12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

നടുക്കര പൈനാപ്പിള്‍ കമ്പനി വിദേശ കുത്തകക്ക് വില്‍ക്കാന്‍ നീക്കം

മൂവാറ്റുപുഴ: പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ ആരംഭിച്ച നടുക്കര പൈനാപ്പിള്‍ കമ്പനി വിദേശ കുത്തക കമ്പനിക്ക് വില്‍ക്കാന്‍ നീക്കം. പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് 70 ശതമാനവും സര്‍ക്കാറിന് 30 ശതമാനവും ഓഹരിയുള്ള കമ്പനി നെതര്‍ലന്‍ഡ് ആസ്ഥാനമായ കമ്പനിക്ക് കൈമാറാന്‍ അണിയറയില്‍ നീക്കം നടക്കുന്നതായാണ് സൂചന.
സെപ്റ്റംബറില്‍ കൊച്ചിയില്‍ നടക്കുന്ന ‘എമര്‍ജിങ് കേരള’ പരിപാടിയില്‍ കമ്പനികളുടെ ആസ്തികള്‍ കൈമാറാനുള്ള നടപടി പൂര്‍ത്തിയായി. വ്യവസായ-കൃഷി വകുപ്പുകള്‍ സംയുക്തമായാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. കമ്പനി വിദേശകുത്തകക്ക് കൈമാറുന്നതോടെ 130 കോടിയുടെ ആസ്തിയാണ് കര്‍ഷക-പൊതു ഉടമസ്ഥതയില്‍ നിന്ന് നഷ്ടമാകുന്നത്.
വാഴക്കുളത്തെ നടുക്കരയില്‍ 13 ഏക്കര്‍ സ്ഥലത്ത് 1995 ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനി പൈനാപ്പിള്‍ കര്‍ഷകര്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ സ്ഥാപിച്ചത്. യൂറോപ്യന്‍ സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച കമ്പനി ആദ്യഘട്ടത്തില്‍ നഷ്ടത്തിലായിരുന്നു. 2000 ല്‍ കര്‍ഷക ഓഹരി ഉടമകളുടെ നേതൃത്വത്തില്‍ ഭരണസമിതി അധികാരത്തിലത്തെിയതോടെ പതുക്കെ ലാഭത്തിലേക്ക് എത്തുകയായിരുന്നു.
കമ്പനി നഷ്ടത്തിലാണെന്ന് കാണിച്ച് കൈമാറുന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ പോലും വില്‍പ്പന നടക്കുന്ന ‘ജൈവ്’ അടക്കമുള്ള ജ്യൂസ് ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ച് പൈനാപ്പിള്‍ ബ്രാണ്ടി അടക്കമുള്ള ലഹരിവസ്തുക്കള്‍ നിര്‍മിക്കാനാണ് നെതര്‍ലന്‍ഡ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് സൂചന.
കമ്പനി സ്ഥാപിച്ച സമയത്ത് ഇ.ഇ.സി നിയോഗിച്ച പ്രോഗ്രാം കോഓഡിനേറ്റര്‍ ഡെറിക് കോക്സ് നടത്തിയ പഠനത്തില്‍ വിവിധ പഴങ്ങളുടെ ജ്യൂസ് അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ നിര്‍മാണത്തിനാണ് കമ്പനി അനുയോജ്യം എന്ന് കണ്ടത്തെിയിരുന്നു. പൈനാപ്പിള്‍ മാത്രം കേന്ദ്രീകരിച്ചുള്ള ഉല്‍പ്പാദനം ലാഭകരമാകില്ളെന്ന കണ്ടത്തെലിനെ തുടര്‍ന്ന് വിവിധതരം പഴവര്‍ഗങ്ങളുടെ സംസ്കരണം ലക്ഷ്യമാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പൈനാപ്പിളിന് പുറമെ വിവിധ തരം ജ്യൂസുകള്‍ പുറത്തിറക്കിയത്. ഇതോടെ കമ്പനി ലാഭത്തിലേക്ക് വരികയായിരുന്നു. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനെന്ന പേരിലാണ് ഇപ്പോള്‍ വില്‍പ്പന നീക്കം നടത്തുന്നതെങ്കിലും ഭാവിയില്‍ കമ്പനി വെറും ഡിസ്റ്റിലറിയായി മാറ്റുമെന്നാണ് ആശങ്ക. ഇതോടെ പൈനാപ്പിള്‍ പ്രോസസിങ് എന്ന കമ്പനിയുടെ ലക്ഷ്യം തന്നെ ഇല്ലാതാകും.
കര്‍ഷക പ്രതിനിധികളുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ നിയന്ത്രണത്തിലായിരുന്ന കമ്പനി മേയില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇത് ആഗോള മദ്യക്കമ്പനിക്ക് കൈമാറാനുളള നീക്കത്തിന്‍െറ ഭാഗമായിരുന്നെന്ന സൂചനകളാണ് പുറത്തുവരുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com