ഞാന്‍ നായര്‍ സമുദായോന്നതിക്കായി നിരന്തരം ആലോചിക്കുകയും പരിശ്രമിക്കുകയും ചെയ്യും. അങ്ങനെയുള്ള ശ്രമങ്ങളില്‍ ഇതര സമുദായക്കാര്‍ക്ക് ക്ഷോഭകരമായി ഒരു പ്രവൃത്തിയും ചെയ്യുന്നതല്ല. ഈ സംഘോദ്ദേശ്യങ്ങളെ മുന്‍നിര്‍ത്തിയും ഉദ്ദേശ്യസാധ്യത്തിനു വേണ്ട ന്യായമായ കരുതലോടുകൂടിയും ജീവിച്ചുകൊള്ളാം. സത്യം, സത്യം, സത്യം. -1914 ഒക്ടോബര്‍ 31ന് മന്നത്ത് പത്മഭനാഭന്‍െറ (1878-1970) നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട നായര്‍ സര്‍വീസ് സൊസൈറ്റിയുടെ (എന്‍.എസ്.എസ്) ഔദ്യാഗിക പ്രതിജ്ഞാ വാചകമാണിത്. നായര്‍ സമുദായത്തിന്‍െറ ശോചനീയമായ പൊതു അവസ്ഥയാണ് എന്‍.എസ്.എസ് രൂപവത്കരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് മന്നം പറയുന്നുണ്ട്. അദ്ദേഹത്തിന്‍െറ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, ‘കേസുകെട്ട്, താലികെട്ട്, കുതിരകെട്ട്, വെടിക്കെട്ട് എന്നീ നാലുകെട്ടുകള്‍ സമുദായത്തെ നശിപ്പിച്ചുകൊണ്ടിരിക്കെയാണ് അവര്‍ക്കിടയില്‍ നവോത്ഥാനത്തിന്‍െറ സന്ദേശവും സാമ്പത്തിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യവും പറഞ്ഞുകൊണ്ട് എന്‍.എസ്.എസ് രംഗത്തുവരുന്നത്.
ലളിതമായി പറഞ്ഞാല്‍ നായര്‍ സമുദായത്തിന്‍െറ സര്‍വതോന്മുഖമായ അഭിവൃദ്ധിയാണ് എന്‍.എസ്.എസിന്‍െറ ലക്ഷ്യം. ഒരു ജനാധിപത്യ സമൂഹത്തില്‍ വിവിധ സമുദായങ്ങള്‍ അവരവരുടെ പുരോഗതി ലക്ഷ്യമാക്കി സംഘടിച്ചു പ്രവര്‍ത്തിക്കുന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. ഇതര സമുദായങ്ങളുമായി സംഘര്‍ഷത്തിലാവാത്ത കാലത്തോളം മൊത്തം സമൂഹത്തിന്‍െറയും രാഷ്ട്രത്തിന്‍െറയും മുന്നേറ്റത്തില്‍ അത് ഗുണപരമായ സംഭാവനകള്‍ നല്‍കുമെന്നതാണ് യാഥാര്‍ഥ്യം. നായര്‍ സമുദായോദ്ധാരണം എന്ന രൂപവത്കരണ ലക്ഷ്യത്തില്‍ എന്‍.എസ്.എസ് ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ടെന്നതും സത്യമാണ്. ഇന്ന് കേരളത്തിന്‍െറ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മണ്ഡലങ്ങളിലെല്ലാം ഏറ്റവും മേല്‍ക്കൈയുള്ള സമുദായമാണിത്. ഉദ്യോഗ, തൊഴില്‍ രംഗങ്ങളിലും സംസ്ഥാന, കേന്ദ്ര ഭരണങ്ങളിലും രാഷ്ട്രീയ നേതൃത്വത്തിലുമെല്ലാം ജനസംഖ്യാനുപാതത്തിലും എത്രയോ അധികമാണ് നായര്‍ സമുദായത്തിന്‍െറ പ്രാതിനിധ്യം. ചുരുക്കത്തില്‍, ഒരു സമുദായമെന്ന നിലക്ക് കേരളത്തിലെ മുന്നാക്ക, അധീശ വിഭാഗമാണവര്‍. നായര്‍ സമുദായം ഇത്തരമൊരു പുരോഗതിയിലേക്ക് എത്തിപ്പെട്ടതില്‍ ആരും അസൂയപ്പെടുകയോ അവരോട് കലഹിക്കുകയോ ചെയ്യേണ്ട കാര്യമില്ല. എന്നാല്‍, അടുത്ത കാലത്തായി എന്‍.എസ്.എസ് സ്വീകരിച്ചുകൊണ്ടിരിക്കുന്ന സമീപനങ്ങള്‍, സ്വസമുദായത്തിന്‍െറ പുരോഗതി എന്നതിലുപരി മറ്റ് സമുദായങ്ങളുടെ മുന്നേറ്റങ്ങളെ തടസ്സപ്പെടുത്തുക എന്നതായി മാറിയിരിക്കുന്നുവെന്ന് ഖേദപൂര്‍വം പറയേണ്ടതുണ്ട്. ‘ഇതര സമുദായങ്ങള്‍ക്ക് ക്ഷോഭകരമായ ഒന്നും ചെയ്യുന്നതല്ല’ എന്ന തങ്ങളുടെ തന്നെ പ്രതിജ്ഞാ വാചകം എന്‍.എസ്.എസ് മറന്നതുപോലെ തോന്നുന്നു.
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ സമുദായങ്ങളും സംഘടനകളും തമ്മില്‍ പാലിക്കേണ്ട മര്യാദകളുടെ സീമകളെ ലംഘിക്കുന്നതാണ്. മുസ്്ലിം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് എന്‍.എസ്.എസും സുകുമാരന്‍ നായരും ഏറ്റവും രൂക്ഷമായി രംഗത്തിറങ്ങിയത്. അദ്ദേഹത്തിന്‍െറ വാക്കുകളും ശരീരഭാഷയും വിദ്വേഷം പേറുന്നതായിരുന്നു. നായര്‍ സമുദായത്തിന് ജനസംഖ്യാനുപാതത്തിലുമധികം മന്ത്രി സ്ഥാനങ്ങള്‍ ഉണ്ടായിരിക്കെയാണ് ലീഗിന് അഞ്ചാം സ്ഥാനം നല്‍കുന്നത് സമുദായ സന്തുലിതത്വം തകര്‍ക്കുമെന്ന വാദവുമായി അദ്ദേഹം രംഗത്തുവന്നത്. ഈ വാദമുയര്‍ത്തി എന്നു മ ാത്രമല്ല, കേരളത്തിന്‍െറ സാമൂഹിക അന്തരീക്ഷത്തെ കലുഷമാക്കിക്കൊണ്ട് വിപുലമായ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു എന്‍.എസ്.എസ്. ന്യൂനപക്ഷങ്ങള്‍ അസന്തുലിതമായി സ്ഥാനങ്ങള്‍ നേടുന്നുവെന്നായിരുന്നു അദ്ദേഹമന്ന് വാദിച്ചിരുന്നത്. എന്നാല്‍, രാജ്യസഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കോണ്‍ഗ്രസിന്‍െറ രണ്ട് സീറ്റുകളും ഒരു പ്രത്യേക സമുദായക്കാര്‍ക്ക് നല്‍കിയപ്പോള്‍ സുകുമാരന്‍ നായര്‍ പ്രത്യേകിച്ചൊന്നും പറഞ്ഞതുമില്ല. അപ്പോള്‍ വെറും ന്യൂനപക്ഷമല്ല, മുസ്്ലിം ന്യൂനപക്ഷമാണ് എന്‍.എസ്.എസിന്‍െറ പ്രശ്നമെന്ന് സംശയിക്കേണ്ടിവരുന്നു. മുസ്്ലിം സമുദായത്തിലുണ്ടാകുന്ന രാഷ്ട്രീയവും സാമൂഹികവുമായ ഉണര്‍വുകളെ ഭയക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന പ്രവണത -ഇസ്്ലാമോഫോബിയ- ഇന്നൊരു സാര്‍വദേശീയ യാഥാര്‍ഥ്യമാണ്. നായര്‍ സമുദായത്തിന് എന്തെങ്കിലും ലഭിക്കാത്തതല്ല, അവര്‍ക്ക് വേണ്ടത്ര മന്ത്രി സ്ഥാനങ്ങളോ സ്കൂളുകളോ ഇല്ലാത്തതല്ല; മുസ്്ലിം സമുദായത്തിന് ലഭിക്കുന്നുവെന്നതാണ് എന്‍.എസ്.എസിന്‍െറ പ്രശ്നം എന്ന് വരുമോ? നരസിംഹറാവു ഗവണ്‍മെന്‍റ് ഏരിയ ഇന്‍റന്‍സീവ് സ്കീമില്‍ പെടുത്തി അനുവദിച്ച 35ഓളം സ്കൂളുകള്‍ ഔദ്യാഗികമായി എയ്ഡഡ് ആക്കുന്നതുമായി (പ്രയോഗത്തില്‍ ഇപ്പോള്‍ തന്നെ അവ എയ്ഡഡ് ആണ്!) ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളിലും എന്‍.എസ്.എസിന്‍െറ ഈ സങ്കുചിത സമീപനം പ്രകടമാണ്. എയ്ഡഡ് സ്കൂളുകളുടെ എണ്ണത്തിന്‍െറ കാര്യത്തില്‍ മറ്റേതൊരു സമുദായത്തേക്കാളും മുന്നിലാണ് എന്‍.എസ്.എസ്. ന്യൂനപക്ഷങ്ങള്‍ സ്വയം പണം കണ്ടെത്തി സ്വാശ്രയ സ്ഥാപനങ്ങളും അണ്‍ എയ്ഡഡ് സ്കൂളുകളും നടത്തുമ്പോള്‍ സര്‍ക്കാര്‍ ശമ്പളത്തില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളെക്കൊണ്ട് അനുഗൃഹീതമാണ് എന്‍.എസ്.എസ്. ഈ പ്രശ്നത്തിന്‍െറ പേരില്‍ ‘മുഖ്യമന്ത്രി മലപ്പുറത്തേക്ക് താമസം മാറ്റണ’മെന്നുവരെ സുകുമാരന്‍ നായര്‍ പ്രസ്താവിച്ചു കളഞ്ഞു. വിവേകമതിയായ ഒരു നേതാവില്‍നിന്ന് പ്രതീക്ഷിക്കുന്നതല്ല ഇത്തരം വാക്കുകള്‍.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അടക്കം മാറിമാറി വന്ന ഭരണകൂടങ്ങള്‍ എന്‍.എസ്.എസിന് ചെയ്തു കൊടുത്ത, ഭൂമി ദാനങ്ങളടക്കമുള്ള വന്‍ ആനുകൂല്യങ്ങള്‍ ഇവിടെ ആരും അറിയാഞ്ഞിട്ടല്ല. പക്ഷേ, മാന്യതയും സാമൂഹിക സഹവര്‍ത്തിത്വം നിലനില്‍ക്കണമെന്ന ആഗ്രഹവും നിമിത്തം ആരും അത് വിവാദമാക്കാത്തതാണ്. ഈ മാന്യത ദൗര്‍ബല്യമായി എന്‍.എസ്.എസ് നേതൃത്വം കരുതുന്നത് നല്ലതല്ല. ഇതര സമുദായങ്ങളുമായി ഏറ്റുമുട്ടല്‍ സൃഷ്ടിക്കുന്ന തരത്തിലുള്ള സുകുമാരന്‍ നായരുടെയും എന്‍.എസ്.എസിന്‍െറയും സമീപനങ്ങള്‍ നമ്മുടെ സമൂഹത്തിന് മൊത്തത്തില്‍ ദോഷകരമായി ഭവിക്കും. അതിനാല്‍ എല്ലാവരും ചില പരിധികള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍