റിയാദ്: സൗദി എയര്‍ലൈന്‍സ് (സൗദിയ) വിമാനത്തില്‍നിന്ന് ഓഫ്ലോഡില്‍ പുറത്തായ യാത്രക്കാര്‍ക്ക് വമ്പിച്ച നഷ്ടപരിഹാരം. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് റിയാദില്‍നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനത്തില്‍നിന്ന് പുറത്തായവര്‍ക്ക് ഏത് സെക്ടറിലും യാത്ര ചെയ്യാന്‍ അനുവദിക്കുന്ന സൗജന്യ വിമാന ടിക്കറ്റുകളാണ് നഷ്ടപരിഹാരമായി ലഭിച്ചത്. അധിക ലഗേജ് സൗജന്യമാക്കി കൊടുക്കുകയും ചെയ്തു. ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ കൊടിയ യാതനകള്‍ സമ്മാനിച്ചുകൊണ്ടിരിക്കുമ്പോള്‍ വിദേശ കമ്പനിയില്‍നിന്ന് കിട്ടിയ ആനുകൂല്യങ്ങളും മാന്യമായ പെരുമാറ്റവും വിസ്മയമായി യാത്രക്കാര്‍ക്ക്.
സൗദി അലൂമിനിയം കമ്പനിയില്‍ അക്കൗണ്ടന്‍റായ കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മഅ്റൂഫ് വലിയകത്തിന്‍െറ ഭാര്യ ഫായിസ മഅ്റൂഫും രണ്ട് മക്കളും ഇങ്ങിനെ പുറത്തായി ഒടുവില്‍ വിസ്മയിപ്പിക്കുന്ന നഷ്ടപരിഹാരം കൊണ്ട് സംതൃപ്തരായ യാത്രക്കാരില്‍ പെടുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് റിയാദ് എയര്‍പോര്‍ട്ടിലെ സൗദിയയുടെ കൗണ്ടറിലത്തെിയപ്പോഴാണ് ഓഫ്ലോഡ് വിവരം അറിയുന്നത്. മറ്റൊരു കൗണ്ടറിലേക്ക് വിളിപ്പിച്ച ഇവര്‍ക്ക് വ്യാഴാഴ്ച പുലര്‍ച്ചെ നാലിന് പുറപ്പെടുന്ന വിമാനത്തിലേക്ക് ടിക്കറ്റ് മാറ്റുകയും ബോഡിങ് പാസുകള്‍ കൊടുക്കുകയും ചെയ്തു. യാത്ര മുടങ്ങിയതിനുള്ള നഷ്ടപരിഹാരമെന്ന നിലയില്‍ മൂന്നു ടിക്കറ്റ് സൗജന്യമായി നല്‍കി. ടിക്കറ്റ് അനുവദിച്ചുകൊണ്ടുള്ള മൂന്നു ‘കോമ്പന്‍സേഷന്‍ ആന്‍റ് ഡൗണ്‍ഗ്രേഡ് ഫോം’ നല്‍കിയ ഉദ്യോഗസ്ഥര്‍ ഇതുമായി റിയാദിലെ ‘സൗദിയ’ ആസ്ഥാനത്തു ചെന്നാല്‍ സൗജന്യ ടിക്കറ്റുകള്‍ ലഭിക്കുമെന്ന് അറിയിച്ചു. ഇഷ്ടമുള്ള സമയത്ത് തത്തുല്യ നിരക്കിലുള്ള ഏത് സെക്ടറിലേക്കും സൗജന്യമായി യാത്ര ചെയ്യാനുള്ള അവസരമാണ് യാത്രക്കാര്‍ക്ക് ലഭിച്ചിരിക്കുന്നത്. അധികമായ 40 കിലോ ലഗേജും സൗജന്യമാക്കി കൊടുത്തു. സമാനമായ ആനുകൂല്യങ്ങള്‍ ഓഫ്ലോഡായ മറ്റ് യാത്രക്കാര്‍ക്കും ലഭിച്ചെന്ന് മഅ്റൂഫ് പറഞ്ഞു. ബോഡിങ് പാസ് കിട്ടിയതിനാല്‍ വിമാനം പുറപ്പെടുന്നതിന് കുറച്ചു മുമ്പത്തെിയാല്‍ മതിയെന്ന സൗകര്യവുമുണ്ട്. ലഗേജ് ചൊവ്വാഴ്ച തന്നെ അധികൃതര്‍ സ്വീകരിച്ചിരുന്നു. വ്യാഴാഴ്ച വരെ ഹോട്ടലില്‍ താമസിപ്പിക്കാമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും ബത്ഹയിലെ ഫ്ളാറ്റിലേക്ക് മടങ്ങുകയായിരുന്നെന്നും വളരെ മാന്യമായ പെരുമാറ്റത്തിലൂടെ യാത്ര മുടങ്ങിയ തങ്ങളുടെ വിഷമം തന്നെ അവര്‍ ഇല്ലാതാക്കുകയായിരുന്നെന്നും മഅ്റൂഫ് പറഞ്ഞു. എയര്‍ ഇന്ത്യ പ്രതിവിധിയായി ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനങ്ങള്‍ പോലും കൂടുതല്‍ ദുരിതങ്ങള്‍ സൃഷ്ടിക്കുന്നതാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് മറ്റ് വിമാന കമ്പനികളില്‍ നിന്നു വ്യത്യസ്തമായ അനുഭവം. എമിറേറ്റ്സ് ഉള്‍പ്പടെയുള്ള മറ്റ് വിമാന കമ്പനികളില്‍നിന്നും സമാനമായ നഷ്ടപരിഹാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അനുഭവസ്ഥര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍