കണ്ണൂര്‍: അക്രമികളെ ഉമ്മവെക്കണോ എന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ടി.പി. ചന്ദ്രശേഖരന്‍െറ തല കൊയ്യുമെന്ന സി.പി.എം ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി വി.പി. ഗോപാലകൃഷ്ണന്‍െറ വിവാദപ്രസംഗത്തെക്കുറിച്ച് കണ്ണൂരിലെ വാര്‍ത്താസമ്മേളനത്തില്‍ ആരാഞ്ഞപ്പോഴായിരുന്നു ജയരാജന്‍െറ പ്രതികരണം. ആര്‍.എം.പിക്കാരുടെ അക്രമത്തിനെതിരെ സംഘടിപ്പിച്ച യോഗത്തിലെ പരാമര്‍ശമാണതെന്ന് പി. ജയരാജന്‍ പറഞ്ഞു. പ്രതിഷേധയോഗങ്ങളില്‍ പലരും പ്രകോപനപരമായി പലതും പറഞ്ഞേക്കാം. അവരെയെല്ലാം പ്രതികളാക്കാന്‍ ആകുമോ എന്നും അദ്ദേഹം ചോദിച്ചു.
പാര്‍ട്ടി ഓഫിസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും പൊലീസ് നിയമവിരുദ്ധ പരിശോധനക്കെത്തിയാല്‍ പ്രതിരോധിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി. ഇത് നിയമത്തെ വെല്ലുവിളിക്കലല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭീകരരെ പിടികൂടാനെന്ന പോലെയാണ് പൊലീസ് അര്‍ധരാത്രി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ വളയുന്നത്. സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പുരുഷ പൊലീസുകാര്‍ അതിക്രമിച്ചുകയറി അസഭ്യം പറയുകയാണ്. സ്വകാര്യവാഹനങ്ങളില്‍ സിവില്‍ വേഷധാരികളായി എത്തുന്നവര്‍ പൊലീസാണെന്ന് ജനങ്ങള്‍ക്കെങ്ങനെ ഉറപ്പിക്കാനാകും. കേരളത്തില്‍ രണ്ട് ആഭ്യന്തര മന്ത്രിമാരുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസിന്‍െറ ആജ്ഞാനുവര്‍ത്തികളായ പൊലീസിനെ ഉപയോഗിച്ച് സി.പി.എമ്മിനെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം മുഴക്കുന്ന് ലോക്കല്‍ സെക്രട്ടറി കെ. വത്സനെയും അംഗം കാരായി ശ്രീധരനെയും എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് സരിന്‍ ശശിയെയും അന്യായമായാണ് കസ്റ്റഡിയിലെടുത്തത്. കൊലവിളി നടത്തുന്ന ലീഗുകാരെയോ നഗരമധ്യത്തില്‍ പൊലീസിനെ ആക്രമിച്ച കോണ്‍ഗ്രസ് നേതാവിനെയോ തൊടാന്‍ ധൈര്യമില്ലാത്ത പൊലീസുകാരാണ് സി.പി.എം നേതാക്കളെ വേട്ടയാടുന്നത്. ഇതു രണ്ടുതരം നീതിയാണ്. പി.കെ. ബഷീര്‍ എം.എല്‍.എയുടെ കൊലവിളിക്ക് സാക്ഷികളായ ലീഗ് നേതാക്കള്‍ക്കെതിരെയും കേസെടുക്കണം -പി. ജയരാജന്‍ ആവശ്യപ്പെട്ടു.
ചന്ദ്രശേഖരന്‍ വധം അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം തിരുവഞ്ചൂര്‍ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമായി പരിണമിച്ചെന്ന് സി.പി.എം സംസ്ഥാനസമിതി അംഗം എം.വി. ജയരാജന്‍ ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍