Thu, 06/28/2012 - 08:47 ( 46 weeks 3 daysago)
ജര്‍മനിയെ ഭയപ്പെടുത്തുന്ന ‘മൗനിബാബ’
കളിക്കളത്തില്‍ ജര്‍മന്‍കാരെ വിരട്ടാന്‍ ‘ഇറ്റലി’യെന്ന് വിളിച്ചുപറഞ്ഞാല്‍ മതിയെന്നൊരു ഫലിതമുണ്ട്. ജര്‍മന്‍കാരുടെ വിദൂര സ്വപ്നങ്ങളില്‍പ്പോലും ഇറ്റാലിയന്‍ ഫുട്ബാളിന് ഇടമുണ്ടാകില്ല. അവരുടെ സുവര്‍ണനാളുകളില്‍ അവരെ വന്‍വീഴ്ചകളിലേക്ക് വലിച്ചിട്ടവരാണ് ഇറ്റലിക്കാര്‍. 1982ലെ ലോകകപ്പ് ഫൈനല്‍ തോല്‍വി ജര്‍മന്‍ ജനഹൃദയങ്ങളില്‍ ഇന്നും ആധിയാണ്.
ഇതു പഴയ കഥയാണെങ്കില്‍ വര്‍ത്തമാന കാലത്ത് ജര്‍മന്‍കാരന്‍െറ മുന്നില്‍ ദുര്‍ഭൂതമായി നില്‍ക്കുന്ന രൂപമാണ് ആന്ദ്രേ പിര്‍ലോയുടേത്. സര്‍വവിധ സന്നാഹങ്ങളോടുംകൂടിയായിരുന്നു ജര്‍മനി 2006ല്‍ ലോകകപ്പില്‍ ആതിഥേയത്വം ഏറ്റെടുത്തത്. കപ്പുനേടാന്‍ പാകത്തിനൊരു ടീമും അവര്‍ക്കുണ്ടായിരുന്നു. സാധ്യതയില്‍ മുന്നിലുണ്ടായിരുന്ന അര്‍ജന്‍റീനയെ ക്വാര്‍ട്ടറില്‍ വീഴ്ത്തി അവര്‍ സെമിയിലേക്ക് ഇരച്ചുകയറുകയും ചെയ്തിരുന്നു. അന്ന് അത്രയൊന്നും ശക്തരല്ലാതിരുന്ന അസൂറിപ്പടയായിരുന്നു അവരെ സെമിയില്‍ എതിരേറ്റത്. ഇറ്റലിയെ കിട്ടിയതില്‍ ജര്‍മന്‍ ജനത ആഹ്ളാദഭരിതരായിരുന്നു. എന്നാല്‍, മത്സരം എക്സ്ട്രാ സമയവും കഴിഞ്ഞ് പെനാല്‍റ്റി ഷൂട്ടൗട്ടിന് തയാറെടുക്കുന്ന നേരം, എവിടെനിന്നോ പൊട്ടിവീണ മട്ടില്‍ ജര്‍മന്‍ പ്രതിരോധനിര കടന്നുവന്ന ആന്ദ്രേ പിര്‍ലോയുടെ പാസില്‍നിന്ന് ഗ്രോസോയുടെ സീറോ ആങ്കിള്‍ ഷോട്ട് യെന്‍സ് ലേമാനെ മറികടന്ന് വലയില്‍ പതിച്ചതോടെ ജര്‍മനി സ്തംഭിച്ചുനിന്നുപോയി. പന്ത് സെന്‍ററിലെത്തി കളിതുടങ്ങിയതും പിര്‍ലോയുടെ തന്ത്രത്തില്‍നിന്നുതന്നെ ഇറ്റലി രണ്ടാം ഗോളും നേടി. ജര്‍മന്‍ പ്രതിരോധനിരയിലൂടെ നുഴഞ്ഞുകയറിയ പിര്‍ലോ നല്‍കിയ പാസില്‍നിന്ന് അലസാന്‍ഡ്രോ ഡെല്‍പിയറോ ഗോളടിച്ചതോടെ ഇറ്റലിക്ക് ലോകജേതാക്കളാകാനുള്ള സുവര്‍ണ പാതയും തുറന്നുകിട്ടി. അതിനുശേഷം ഇറ്റലിയെക്കാള്‍ പേടിയാണ് ജര്‍മന്‍കാര്‍ക്ക് ആന്ദ്രേ പിര്‍ലോയെ...
ആരാണീ ആന്ദ്രേ പിര്‍ലോ? സൗമ്യന്‍, ശാന്തന്‍, തീരെ സംസാരിക്കാതെ തന്നിലേക്കുതന്നെ ഒതുങ്ങിക്കൂടുന്ന പാവത്താന്‍. കണ്ടാല്‍ ഒരു വലിയ കലാകാരനാണെന്നേ തോന്നൂ. കഴിഞ്ഞ 20 വര്‍ഷമായി ഒരേ ഹെയര്‍സ്റ്റൈല്‍. ജര്‍മനിയുടെ മുന്‍ മിഡ്ഫീല്‍ഡര്‍ മെഹ്മത് ഷോളിന്‍െറ ആത്മമിത്രം. ഷോള്‍ പിര്‍ലോയെക്കുറിച്ച് പറയുന്നത് ‘ഇന്ത്യാനാ ജോണ്‍സെ’ന്നാണ്. കണ്ടാലൊരു റെഡ് ഇന്ത്യന്‍ ഭാവമുള്ളതുകൊണ്ടാണീ പ്രയോഗം. പന്തുകളി കഴിഞ്ഞാല്‍ സൈക്കിളിങ്ങിനും കുതിരസവാരിക്കും സിനിമക്കും മാത്രം നേരം കണ്ടെത്തുന്ന പിര്‍ലോ ഇന്നുവരെ ഒരു വിവാദത്തിലും പെട്ടിട്ടുമില്ല. കളിക്കളത്തിലിറങ്ങിയാല്‍ പന്തും പിര്‍ലോയും തമ്മിലുള്ള സൗഹൃദത്തിന് ‘നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന്’ തോന്നും, വശ്യമായ ആ മുന്നേറ്റ ശൈലി കണ്ടാല്‍.
1979 മേയ് 19ന് ഇറ്റലിയിലെ ലാമ്പാര്‍സിയാ സംസ്ഥാനത്തെ ‘ഫ്ളേറൊ’ എന്ന ഗ്രാമത്തിലാണ് പിര്‍ലോ ജനിച്ചത്. ബാല്യവും കൗമാരവും കളിക്കളത്തില്‍ തളച്ചിട്ട ആന്ദ്രേ പത്താം വയസ്സില്‍തന്നെ ലംപാര്‍ഡിയ എ.സി ക്ളബില്‍ അവരുടെ ബാല വിഭാഗത്തില്‍ അംഗമായി. തുടര്‍ന്ന് കാല്‍ചിയോ പ്രസഗിയ വഴി എ.സി മിലാനിലെത്തി. തുടര്‍ന്ന് കൃത്യം പത്തുവര്‍ഷം ഒരു പ്രലോഭനങ്ങള്‍ക്കും പിടികൊടുക്കാതെ മിലാന്‍െറ അണിയില്‍ തുടര്‍ന്നു. മൂന്നുതവണ ഇറ്റാലിയന്‍ സീരീ ‘എ’യിലും രണ്ടുതവണ ചാമ്പ്യന്‍സ് ലീഗിലും മിലാനൊപ്പം കിരീടനേട്ടത്തില്‍ പങ്കാളിയായി.
2011 മേയ് മുതല്‍ പിര്‍ലോ യുവന്‍റസ് മധ്യനിരയുടെ നായകനാണ്. 2002 മുതല്‍ പിര്‍ലോ ഇറ്റാലിയന്‍ ടീമിലുണ്ട്. 2004ലെ യൂറോകപ്പില്‍ ശോഭിക്കാതെപോയ ഇറ്റലിയുടെ പ്ളേമേക്കര്‍ 2006ലെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇത്തവണ ഇറ്റലിയുടെ ആശയും പ്രതീക്ഷയുമൊക്കെ ഈ നീണ്ടുമെലിഞ്ഞ മനുഷ്യനിലാണ്. സ്പെയിനിനെതിരെയുള്ള മത്സരത്തില്‍ പിര്‍ലോയുടെ പാസില്‍നിന്നായിരുന്നു ഡി നതാലെ ഗോളടിച്ചതെങ്കില്‍ തനിക്ക് ഗോളടിക്കാനുമാകുമെന്ന് തെളിയിച്ചത് ക്രൊയേഷ്യക്കെതിരായ മത്സരത്തിലായിരുന്നു. 24 മീറ്റര്‍ അകലെനിന്ന് പിര്‍ലോയെടുത്ത ഫ്രീകിക്ക് ക്രൊയേഷ്യന്‍ പ്രതിരോധ നിരക്ക് മുകളിലൂടെ മൂളിപ്പറന്ന് പ്ളാറ്റിക്കോസയുടെ വലയില്‍ ചെന്നുവീണത് മറക്കാനാകില്ല.
എന്നാല്‍, പിര്‍ലോ അനശ്വരനായത് പരിഹസിക്കുന്നവിധം കുസൃതിനിറഞ്ഞ ഒരു ഗോളിലൂടെയാണ്. അതും, ഇംഗ്ളണ്ടിനെതിരെയുള്ള പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൊണ്ടോലിവിയോ കിക്ക് പാഴാക്കി ഉദ്വേഗം മുറ്റിനില്‍ക്കുന്ന വേളയില്‍. വികാരരഹിതനായി പിര്‍ലോ കിക്ക് സ്പോട്ടിലെത്തിയതും ജോ ഹാര്‍ട്ടിനെ പരിഹസിക്കുംവിധം ഒരു സ്പിന്‍ഷോട്ടോടെ പന്ത് കറക്കിത്തിരിച്ച് ഇംഗ്ളീഷ്വലക്കകത്താക്കി. ‘ഉരുക്കുകൊണ്ടുള്ള ഞരമ്പുകളാവണം അയാള്‍ക്കെ’ന്നായിരുന്നു ഒരു ഇംഗ്ളീഷ് ലേഖകന്‍ അതുകണ്ട് പ്രതികരിച്ചത്. അതാണ് പിര്‍ലോ; ഒന്നിലും കുലുങ്ങാത്ത വികാരരഹിതന്‍. ഇതുതന്നെയാണ് ജര്‍മന്‍കാരുടെ വ്യഥക്കും വിഹ്വലതക്കും കാരണം. കാരണം, ജര്‍മനി-ഇറ്റലി മത്സരം നിയന്ത്രിക്കുന്നതും നിശ്ചയിക്കുന്നതും ഈ ‘മൗനിബാബ’ തന്നെയായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍