കുവൈത്ത് സിറ്റി: ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹിന്‍െറ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചതോടെ കുറച്ചുദിവസമായി കലുഷിതമായിരുന്ന കുവൈത്ത് രാഷ്ട്രീയം കലങ്ങിത്തെളിയുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ഭരണകൂടം. പുതിയ മന്ത്രിസഭ ഉടന്‍ അധികാരമേല്‍ക്കുമെന്നാണ് ഭരണകൂടവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹിന്‍െറ നേതൃത്വത്തില്‍ തന്നെയാവും പുതിയ മന്ത്രിസഭ എന്നാണ് റിപ്പോര്‍ട്ട്്. എന്നാല്‍, മന്ത്രിമാരുടെ കാര്യത്തില്‍ കാര്യമായ അഴിച്ചുപണി പ്രതീക്ഷിക്കാം. പുതിയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പുന:സ്ഥാപിക്കപ്പെട്ട പാര്‍ലമെന്‍റിലെ സ്പീക്കര്‍ ജാസിം അല്‍ ഖറാഫി അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിനെ സന്ദര്‍ശിച്ചിരുന്നു.
പാര്‍ലമെന്‍റും മന്ത്രിസഭയും തമ്മിലുള്ള വടംവലി രൂക്ഷമായതോടെയാണ് നാലു മാസം മാത്രം പിന്നിട്ട ശൈഖ് ജാബിര്‍ മന്ത്രിസഭ തിങ്കളാഴ്ച രാജിവെച്ചത്. പാര്‍ലമെന്‍റില്‍ വ്യക്തമായ മേല്‍കൈയുള്ള പ്രതിപക്ഷത്തിന്‍െറ സമ്മര്‍ദത്തില്‍പ്പെട്ട് രണ്ട് മന്ത്രിമാര്‍ രാജിവെച്ചതോടെ സര്‍ക്കാര്‍ ഉടന്‍ വീണേക്കുമെന്ന റിപ്പോര്‍ട്ടിനിടെയാണ് രാജ്യ ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ലാത്ത അസാധാരണ വിധിയുമായി ഭരണഘടനാ കോടതിയുടെ രംഗപ്രവേശം. ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പും അതുവഴി ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച പാര്‍ലമെന്‍റും നിയമിവുരദ്ധമാണെന്ന് വിധിച്ച ഭരണഘടനാ കോടതി മുന്‍ പാര്‍ലമെന്‍റ് പുന:സ്ഥാപിക്കുകയും ചെയ്തു.
തങ്ങള്‍ക്ക് തലവേദനയുണ്ടാക്കുന്ന നിലവിലെ പാര്‍ലമെന്‍റിന് അയോഗ്യത കല്‍പിച്ചത് സര്‍ക്കാറിന് നേട്ടമായെങ്കിലും മുന്‍ പാര്‍ലമെന്‍റ് പുന:സ്ഥാപിച്ച നടപടി എത്രത്തോളം പ്രായോഗികമാവും എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. അതിനിടെയാണ് അയോഗ്യമാക്കപ്പെട്ട പാര്‍ലമെന്‍റിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിസഭക്ക് അങ്ങനെ തുടരാന്‍ അര്‍ഹതയില്ളെന്ന് ചൂണ്ടിക്കാട്ടി ശൈഖ് ജാബിര്‍ സര്‍ക്കാര്‍ രാജിവെച്ചിരിക്കുന്നത്. ഭരണഘടനാ കോടതിയുടെ വിധി നടപ്പാക്കാന്‍ മന്ത്രിസഭയുടെ രാജി അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ വാദം. രാജി വാര്‍ത്ത അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ശൈഖ് അബ്ദുല്ല അല്‍ മുബാറക് അസ്വബാഹും പറഞ്ഞത് അപ്രകാരം തന്നെയാണ്.
ഉടന്‍ പുതിയ മന്ത്രിസഭ രൂപവല്‍ക്കരിക്കാനാണ് ഭരണകൂടത്തിന്‍െറ നീക്കം എന്നാണ് സൂചന. അങ്ങനെയെങ്കില്‍ പുന:സ്ഥാപിക്കപ്പെട്ട പാര്‍ലമെന്‍റിന് മുന്നിലാവും ഈ മന്ത്രിസഭക്ക് സത്യപ്രതിജ്ഞ ചെയ്യേണ്ടിവരിക. അത് ഭരണഘടനാ കോടതിയുടെ വിധിക്ക് അനുകൂലവുമാവും. എന്നാല്‍, ഈ പാര്‍ലമെന്‍റ് സമ്മേളനം യാഥാര്‍ഥ്യമാവുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ജാസിം അല്‍ ഖറാഫിയുടെ നേതൃത്വത്തിലുള്ള ഈ പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തിന് അയോഗ്യമാക്കപ്പെട്ട പാര്‍ലമെന്‍റിലെപ്പോലെ വ്യക്തമായ ഭൂരിപക്ഷം അവകാശപ്പെടാനാവില്ളെങ്കിലും കേവല ഭൂരിപക്ഷമുണ്ട്. പുന:സ്ഥാപിക്കപ്പെട്ട പാര്‍ലമെന്‍റിലെ 27 അംഗങ്ങള്‍ രാജിവെക്കുമെന്നാണ് പ്രതിപക്ഷം ഭരണഘടനാ കോടതി വിധി വന്ന പിന്നാലെ പ്രതികരിച്ചത്. അത് യാഥാര്‍ഥ്യമായാല്‍ 50 അംഗ പാര്‍ലമെന്‍റില്‍ പകുതി അംഗങ്ങള്‍ പോലുമുണ്ടാവില്ല. പാര്‍ലമെന്‍റ് സമ്മേളനങ്ങള്‍ ചേരാനുള്ള ക്വോറവും തികയില്ല. പ്രതിപക്ഷം രാജിയില്‍ ഉറച്ചുനിന്നാല്‍ പിന്നെ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക മാത്രമാവും ഭരണകൂടത്തിന് മുന്നിലെ പോംവഴി. അതിന് കാത്തുനില്‍ക്കാതെ മന്ത്രിസഭ രൂപവല്‍ക്കരിക്കുന്നതിന് മുമ്പുതത്തെ പുന:സ്ഥാപിക്കപ്പെട്ട പാര്‍ലമെന്‍റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഭരണകൂടം ഒരുങ്ങുമോ എന്നാണ് ഇനി അറിയാനുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍