ഗുരുവായൂര്‍: നഗരസഭ കൗണ്‍സിലില്‍ എല്‍.ഡി.എഫ് - യു.ഡി.എഫ് തര്‍ക്കം പരിഹരിച്ച രീതിയോട് കോണ്‍ഗ്രസില്‍ അമര്‍ഷം. തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ട വൈസ് ചെയര്‍പേഴ്സണ്‍ മഹിമ രാജേഷിന്‍െറ പ്രസ്താവനയെ കുറിച്ച് പരാമര്‍ശം പോലും നടത്താതെ പ്രശ്നം ഒത്തുതീര്‍ത്ത രീതിയിലാണ് അമര്‍ഷം ഉയര്‍ന്നത്.
നേതൃത്വത്തിന്‍െറ നടപടിയില്‍ രോഷാകുലനായി കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്‍ കാഞ്ഞുള്ളി കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഒ.കെ.ആര്‍.മണികണ്ഠന്‍ ഇടപെട്ടാണ് ഉണ്ണികൃഷ്ണനെ അനുനയിപ്പിച്ച് ഹാളിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കൗണ്‍സില്‍ തുടങ്ങിയ ഉടന്‍ കഴിഞ്ഞ കൗണ്‍സിലിലെ സംഭവവികാസങ്ങളെക്കുറിച്ച് ചെയര്‍മാന്‍ ടി.ടി.ശിവദാസന്‍ പ്രസ്താവന നടത്തിയാണ് പരിഹാരത്തിന് വഴിതുറന്നത്. കഴിഞ്ഞ കൗണ്‍സിലിന് മുമ്പ് നടന്ന ഉപരോധത്തിലും തുടര്‍ന്നുണ്ടായ അക്രമങ്ങളിലും ഒതുങ്ങി നിന്ന പ്രസ്താവനയാണ് ചെയര്‍മാന്‍ നടത്തിയത്.
നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് കഴിഞ്ഞമാസം 29ന് അരങ്ങേറിയതെന്ന് പറഞ്ഞ ചെയര്‍മാന്‍ ഇരുവിഭാഗത്തില്‍ നിന്നും ഉണ്ടായ നടപടികളില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. അന്നത്തെ സംഭവങ്ങളില്‍ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള മാനസിക പ്രയാസങ്ങള്‍ പരിഹരിച്ച് സൗഹാര്‍ദ പൂര്‍ണമായി മുന്നോട്ട് പോകണം. കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ഉരുത്തിരിയുന്ന പ്രശ്നങ്ങള്‍ കൗണ്‍സിലിലോ ചെയര്‍മാന്‍ ചേംബറിലോ വെച്ച് പരിഹരിക്കണമെന്നും തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇരുവിഭാഗവും ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ഥിച്ചു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് കെ.പി.എ.റഷീദ് തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ചെയര്‍മാന്‍െറ ശ്രമങ്ങള്‍ക്ക് പ്രതിപക്ഷത്തിന്‍െറ പൂര്‍ണ പിന്തുണയുണ്ടാവുമെന്ന് അറിയിച്ചു.
ഇതോടെയാണ് മൂന്നുമാസമായി നീറിനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് തിരശ്ശീല വീണത്. എന്നാല്‍ കോണ്‍ഗ്രസിനെതിരെ പരാമര്‍ശം നടത്തിയ വൈസ് ചെയര്‍മാന്‍െറ നടപടിയെ കുറിച്ച് പരാമര്‍ശിക്കാത്ത ചെയര്‍മാന്‍െറ പ്രസ്താവനയില്‍ തൃപ്തിപ്പെട്ട് സമരം പിന്‍വലിച്ചത് തിരിച്ചടിയായെന്ന അഭിപ്രായം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ ഉയര്‍ന്നു. നേതൃത്വത്തോട് രോഷം പ്രകടിപ്പിച്ചാണ് മുതിര്‍ന്ന കൗണ്‍സിലറായ ഉണ്ണികൃഷ്ണന്‍ കാഞ്ഞുള്ളി ഇറങ്ങിപ്പോയത്.
യു.ഡി.എഫ് നടത്തിയ പ്രക്ഷോഭത്തിന്‍െറ അന്തസ്സത്തക്ക് നിരക്കാത്ത ഒത്തുതീര്‍പ്പായിരുന്നെന്ന് ഒ.കെ.ആര്‍ മണികണ്ഠനും പിന്നീട് പറഞ്ഞു. ചെയര്‍മാന്‍ ഉറപ്പ് നല്‍കിയ രീതിയിലല്ല സംസാരിച്ചതെന്ന് കൗണ്‍സില്‍ അജണ്ട അവസാനിച്ച ശേഷം സി.എം.പിയിലെ ആര്‍.വി.മജീദ് പറഞ്ഞു.
ചെയര്‍മാന്‍ നല്‍കിയ ഉറപ്പില്‍ നിന്ന് പിറകോട്ട് പോയെന്നും കൗണ്‍സിലിന്‍െറ സുഗമമായ നടത്തിപ്പ് മുന്‍നിര്‍ത്തിയാണ് തങ്ങള്‍ പ്രതിഷേധം പ്രകടിപ്പിക്കാതിരുന്നതെന്നും പ്രതിപക്ഷ നേതാവ് കെ.പി.എ.റഷീദ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍