജര്‍മനിയുടെ ‘ആലസ്യം’ മാറിയില്ല. 75ാം മിനിറ്റില്‍ മാര്‍ച്ചിസിയോ വീണ്ടും സുവര്‍ണാവസരം തുലച്ചു. 83ാം മിനിറ്റില്‍ ബാല്‍സരേറ്റി വല കുലുക്കിയെങ്കിലും ഓഫ്സൈഡ് ഫ്ളാഗ് വിനയായി. ഇഞ്ചുറി ടൈമില്‍ ബാല്‍സരേറ്റിയുടെ കൈയില്‍ പന്തുകൊണ്ടതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഒസീല്‍ ആശ്വാസഗോള്‍ നേടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus