12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

മുഖം മിനുക്കി വിന്‍ഡോസ് ഫോണ്‍

മുഖം മിനുക്കി വിന്‍ഡോസ് ഫോണ്‍

ഐപാഡിനെ ഒതുക്കാന്‍ ലക്ഷ്യമിട്ടുള്ള 'സര്‍ഫസ്' ടാബ്ലെറ്റിന് പിന്നാലെ സ്മാര്‍ട്ട്ഫോണ്‍ പ്ലാറ്റ്ഫോമിന്റെ പുതിയ പതിപ്പ് വിന്‍ഡോസ് ഫോണ്‍ എട്ട് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. സാന്‍ഫ്രാന്‍സിസ്കോയില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ അവതരിപ്പിച്ച പുതിയ മൊബൈല്‍ പ്ലാറ്റ്ഫോം വിന്‍ഡോസ് എട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ്.
മള്‍ട്ടികോര്‍ ചിപ്പുകളെ പിന്തുണക്കുന്നതാകും പുതിയ മൊബൈല്‍. ഓപ്പറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് എട്ടിന്റെ വകഭേദമാണ്. ഇതുവഴി ഐപാഡിനും ഐഫോണിനും സമാനമായി പി.സിയിലും ടാബ്ലെറ്റിലും പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ മൊബൈലിലും തിരിച്ചും പ്രവര്‍ത്തിപ്പിക്കാനാകും. ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാരെ പ്രചോദിപ്പിക്കുന്ന ഈ നീക്കത്തിലൂടെ വിന്‍ഡോസ് ഫോണുകളുടെ ഏറ്റവും വലിയ പോരായ്മയായ ആപ്ലിക്കേഷനുകളുടെ കുറവ് നികത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മുന്‍ഗാമിയായ 7.5 നേക്കാള്‍ മികവുറ്റ ദൃശ്യാനുഭവം വാഗ്ദാനം ചെയ്യുന്ന വിന്‍ഡോസ് ഫോണ്‍ എട്ട് 1280ഃ768 ,1280ഃ720 എന്നീ സ്ക്രീന്‍ റെസല്യൂഷനുകളെയാണ് പിന്തുണക്കുക. 720 പിക്സല്‍ വരെയുള്ള ഹൈഡെഫിനിഷന്‍ വീഡിയോകളെയും വിന്‍ഡോസ് ഫോണ്‍ 8 പിന്തുണക്കും. വിന്‍ഡോസ് 7ന്റെ പ്രധാന പോരായ്മയായിരുന്നു മൈക്രോ എസ്.ഡി കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പറ്റാത്തത്. പുതിയ പതിപ്പില്‍ ഇത് പരിഹരിച്ചിട്ടുണ്ട്.

മൊബൈല്‍ ഫോണിനെ ക്രെഡിറ്റ് കാര്‍ഡാക്കി പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വാലറ്റ് ആപ്ലിക്കേഷനാണ് മറ്റൊരു പ്രധാന സവിശേഷത. ഫയലുകളും ചിത്രങ്ങളും മറ്റും ഷെയര്‍ ചെയ്യുന്നതിനുള്ള റേഡിയോ ഫ്രീക്വന്‍സി സാങ്കേതികതയായ എന്‍.എഫ്.സിയെയും ഇത് പിന്തുണക്കും. ഒരു തിരിച്ചുവരവ് കൊതിക്കുന്ന ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ പത്താം പതിപ്പും ഇതിലുണ്ട്. വേഗതയാര്‍ന്ന സുരക്ഷിത ബ്രൗസിംഗ് വാഗ്ദാനം ചെയ്യുന്ന എക്സ്പ്ലോററില്‍ അഡ്വാന്‍സ്ഡ് ആന്റി ഫിഷിംഗ് ഫീച്ചറുകളും ഉണ്ട്. നോക്കിയയുടെ നാവ്ടെക്ക് ഡിവിഷന്‍ രൂപം നല്‍കിയ മാപ്പാണ് ഇന്‍ബില്‍റ്റായി ഫോണിലുണ്ടാവുക. ഫോണില്‍ സ്റ്റോര്‍ ചെയ്ത ശേഷം മാപ്പ് ഓഫ്ലൈനായും ഉപയോഗിക്കാന്‍ കഴിയും. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനവും ഇതിലുണ്ട്.

നോക്കിയ, സാംസംഗ്, ഹ്യുവായി, എച്ച്.ടി.സി തുടങ്ങിയ കമ്പനികള്‍ക്കൊപ്പം ചേര്‍ന്ന് ഈ വര്‍ഷാവസാനത്തോടെ പുറത്തിറക്കുന്ന ഫോണുകളില്‍ മാത്രമേ വിന്‍ഡോസ് എട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം കാണാനാകൂ. അതായത് നിലവില്‍ വിന്‍ഡോസ് ഫോണ്‍ കൈയിലുള്ളവര്‍ ആരും വിന്‍ഡോസ് എട്ട് പ്രതീക്ഷിച്ചിരിക്കേണ്ടെന്ന് സാരം. അത്തരക്കാര്‍ക്ക് സമാശ്വാസ സമ്മാനവും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. വിന്‍ഡോസ് ഫോണ്‍ 7.8. വിന്‍ഡോസ് എട്ടിന് അടുത്തു നില്‍ക്കുന്ന അനുഭവം ഇതില്‍ ലഭിക്കുമെന്ന് കമ്പനി ഉറപ്പു പറയുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com