ന്യൂദല്‍ഹി: മുതിര്‍ന്ന നേതാവും കേന്ദ്ര ധനമന്ത്രിയുമായ പ്രണബ് മുഖര്‍ജിക്ക് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പ്രത്യേക യോഗത്തില്‍ യാത്രയയപ്പ് നല്‍കി. യു.പി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് യാത്രയയപ്പ്. സര്‍ക്കാറില്‍ പാര്‍ട്ടിയിലെ അനുഭവ സമ്പന്നനായ നേതാവിന്റെ അഭാവം പ്രതിഫലിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പ്രണബിന് മംഗളങ്ങള്‍ നേര്‍ന്നു. ജൂണ്‍ 28നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ പ്രണബ് ജയിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോണ്‍ഗ്രസുമായുള്ള തന്റെ ദീര്‍ഘകാലത്തെ ബന്ധം അനുസ്മരിച്ച പ്രണബ് പാര്‍ട്ടിക്ക് നന്ദി അറിയിച്ചു. എന്നാല്‍ ചടങ്ങില്‍ ദിഗ്വിജയ് സിങ്ങിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ വര്‍ക്കിങ്ങ് കമ്മിറ്റിയില്‍ പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹം അറിയിച്ചു. സര്‍ക്കാറില്‍നിന്നും പാര്‍ട്ടിയില്‍നിന്നും പ്രണബിന്റെ രാജി ഇന്ന് ഉണ്ടായേക്കും. ധനവകുപ്പിന്റെ ചുമതല പ്രധാനമന്ത്രി ഏറ്റെടുക്കുമെന്നാണ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍