12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

കടലില്‍ ഒഴുകുന്നത് സിന്തറ്റിക് സൂപ്പോ

കടലില്‍ ഒഴുകുന്നത് സിന്തറ്റിക് സൂപ്പോ

ഈയിടെ അന്താരാഷ്ട്ര തലത്തില്‍ രണ്ട് സന്നദ്ധസേവന സംഘടനകള്‍ ഒരു മഹായജ്ഞത്തിന് ഇറങ്ങിപ്പുറപ്പെടുകയുണ്ടായി. കരയില്‍നിന്ന് കടലിലേക്ക് തള്ളപ്പെടുന്ന മാലിന്യങ്ങളുടെ വ്യാപ്തിയും ആഘാതവും തിട്ടപ്പെടുത്തുകയായിരുന്നു അവയിലൊരു സംഘത്തിന്‍െറ ദൗത്യം. മറ്റേത് ജപ്പാനെ പിടിച്ചുലച്ച സൂനാമിത്തിരമാലകളെതുടര്‍ന്ന് ആ മേഖലയിലെ കടലിന്‍െറ ഇന്നത്തെ അവസ്ഥ അറിയാനുള്ളതും. സാഹസികമായ ഈ പഠനപര്യവേക്ഷണങ്ങള്‍ പൂര്‍ത്തിയാവും മുമ്പുതന്നെ ശാസ്ത്രസംഘത്തെ പിടിച്ചുകുലുക്കിയ ഒരനുഭവം ഇവര്‍ ഉത്കണ്ഠയോടെ രേഖപ്പെടുത്തുന്നുണ്ട്. മാലിന്യങ്ങള്‍ -പ്രത്യേകിച്ച് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി കടലിലെ ആവാസവ്യവസ്ഥയെതന്നെ തകിടം മറിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസം സങ്കീര്‍ണമാണ്. ഏതെങ്കിലും അഴിമുഖത്തെയോ തീരക്കടലിലെയോ കൊച്ചുകൊച്ചു കാര്യങ്ങളെക്കുറിച്ചല്ല അവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. മറിച്ച്, ലോകത്തെ പ്രധാന സമുദ്രങ്ങളെല്ലാംതന്നെ പ്ളാസ്റ്റിക് മയമായിക്കഴിഞ്ഞുവത്രെ. പഞ്ചസാര മണല്‍ത്തരികള്‍ കണക്കെയുള്ള സൂക്ഷ്മകണങ്ങളാണ് കിലോമീറ്ററുകളോളം ആഴത്തില്‍ പരന്നൊഴുകിക്കിടക്കുന്നത്. ഇതിന്‍െറ അമിതമായ കേന്ദ്രീകരണം പവിഴപ്പുറ്റ് അടക്കമുള്ള കടല്‍ജീവികളുടെ ഭാവി അപകടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വളരെയധികം ഇഴയടുപ്പമുള്ള വല ഉപയോഗിച്ച് കോരിയെടുത്താലേ ഇത്തരം മാലിന്യങ്ങള്‍ പുറത്തെടുക്കാനാവുകയുള്ളൂ. അതോടൊപ്പം അടിത്തട്ടില്‍ വളരുന്ന മത്സ്യക്കുഞ്ഞുങ്ങളും മറ്റു ജീവികളും വലയില്‍ അകപ്പെടുമെന്ന ഒഴിവാക്കാനാവാത്ത ‘പ്രതിക്രിയ’ പ്രതിസന്ധിയുടെ ആഴംകൂട്ടുന്നു. ഇപ്പോള്‍ ഞണ്ട്, കല്ലുമ്മക്കായ വര്‍ഗങ്ങളില്‍പെട്ട കടല്‍സമ്പത്ത് ശ്വാസംമുട്ടിക്കഴിയുന്നതായി സംഘം വെളിപ്പെടുത്തുന്നു. ഓരോ ഗ്രാം പ്ളാസ്റ്റിക് തരികളും കോരിയെടുക്കുമ്പോള്‍ ഇത്രയോ ഇതിലധികമോ കടല്‍സമ്പത്തുകളും ഊറ്റിയെടുക്കുകയാണ് ഫലത്തില്‍ സംഭവിക്കുന്നത്.
ആയിരക്കണക്കിന് കിലോമീറ്ററുകള്‍ ജലയാത്ര നടത്തി സമുദ്രങ്ങളുടെ സംഗമസ്ഥാനത്തുനിന്നും അല്ലാതെയുമായി വ്യത്യസ്തയിടങ്ങളില്‍ പരിശോധനയും പര്യവേക്ഷണവും നടത്തിയ സംഘത്തിന്‍െറ ഇടക്കാല റിപ്പോര്‍ട്ടുകളിലെ സൂചനകള്‍ ഇരുതല മൂര്‍ച്ചയുള്ളതാണ്. കരയിലെ എല്ലാ ദുഷിപ്പുകളും വെള്ളത്തെയും കലക്കിമറിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദുഷിപ്പ് ഇനി ഒരിടത്തുമാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. അതിര്‍വരമ്പില്ലാതെ ഒഴുകി ഭൂതലമാകെ പടരും. കരയിലേതിനെക്കാള്‍ പതിന്മടങ്ങ് പ്രത്യാഘാതമായിരിക്കും സമുദ്രം മലിനമായാല്‍ മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ ഏല്‍ക്കേണ്ടിവരുക. ഒരു വസ്തു ഉണ്ടാക്കുമ്പോള്‍ അതെത്ര ചെറുതാവട്ടെ വലുതാവട്ടെ, ഉപയോഗശേഷം അത് എങ്ങനെ നശിപ്പിച്ചുകളയാമെന്നുള്ള ദൂരക്കാഴ്ചയോടുകൂടിവേണം രൂപകല്‍പന ചെയ്യാന്‍ എന്ന തത്ത്വം വ്യവസായലോകം അംഗീകരിക്കാന്‍ മടികാണിക്കുന്തോറും ഭൂമിയുടെ മരണമണി മുഴങ്ങിക്കൊണ്ടിരിക്കുകയാണെന്ന പഠനസംഘാംഗവും ദക്ഷിണ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സമുദ്ര ഗവേഷണ വിദ്യാര്‍ഥിയുമായ മാര്‍കസ് എറിക്സന്‍െറ അഭിപ്രായപ്രകടനത്തിന്‍െറ അന്തസ്സത്ത റിയോ+20 ഉച്ചകോടിയിലും വേണ്ടവിധം പ്രതിധ്വനിച്ചില്ലെങ്കില്‍ കമ്പോള താല്‍പര്യങ്ങള്‍തന്നെ എന്നും മുന്നില്‍ എന്നേ പറയാനുള്ളൂ.
ഒരു ചെറിയ ബട്ടന്‍ ഉല്‍പാദിപ്പിക്കുമ്പോള്‍തന്നെ ആവശ്യം കഴിഞ്ഞശേഷം അത് ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യാനുള്ള വഴിയും കണ്ടെത്തിയേതീരൂ. അല്ലാത്തപക്ഷം ബട്ടനുകളുടെ ഒരു മലയായിരിക്കും നാളത്തെ തലമുറ എന്തുചെയ്യണമെന്നറിയാതെ ഏറ്റെടുക്കേണ്ടിവരുക. ഈ സംഗതി മുന്‍നിര്‍ത്തി പ്രകൃതിസൗഹൃദവും പുന$ചംക്രമണത്തിന് കഴിയുന്നതുമായ കളിപ്പാട്ടങ്ങളേ നിര്‍മിക്കാവൂ എന്ന് കമ്പനികള്‍ പ്രതിജ്ഞയെടുക്കണമെന്നും ആ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന നയനിലപാടുകള്‍ കൈക്കൊള്ളാന്‍ സര്‍ക്കാറുകള്‍ പ്രതിബദ്ധത കാണിക്കണമെന്നുമാണ് അല്‍ഗലീറ്റ മറൈന്‍ റിസര്‍ച് ഫൗണ്ടേഷന്‍െറയും 5 ജൈര്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറയും നിര്‍ദേശം. സമുദ്രജലത്തിലൂടെയല്ല മറിച്ച് സിന്തറ്റിക് സൂപ്പിലൂടെയാണ് തങ്ങള്‍ യാനപാത്രം തുഴയുന്നതെന്ന പ്രതീതിയാണ് പലപ്പോഴും ഉണ്ടായതെന്നും സംഘം പറയുമ്പോള്‍ കരയിലിരിക്കുന്നവര്‍ക്ക് ആഴക്കടലിലെ അടിയൊഴുക്കുകള്‍ എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല.
ജപ്പാനിലെ സൂനാമിത്തിരകള്‍ വാരിവലിച്ചുകൊണ്ടുപോയ കൂറ്റന്‍ ബോട്ടുകള്‍, റഫ്രിജറേറ്ററുകള്‍, പ്ളാസ്റ്റിക് കണ്ടെയ്നറുകള്‍ എന്നിവ സമുദ്രോപരിതലത്തില്‍ പൊങ്ങിത്താണുകളിക്കുന്ന കാഴ്ചയുടെ മറുവശം പേടിപ്പെടുത്തുന്നതാണ്. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത അത്തരം കൂറ്റന്‍ പെട്ടികളില്‍ അവശ്യവസ്തുക്കള്‍ക്കും ജീവന്‍രക്ഷാ ഔധങ്ങള്‍ക്കും പുറമെ രാസവസ്തുക്കള്‍ മുതല്‍ വിഷവസ്തുക്കള്‍വരെ ഉണ്ടാവാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല. ടണ്‍കണക്കിന് വിഷവസ്തുക്കള്‍ കടലില്‍ കലര്‍ന്നാലുള്ള മലിനീകരണത്തിന്‍െറ ആക്കത്തൂക്കങ്ങള്‍ എവിടെ ചെന്നവസാനിക്കും? കടലില്‍ മാലിന്യം നിറയുകയല്ല, മാലിന്യം സമുദ്രങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ് എന്നാണ് അന്വേഷണസംഘം വിലയിരുത്തിയത്. മണ്ണിനെയും വായുവിനെയും മറന്നുള്ള കളി കടലിനെയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഹരിത സമ്പദ്വ്യവസ്ഥ എന്ന പുതിയ കാഴ്ചപ്പാട് യാഥാര്‍ഥ്യമാകണമെങ്കില്‍ സുസ്ഥിര വികസനം എന്ന് ഉരുവിട്ടതുകൊണ്ട് മാത്രമായില്ല. ഉല്‍പാദനം, വിപണനം എന്നിവയില്‍ മാത്രം കേന്ദ്രീകരിച്ചുള്ള വികസനത്തിന്‍െറ ഏകശിലാരൂപം മാറ്റി പ്രകൃതിയെയും ഭാവിയെയും കണക്കിലെടുത്തുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ചെങ്കില്‍ മാത്രമേ ‘ഭാവി നമുക്കുവേണം’ എന്ന അന്താരാഷ്ട്ര സമൂഹത്തിന്‍െറ ഭൗമസംരക്ഷണ പ്രമേയം സാര്‍ഥകമാവുകയുള്ളൂ; അതിനോട് പൊരുത്തപ്പെടാനുമാവൂ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com