റമദാനില്‍ പള്ളികള്‍ക്ക് പെരുമാറ്റച്ചട്ടം

റിയാദ്: റമദാന്‍ വ്രതമാസത്തില്‍ പള്ളികളില്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് പ്രഭാഷകര്‍ (ഖത്തീബുമാര്‍)ക്കും ബാങ്ക്വിളിക്കുന്നവര്‍ (മുഅദ്ദിനുമാര്‍)ക്കും ഇസ്ലാമികകാര്യ മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. മന്ത്രാലയത്തിന്‍െറ അനുമതിയില്ലാതെ പള്ളി ഇമാമുമാര്‍ പകരക്കാരെ വെക്കുന്നത് അനുവദിക്കില്ളെന്ന് മന്ത്രാലയത്തിന്‍െറ റിയാദ് മേഖല ഡയറക്ടര്‍ ശൈഖ് അബ്ദുല്ല മുഫ്ലിഹ് ആലുഹാമിദ് അറിയിപ്പില്‍ വ്യക്തമാക്കി. മന്ത്രാലയത്തിന്‍െറ അനുമതി ലഭിക്കാത്ത തലസ്ഥാനനഗരിയിലെ പള്ളികളില്‍ തറാവീഹ് നമസ്കാരത്തിന് പുറമെയുള്ള ലൗഡ്സ്പീക്കറുകള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. പള്ളിയങ്കണങ്ങളില്‍ മാത്രമേ അവ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍ തൊട്ടടുത്ത പള്ളികളില്‍ നമസ്കരിക്കുന്നവര്‍ക്ക് അലോസരം സൃഷ്ടിക്കാത്തവിധം വലിയ പള്ളികളില്‍ പുറത്ത് നാല് ലൗഡ് സ്പീക്കറുകള്‍ വരെ പ്രവര്‍ത്തിപ്പിക്കാം. മൊബൈല്‍ജാമറുകള്‍ പള്ളികളില്‍ സ്ഥാപിക്കുന്നതും മന്ത്രാലയം വിലക്കിയിട്ടുണ്ട്. ഉംറ ചെയ്യുന്നതിനോ മക്കയില്‍ ചെലവഴിക്കുന്നതിനോ റമദാനിലെ അവസാന പത്ത് നാളുകളില്‍ പള്ളികളിലെ ജോലികള്‍ നിറുത്തിവെക്കുന്നത് അനുവദിക്കില്ല. മന്ത്രാലയത്തില്‍നിന്നു മുന്‍കൂട്ടി അനുമതി വാങ്ങാതെ പള്ളികളില്‍ പ്രഭാഷണങ്ങളും സന്മാര്‍ഗോപദേശ ക്ളാസുകള്‍ നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. പള്ളികളില്‍ യാചന അനുവദിക്കരുതെന്ന് പള്ളിജീവനക്കാരോട് പ്രത്യേകം നിര്‍ദേശിച്ചു. എല്ലാനമസ്കാര സമയങ്ങളിലും ഇമാമുമാര്‍ പള്ളിയിലുണ്ടാകണം, പള്ളിയുടെ പവിത്രതയും ആദരവും സൂക്ഷിക്കപ്പെടണം, റമദാന്‍ മാസത്തില്‍ പ്രഭാതനമസ്കാരം മുതല്‍ രാത്രിനമസ്കാര സമയം വരെ പള്ളികള്‍ ആരാധനക്കായി സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കണമെന്നും ഒഴിവാക്കാനാകാത്ത കാര്യങ്ങള്‍ക്കല്ലാതെ റമദാന്‍ മാസം ലീവെടുക്കരുതെന്നും പള്ളിജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ശൈഖ് അബ്ദുല്ല പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus