റിയാദ്: കര, വ്യോമ, നാവികമാര്‍ഗേണ രാജ്യത്ത് എത്തുന്ന ചരക്കുകളുടെയും മറ്റും ആരോഗ്യപരമായ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിരീക്ഷണം സൗദി ശക്തമാക്കുന്നു. സൗദി പ്രവേശനമാര്‍ഗങ്ങളില്‍ ഇത്തരത്തിലുള്ള ആരോഗ്യ പരിരക്ഷാനിരീക്ഷണം ഏര്‍പ്പെടുത്താനുള്ള നിയമത്തിന് തിങ്കളാഴ്ച മന്ത്രിസഭ അംഗീകാരം നല്‍കി. ഈ വിഷയത്തില്‍ സൗദി ആരോഗ്യ മന്ത്രി ഡോ. അബ്ദുല്ല അല്‍റബീഅ സമര്‍പ്പിച്ച അപേക്ഷയുടെയും സൗദി ശൂറാ കൗണ്‍സില്‍ രണ്ടര വര്‍ഷം മുമ്പ് സമര്‍പ്പിച്ച നിര്‍ദേശത്തിന്‍െറയും വെളിച്ചത്തിലാണ് നിയമത്തിന് മന്ത്രിസഭ പച്ചക്കൊടി കാട്ടിയത്.
ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള പ്രത്യേക വിഭാഗത്തിനാണ് നിരീക്ഷണ ഉത്തരവാദിത്തം. അതു വഴി സൗദിയില്‍ എത്തുന്ന ഏതു വസ്തുക്കളിലും ആരോഗ്യത്തിന് ഹാനികരമായ സൂചനകളോ പകര്‍ച്ചവ്യാധിക്കിടയാക്കുന്ന പൊതുജനാരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്നതോ ആയ ഘടകങ്ങളോ ഇല്ളെന്ന് ഉറപ്പുവരുത്തും. സൗദി തുറമുഖത്ത് നങ്കൂരമിടുന്ന കപ്പലുകള്‍ പരിസ്ഥിതിക്ക് ഭീഷണി സൃഷ്ടിക്കുന്നില്ളെന്നും ജല മലിനീകരണ വസ്തുക്കള്‍ പുറന്തള്ളുന്നില്ളെന്നും ഉറപ്പുവരുത്തും. സൗദിയില്‍ നിന്ന് പുറത്തുപോകുന്ന വസ്തുക്കളും ഇത്തരം ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് കാരണമാവില്ളെന്ന് ഉറപ്പുവരത്തേണ്ടതും മന്ത്രാലയത്തിന്‍െറ ചുമതലയാണ്.
അബ്ദുല്ല രാജാവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്. ഇതിനായി പ്രത്യേക രാജവിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
അമീര്‍ സല്‍മാന്‍ കിരീടാവകാശിയായി സ്ഥാനമേറ്റ ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ അന്തരിച്ച കിരീടാവകാശിയുടെ പരലോക മോക്ഷത്തിനായി പ്രാര്‍ഥിക്കുകയും അദ്ദേഹത്തിന്‍െറ ഉത്തരാദിത്തങ്ങള്‍ വഹിക്കുന്ന കിരീടാവകാശി അമീര്‍ സല്‍മാനെയും ആഭ്യന്തരമന്ത്രി അമീര്‍ അഹ്മദ് ബിന്‍ നായിഫിനെയും അബ്ദുല്ല രാജാവ് ആശീര്‍വദിക്കുകയും ചെയ്തു.
ഫ്രാന്‍സുമായി ഉന്നത വിദ്യഭ്യാസ മേഖലയിലെ സഹകരണ കരാര്‍ ഒപ്പുവെക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി. തദടിസ്ഥാനത്തില്‍ സൗദിയിലെ വിദഗ്ധര്‍ക്ക് ഫ്രാന്‍സില്‍ പരിശീലനം നല്‍കാന്‍ ധാരണയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍