12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

ഈജിപ്ത് വാതില്‍ തുറക്കുമ്പോള്‍

ഈജിപ്ത് വാതില്‍ തുറക്കുമ്പോള്‍

‘ഫറോവമാരുടെ വാഴ്ച മാത്രമല്ല, വീഴ്ചയും കണ്ട നാടാണല്ലോ ഞങ്ങളുടേത്. പണ്ട് മോശെയുടെ അദ്ഭുതവടിയും പ്രത്യക്ഷ ദൈവസഹായവുമുണ്ടായിട്ടും എത്ര കാത്തിരിക്കേണ്ടി വന്നു. അപ്പോള്‍ പിന്നെ അതൊന്നുമില്ലാത്ത ഒരു കാലത്തെക്കുറിച്ച് വ്യാകുലപ്പെടുന്നതില്‍ കാര്യമൊന്നുമില്ല. എന്നാല്‍, ഒന്നുറപ്പ്. കൈറോയിലെ വിമോചനചത്വരത്തിലേക്ക് ഇരമ്പിയെത്തിയ യുവതലമുറയുടെയും വീടകങ്ങളില്‍ ഇരുന്ന് അവര്‍ക്കു വേണ്ടി ദൈവത്തോട് ഇരന്ന ജനതയുടെയും പ്രാര്‍ഥനകള്‍ വിഫലമാവുകയില്ല’-ഈജിപ്തിലെ മാറിമറിയുന്ന സംഭവവികാസങ്ങളുടെ പിന്നാമ്പുറ കഥ തിരക്കിയപ്പോള്‍ റിയാദിലെ ഈജിപ്ഷ്യന്‍ മാധ്യമസുഹൃത്ത് യൂസുഫ് റാസിന്‍െറ പ്രതികരണം. തങ്ങളുടെ നാട്ടിലെ വിപ്ളവത്തെക്കുറിച്ചു കേട്ടുവരുന്ന കഥകളും വിശകലനങ്ങളുമൊക്കെ ഉപരിപ്ളവമാണെന്നു കൂടി മിഡില്‍ ഈസ്റ്റ് ന്യൂസ് ഏജന്‍സി (മിനാ)യുടെ ബ്യൂറോ തലവനായ അദ്ദേഹം പറഞ്ഞു. ആരായിരിക്കും വിജയി എന്ന ചോദ്യത്തിന്, അഹ്മദ് ശഫീഖും മുഹമ്മദ് മുര്‍സിയും എന്നു പറഞ്ഞു ചിരിച്ച അദ്ദേഹം കണ്ണിറുക്കി പറഞ്ഞു: ‘തങ്ങള്‍ക്കു വേണ്ട നേതാവിനെ കണ്ടെത്താന്‍ ജനങ്ങള്‍ക്കു കഴിയുമല്ലോ. പിന്നെ നമ്മളെന്തിനാണ് അവരുടെ വായില്‍ കയറിനിന്നു സംസാരിക്കുന്നത്?’
ഒ.ഐ.സിയുടെ സെക്രട്ടറി ജനറല്‍ അക്മലുദ്ദീന്‍ ഇഹ്സാനോഗ്ലു കഴിഞ്ഞയാഴ്ച ഒരു സൗദി പത്രത്തിനു നല്‍കിയ വിശദമായ അഭിമുഖത്തിലും ഇതുതന്നെയാണ് പറഞ്ഞത്. രാഷ്ട്രീയ ഇസ്ലാം പറയുന്ന കുറേ പാര്‍ട്ടികള്‍ തങ്ങളുടെ രാജ്യത്തിനു ശക്തമായ ബദല്‍ സമര്‍പ്പിക്കാനാവുമെന്ന് അവകാശപ്പെടുന്നു. പടിഞ്ഞാറിന്‍െറ പിന്തുണയോടെ അന്നാടുകളില്‍ നിലവിലിരിക്കുന്ന ഭരണകൂടങ്ങളുടെ പരാജയത്തില്‍നിന്നാണ് അവര്‍ ശക്തി സംഭരിക്കുന്നത്. മാറ്റത്തിനുവേണ്ടി സമാധാനപൂര്‍ണമായ ജനാധിപത്യത്തിന്‍െറ വഴി അവര്‍ തെരഞ്ഞെടുക്കുമ്പോള്‍ അവരെ തടയാന്‍ ലോകത്തിന് എന്തവകാശം?-അക്മലുദ്ദീന്‍ ചോദിച്ചു. ഈ കക്ഷികളെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നുവെങ്കില്‍ അവര്‍ ഭരിക്കട്ടെ. ഭരണത്തിലെ അവരുടെ നീക്കവും പോക്കും നോക്കിയാണല്ലോ ശരിയും തെറ്റും വിലയിരുത്തേണ്ടത്. അഥവാ, കൊള്ളില്ലെങ്കില്‍ അടുത്ത ഊഴത്തില്‍ അവരെ പുറത്തുനിറുത്താനും ജനത്തിനാവുമല്ലോ-ലളിതമായിരുന്നു അദ്ദേഹത്തിന്‍െറ വിശദീകരണം.
കഴിഞ്ഞ കുറേ നാളുകളായി അറബ്ലോകവും അതിനപ്പുറവും കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമായിരുന്നു ഈജിപ്തിലേത്. പക്ഷേ, അത് അപ്രതീക്ഷിതമായിരുന്നില്ല. വോട്ടെടുപ്പ് പ്രവണതകള്‍ പുറത്തുവന്നപ്പോള്‍ തന്നെ മുര്‍സിയുടെ വിജയം സ്വതന്ത്ര നിരീക്ഷകരടക്കം ഉറപ്പിച്ചിരുന്നു. അവര്‍ അവകാശപ്പെട്ടതിനടുത്തു തന്നെയാണ് ഞായറാഴ്ച പ്രഖ്യാപിക്കപ്പെട്ട വോട്ട് ശതമാനവും. എന്നാല്‍, തെരഞ്ഞെടുപ്പിനു മുമ്പും പിമ്പുമായി ഈ വിജയം അട്ടിമറിക്കപ്പെടുന്നതിനുള്ള ദൂരൂഹമായ കരുനീക്കങ്ങള്‍ നടന്നുവന്നു. ഏറ്റവുമൊടുവില്‍ ജൂണ്‍ 21ന് വ്യാഴാഴ്ച ഫലപ്രഖ്യാപനം നടത്താന്‍ നിശ്ചയിച്ച ദിവസം മുന്‍പ്രസിഡന്‍റ് ഹുസ്നി മുബാറകിന്‍െറ ആരോഗ്യനില പൊടുന്നനെ വഷളാവുകയും രാജ്യത്ത് അസ്വസ്ഥതയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുകയും ചെയ്തു. അതിന്‍െറ പേരില്‍ ഫലപ്രഖ്യാപനം പിന്നെയും നീട്ടിവെച്ചു. മുബാറകിന് മസ്തിഷ്കമരണം സംഭവിച്ചെന്ന പ്രചാരണം തന്നെ ബാലിശമാണെന്നും മുര്‍സിയുടെ പ്രതീക്ഷിതജയം അട്ടിമറിക്കാനുള്ള നീക്കമാണെന്നും എഫ്.ജെ.പിയും ഘടകകക്ഷികളും ആരോപിച്ചിരുന്നു. അതിനെ ശരിവെക്കും വിധമാണ് പിന്നീട് കാര്യങ്ങള്‍ പുരോഗമിച്ചത്. ഒടുവില്‍ ജനം തെരഞ്ഞെടുത്ത സ്ഥാനാര്‍ഥിയെതന്നെ വിജയിയായി പ്രഖ്യാപിച്ച് വലിയൊരു രാഷ്ട്രീയ അരാജകത്വത്തിലേക്കു വഴുതാതെ കാക്കാന്‍ നിലവിലെ സൈനികഭരണകൂടത്തിനായി.
ഈജിപ്തില്‍ മൂന്നു പതിറ്റാണ്ടുകള്‍ ‘ഉദാരജനാധിപത്യ’ത്തിന്‍െറ പട്ടില്‍ പൊതിഞ്ഞ പട്ടാളബൂട്ടുകള്‍ ഞെരിച്ചമര്‍ത്തിയിരുന്നിടത്തുനിന്ന് യഥാര്‍ഥ ജനാധിപത്യം ഒഴുകിപ്പരക്കാന്‍ തുടങ്ങിയതോടെ അന്ധാളിപ്പിലായ പഴയ ഏകാധിപത്യത്തിന്‍െറ പിന്‍മുറക്കാര്‍ അതിന്‍െറ ഓരോ ചുവടിലും ഉടക്കുകളുമായി രംഗത്തുണ്ടായിരുന്നു. അതിനിയും അവസാനിച്ചിട്ടുമില്ല. മുബാറകിനെ നിഷ്കാസിതനാക്കാന്‍ രംഗത്തെത്തിയ സൈന്യം ഒടുവില്‍ സ്ഥിരതയുടെ പേരുപറഞ്ഞ് അധികാരം ബാരക്കിലേക്കു തന്നെ തിരിച്ചു കൊണ്ടുപോവുകയായിരുന്നു. അതിനുശേഷം ഇന്നോളം ഭരണത്തിന്‍െറ ഉടല്‍ മാറിയാലും തല മാറാതിരിക്കാനുള്ള ചതുരുപായങ്ങള്‍ മെനയുകയായിരുന്നു സൈന്യം. അവര്‍ക്കു പിന്നില്‍ വലിയ കളിക്കാര്‍ തന്നെയുണ്ട്.
2011 ഫെബ്രുവരി 11ന് ജനാധിപത്യത്തിനുവേണ്ടിയുള്ള വിപ്ളവത്തിന്‍െറ സംരക്ഷണം ഏറ്റെടുത്തുകൊണ്ടായിരുന്നു സായുധസേന സുപ്രീംകൗണ്‍സില്‍ (സുപ്രീം കൗണ്‍സില്‍ ഓഫ് ആംഡ് ഫോഴ്സസ്-സ്കാഫ്) രംഗപ്രവേശം ചെയ്തത്. 1971ലെ ഭരണഘടന മരവിപ്പിച്ച് പുതിയ പാര്‍ലമെന്‍റും പ്രസിഡന്‍റും ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്നതു വരെയുള്ള കാര്യങ്ങള്‍ തങ്ങള്‍ നിയന്ത്രിക്കുമെന്നു അവര്‍ പ്രഖ്യാപിച്ചു. പഴയ ഭരണഘടന പ്രസിഡന്‍റിനു നല്‍കിയ പരമാധികാരങ്ങളെല്ലാം സൈനികകൗണ്‍സിലിനു മാറ്റി നല്‍കും വിധം 2011 മാര്‍ച്ച് 30ന് സ്കാഫ് സ്വന്തം ഭരണഘടന പ്രഖ്യാപിച്ചു. 2011 നവംബര്‍ മുതല്‍ 2012 ജനുവരി വരെ നീണ്ടു നിന്ന തെരഞ്ഞെടുപ്പിനൊടുവില്‍ ബ്രദര്‍ഹുഡ്-സലഫി പാര്‍ട്ടി സഖ്യത്തിനു ഭൂരിപക്ഷമുള്ള പാര്‍ലമെന്‍റ് ജനുവരി 23ന് സമ്മേളിച്ചു. പൊതുബജറ്റ് അവതരിപ്പിക്കുന്നതിനും നയരൂപവത്കരണത്തിനും വേണ്ടിയുള്ള നിയമനിര്‍മാണാധികാരം പാര്‍ലമെന്‍റ് പുനഃസ്ഥാപിച്ചു. എന്നാല്‍, സൈനിക കൗണ്‍സില്‍ ആ അധികാരം പിന്‍വലിച്ച് ഭരണനിര്‍വഹണാധികാരം സമ്പൂര്‍ണമായി കൈവശപ്പെടുത്തി. 2011 സെപ്റ്റംബര്‍ 20ന് പീപ്പ്ള്‍സ് അസംബ്ളി നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയനുസരിച്ച് പാര്‍ലമെന്‍റിലെ പകുതി സീറ്റുകള്‍ പഴയ ഒറ്റ സ്ഥാനാര്‍ഥി വ്യവസ്ഥയിലും (ഒരാള്‍ മത്സരിക്കുകയും വോട്ടര്‍മാര്‍ അയാള്‍ വേണോ വേണ്ടേ എന്നു തീരുമാനിക്കുകയും ചെയ്യുന്ന വിചിത്രരീതി) പകുതി ബഹുകക്ഷി അടിസ്ഥാനത്തിലുമായിരിക്കണം എന്നു തീരുമാനിച്ചു. ഈ വ്യവസ്ഥ ലംഘിച്ചെന്നു പറഞ്ഞാണ് കഴിഞ്ഞ ജൂണ്‍ 14ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍െറ രണ്ടാംഘട്ടത്തിന്‍െറ രണ്ടു നാള്‍ മുമ്പ്, വ്യക്തിഗത സീറ്റില്‍ മത്സരിച്ച രാഷ്ട്രീയക്കാരെ മുഴുവന്‍ അയോഗ്യരാക്കി ഭരണഘടനാകോടതി വിധി പുറപ്പെടുവിച്ചത്. അസാധുവായ അവരുടെ തെരഞ്ഞെടുപ്പ് വീണ്ടും നടത്താനൊരുങ്ങുന്നതിനു പകരം പാര്‍ലമെന്‍റ് തന്നെ പിരിച്ചുവിടുകയായിരുന്നു സ്കാഫ്.
എന്നാല്‍, ഏറ്റവുമൊടുവില്‍ കോടതി സൈന്യത്തെയും പിടിച്ചുതുടങ്ങിയിരിക്കുന്നു. സിവിലിയന്മാരെ നിര്‍ബാധം അറസ്റ്റ് ചെയ്യാനുള്ള സൈനികാധികാരം രാജ്യത്തെ പരമോന്നത ഭരണനിര്‍വഹണ കോടതി ചൊവ്വാഴ്ച റദ്ദാക്കി. തീട്ടൂരങ്ങള്‍ വഴി സൈനികകൗണ്‍സില്‍ കവര്‍ന്നെടുത്ത ജനാധിപത്യാധികാരങ്ങള്‍ തിരിച്ചുപിടിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമായാണ് നിരീക്ഷകര്‍ ഇതിനെ കാണുന്നത്.
പാര്‍ലമെന്‍േറാ ഭരണഘടനയോ ഇല്ലാതെ സൈനിക കൗണ്‍സില്‍ ഭരണം കൈയാളുന്ന ഈജിപ്തിന്‍െറ പ്രസിഡന്‍റായാണ് മുഹമ്മദ് മുര്‍സിയുടെ വരവ്. അതുകൊണ്ട് കരുതലോടെയാണ് മുര്‍സിയുടെ കരുനീക്കവും. പതിറ്റാണ്ടുകളോളം ബ്രദര്‍ഹുഡിനെതിരായ ആക്രോശങ്ങള്‍ മുഴങ്ങിയ ദേശീയ ടെലിവിഷനില്‍ പ്രസിഡന്‍റായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ആഹ്ളാദത്തിനും അവകാശവാദങ്ങള്‍ക്കും പകരം എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നയപ്രഖ്യാപനമാണ് അദ്ദേഹം നടത്തിയത്. താന്‍ മുഴുവന്‍ ഈജിപ്തുകാരുടെയും പ്രസിഡന്‍റായിരിക്കുമെന്നും രാജ്യത്തിനകത്തും പുറത്തും ദേശീയതാല്‍പര്യങ്ങള്‍ക്ക് അനുസൃതമായി നിലനില്‍ക്കുന്ന കരാറുകളും ബന്ധങ്ങളും അതേപടി തുടരുമെന്നുമുള്ള അദ്ദേഹത്തിന്‍െറ പ്രഖ്യാപനം തന്‍െറ വിജയം കാണിച്ചു ലോകത്തെ പേടിപ്പിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു. കോപ്റ്റിക് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്‍െറ ആക്ടിങ് പോപ് അമ്പാ ബഖോമിയോസിന്‍െറ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം പുതിയ പ്രസിഡന്‍റിനെ കണ്ട് ആശംസ അറിയിച്ചതും, രാജ്യത്ത് നിയമിതരാകാന്‍ പോകുന്ന രണ്ടു വൈസ്പ്രസിഡന്‍റുമാരില്‍ ഒരാള്‍ കോപ്റ്റിക് ക്രൈസ്തവനും മറ്റൊന്ന് വനിതയുമായിരിക്കും എന്ന മുര്‍സിയുടെ വക്താവിന്‍െറ പ്രസ്താവനയും ദോഷൈകദൃക്കുകള്‍ക്കുള്ള കൃത്യമായ മറുസന്ദേശമായി.
അറബ്ലോകത്തെ മുഴുവന്‍ മതേതരവാദികളും നിര്‍ലജ്ജം ജനാധിപത്യത്തിനെതിരെ ഉറഞ്ഞുതുള്ളിയ നാളുകളാണ് കടന്നുപോയത്. അറബ് വസന്തക്കാറ്റിനെ അപഹസിച്ചും വിപ്ളവാനന്തരദേശങ്ങളില്‍ ജനാധിപത്യത്തേക്കാള്‍ സ്ഥിരതക്കും രാജ്യപുരോഗതിക്കുമാണ് ഊന്നല്‍ നല്‍കേണ്ടതെന്നും അതിന് സൈന്യവും മുബാറകിന്‍െറ പിന്‍ഗാമി അഹ്മദ് ശഫീഖും ഒറ്റക്കെട്ടായി നീങ്ങണമെന്നും വരെ സ്വയം ലോബിയിസ്റ്റുകളായി എഴുന്നള്ളിയ കോളമിസ്റ്റുകള്‍ എഴുതിപ്പിടിപ്പിച്ചു. ഈജിപ്ത് ജനാധിപത്യത്തിലേക്ക് വാതില്‍ തുറക്കുന്നതില്‍ മറ്റാരേക്കാളും വിരോധം അവര്‍ക്കായിരുന്നു. ‘അശ്ശര്‍ഖുല്‍ ഔതി’ന്‍െറ മുഖ്യ പത്രാധിപര്‍ താരിഖ് ഹുമയ്യദിന് ഫലപ്രഖ്യാപനത്തിനുശേഷവും കലിയടങ്ങിയിട്ടില്ല. ‘ഈജിപ്ത്: സീറ്റ് ബെല്‍റ്റുകള്‍ മുറുക്കിക്കൊള്ളുക’ എന്ന ശീര്‍ഷകത്തില്‍ തിങ്കളാഴ്ചയും അദ്ദേഹം വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് വാചാലനാവുകയാണ്. എന്നാല്‍, ജനവികാരം അറിയുന്ന പശ്ചിമേഷ്യയിലെ ഭരണകൂടങ്ങള്‍ അറബ് വിപ്ളവക്കാറ്റുകള്‍ക്ക് ചിറ കെട്ടാനല്ല, അതിനോട് ക്രിയാത്മകമായി പ്രതികരിക്കാനാണ് ശ്രമിക്കുന്നത്. സൗദി അറേബ്യയും മുഴുവന്‍ ജി.സി.സി രാജ്യങ്ങളും മുര്‍യുടെ തെരഞ്ഞെടുപ്പിനെ അകമഴിഞ്ഞു വിസ്തരിച്ചുതന്നെ വരവേറ്റിരിക്കുന്നു. പുതുമാറ്റത്തിനുശേഷവും ഈജിപ്തുമായുള്ള ഉടപ്പിറപ്പു ബന്ധം മുന്നോട്ടു കൊണ്ടുപോകണമെന്ന ആഗ്രഹം സൗദി തുറന്നു പ്രഖ്യാപിക്കുകയുണ്ടായി. മുന്‍വിധികള്‍ മാറ്റിവെച്ച്, ജനാധിപത്യത്തിന്‍െറ ശക്തിയില്‍ വിശ്വാസമര്‍പ്പിച്ച് പുതിയ മാറ്റത്തിന്‍െറ വക്താക്കളുടെ പ്രായോഗികനീക്കങ്ങളിലേക്ക് പ്രതീക്ഷയോടെ സാകൂതം ഉറ്റുനോക്കുകയാണ് പശ്ചിമേഷ്യ. മുര്‍സിയുടെ തെരഞ്ഞെടുപ്പിനെ വിശകലനം ചെയ്ത് ഇസ്രായേലി നെസറ്റിലെ മുന്‍ അംഗവും പ്രമുഖ കോളമിസ്റ്റുമായ യുറി ആവ്നറി എഴുതിയത് ശ്രദ്ധേയമാണ്:
‘തുനീഷ്യ, ലിബിയ, യമന്‍, സിറിയ എന്നിവിടങ്ങളിലെ പുത്തന്‍ അനുഭവങ്ങള്‍ക്കുശേഷം വരുന്ന ബ്രദര്‍ഹുഡിന്‍െറ വിജയം ചരിത്രപ്രധാനമാണ്. അറബ് പൗരന്മാര്‍ മുഴുക്കെ ബ്രദര്‍ഹുഡിനെയും സമാനപാര്‍ട്ടികളെയും ഇഷ്ടപ്പെടുന്നു. ബ്രദര്‍ഹുഡ് എന്നും ഒരു മിതവാദ പാര്‍ട്ടിയായിരുന്നു, തീവ്രവാദികളായി ഒരു പറ്റം അക്കൂട്ടത്തിലുണ്ടായിരുന്നെങ്കിലും. തങ്ങളെ നിഷ്കാസനം ചെയ്യാന്‍ ശ്രമിച്ച നാസറും സാദാത്തും മുബാറകുമായൊക്കെ സാധ്യമായേടത്തോളം അവര്‍ ഒത്തുപോകാന്‍ ശ്രമിച്ചു. കഴിഞ്ഞ 84 വര്‍ഷത്തിനിടെ അവര്‍ക്ക് ഒട്ടേറെ വൃദ്ധിക്ഷയങ്ങളുണ്ടായി. എന്നാല്‍, മതമൂല്യങ്ങള്‍ക്കൊപ്പം പ്രായോഗികബുദ്ധിയുമുണ്ട് അവര്‍ക്ക്.......ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരിക്കല്‍ പോലും ഇസ്രായേലുമായുള്ള കരാര്‍ റദ്ദു ചെയ്യണമെന്ന് അവര്‍ പറഞ്ഞില്ല. അവര്‍ എന്നത്തേയും പോലെ പ്രായോഗികമതികളായി. ഞങ്ങളുടെ അയല്‍ദേശക്കാര്‍ മുഴുവന്‍ പതിയെ, എന്നാല്‍ കൃത്യമായി ഇസ്ലാമികദിശയിലേക്കു മാറുകയാണ്. അത് ലോകാവസാനമൊന്നുമല്ല. എന്നാല്‍, ഇതാദ്യമായി ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച് പഠിക്കണമെന്ന് അനുഭവം ഞങ്ങളെ തെര്യപ്പെടുത്തുന്നുണ്ട്’.
vmibrahim@gmail.com


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com