Thu, 06/28/2012 - 08:56 ( 46 weeks 2 daysago)
മാതൃരാജ്യത്തിനായി ഷൈജു അരങ്ങേറി, അമ്മയുടെ പ്രവാസഭൂമിയില്‍
മസ്കത്ത്: വര്‍ഷങ്ങളായി അമ്മ വിയര്‍പ്പൊഴുക്കുന്ന പ്രവാസഭൂമിയില്‍ ആദ്യ അന്താരാഷ്ട്ര മത്സരത്തിന് ബൂട്ടണിഞ്ഞതിന്‍െറ ആവേശത്തിലാണ് മലയാളി ഫുട്ബാള്‍ താരം ഷൈജുമോന്‍. എ.എഫ്.സി അണ്ടര്‍22 യോഗ്യതാ മത്സരങ്ങള്‍ക്കായി ഒമാന്‍ തലസ്ഥാനമായ മസ്കത്തിലെത്തിയ ഷൈജുമോനെ കാണാന്‍ 1200 കിലോമീറ്റര്‍ അകലെ സലാലയില്‍ നിന്ന് ബസില്‍ യാത്ര ചെയ്ത് അമ്മ ഗ്രേസിയും എത്തിയിരുന്നു. 15 വര്‍ഷമായി സലാലയില്‍ ഒമാനിയുടെ വീട്ടില്‍ ജോലി ചെയ്യുകയാണ് ഗ്രേസി. ഷൈജുമോന്‍െറ സഹോദരി സന്ധ്യയുമുണ്ട് സലാലയില്‍. എന്നാല്‍, മകന്‍െറ മസ്കത്തിലെ പ്രകടനങ്ങളൊന്നും നേരില്‍കാണാന്‍ അമ്മക്ക് യോഗമില്ല. അവധിയില്ലാത്തതിനാല്‍ ഷൈജുവിനെയും കൂട്ടുകാരെയും കണ്ട് സലാലയിലേക്ക് തിരിച്ചുപോകേണ്ടി വന്നു.
‘അറബി ചാനലുകളില്‍ കളികാണാന്‍ കുറേ ശ്രമിച്ചെങ്കിലും നടന്നില്ല. എന്‍െറ മൂന്ന് മക്കളെയും വളര്‍ത്താന്‍ പണിയെടുത്ത നാട്ടില്‍ തന്നെ ഷൈജുവിന് ആദ്യത്തെ അവസരം ലഭിച്ചത് ദൈവനിശ്ചയമാണ്. അവന്‍െറയും രാജ്യത്തിന്‍െറയും വിജയത്തിനായാണ് എന്‍െറ പ്രാര്‍ഥന’- ഗ്രേസി ‘ഗള്‍ഫ് മാധ്യമ’ത്തോടു പറഞ്ഞു. ഭര്‍ത്താവ് അര്‍ബുദരോഗിയായതിനെ തുടര്‍ന്ന് മക്കളെ പോറ്റാന്‍ ഗള്‍ഫിലെത്തിയതാണ് ഇവര്‍. അദ്ദേഹം അഞ്ചുവര്‍ഷം മുമ്പ് മരിച്ചു.തിരുവനന്തപുരം വലിയതുറ സ്വദേശിയാണ് ഷൈജുമോന്‍.
വ്യാഴാഴ്ച കരുത്തരായ യു.എ.ഇക്കെതിരെ ഇന്ത്യ പോരാട്ടത്തിനിറങ്ങുമ്പോള്‍ അമ്മയെ നേരില്‍കണ്ടതിന്‍െറ സന്തോഷവും അവര്‍ പകര്‍ന്ന് നല്‍കിയ ആത്മവിശ്വാസവും ഷൈജുവിന് കൂട്ടുണ്ടാകുമെന്ന് ഇന്ത്യന്‍ കോച്ച് ആര്‍തര്‍ പാപ്പസ് പറഞ്ഞു.
പരിചയസമ്പന്നരായ ലബനാനെ 5-2 എന്ന് സ്കോറിന് ഞെട്ടിച്ചാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ മസ്കത്തില്‍ അരങ്ങേറ്റം കുറിച്ചത്. മിഡ്ഫീല്‍ഡില്‍ കളിക്കുന്ന ഷൈജുമോന്‍ ഈ മത്സരത്തിലെ നിര്‍ണായക നീക്കങ്ങള്‍ക്ക് കരുത്ത് പകര്‍ന്നിരുന്നുവെന്ന് കോച്ച് വിലയിരുത്തുന്നു. എന്നാല്‍, തിങ്കളാഴ്ച ഇറാഖിനോട് ഏറ്റുമുട്ടിയപ്പോള്‍ 2-1ന് ഇന്ത്യക്ക് മുട്ടുമടക്കേണ്ടി വന്നു. ഈ മത്സരത്തില്‍ ഷൈജുമോന്‍ കളത്തിലിറങ്ങിയിരുന്നില്ല.
ഇറാഖുമായുള്ള മത്സരത്തില്‍ പിഴച്ചത് എവിടെയാണെന്ന് തങ്ങള്‍ വിലയിരുത്തുകയാണ്. പക്ഷേ, മികച്ച മത്സരം കാഴ്ചവെക്കാന്‍ ടീമിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ ടീമിന്‍െറ 100 ശതമാനം കഴിവുകളും പുറത്തെടുക്കാനായാല്‍ ലോകോത്തര നിലവാരത്തിലേക്ക് എത്താന്‍ ഇന്ത്യക്ക് കഴിയും. അണ്ടര്‍22 ടീമിലും ഷൈജുമോനിലും തനിക്ക് ഏറെ പ്രതീക്ഷയുണ്ട്- കോച്ച് ആര്‍തര്‍ പറഞ്ഞു.
രാത്രി ഒമാന്‍ സമയം 7.45ന് റോയല്‍ ഒമാന്‍ പൊലീസ് സ്റ്റേഡിയത്തിലാണ് യു.എ.ഇയുമായി ഇന്ത്യ പോരിനിറങ്ങുന്നത്. ജയത്തില്‍ കുറഞ്ഞതൊന്നും കരുത്തരായ യു.എ.ഇയെ നേരിടുമ്പോള്‍ മനസ്സിലില്ലെന്ന് ഷൈജുമോന്‍ വ്യക്തമാക്കി. തികഞ്ഞ ഒത്തൊരുമയും ടീം സ്പിരിറ്റും പ്ളാനിങ്ങുമുള്ള സംഘമാണ് ഇന്ത്യയുടേത്. അത് മത്സരങ്ങളില്‍ പ്രതിഫലിക്കുമെന്ന് യുവതാരം കൂട്ടിചേര്‍ത്തു.
ആതിഥേയരായ ഒമാനെയും തുര്‍ക്മെനിസ്താനെയും പരാജയപ്പെടുത്തിയാണ് യു.എ.ഇ ടീം കളത്തിലിറങ്ങുന്നത്. ഇന്ത്യ ഈമാസം 30ന് തുര്‍ക്മെനിസ്താനെയും അടുത്തമാസം മൂന്നിന് ഒമാനെയും നേരിടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍