12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

കുര്യന്‍, ജോയി എബ്രഹാം, നാരായണന്‍ രാജ്യസഭയിലേക്ക്

കുര്യന്‍,  ജോയി എബ്രഹാം, നാരായണന്‍ രാജ്യസഭയിലേക്ക്

തിരുവനന്തപുരം: രാജ്യസഭയിലെ മൂന്ന് ഒഴിവുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ യു.ഡി.എഫും ഒന്നില്‍ സി.പി.എമ്മും വിജയിച്ചു. കോണ്‍ഗ്രസിലെ പി.ജെ. കുര്യന്‍, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ജോയി എബ്രഹാം, സി.പി.എമ്മിലെ സി.പി. നാരായണന്‍ എന്നിവരാണ് വിജയിച്ചത്. ഇടതു മുന്നണിയുടെ രണ്ടാമത്തെ സ്ഥാനാര്‍ഥിയും സി.പി.ഐ അസിസ്റ്റന്‍റ് സെക്രട്ടറിയുമായ സി.എന്‍. ചന്ദ്രന്‍ തോറ്റു. രണ്ട് സ്ഥാനാര്‍ഥികളെ നിര്‍ത്തി അട്ടിമറി സാധ്യതക്ക് ഇടതുമുന്നണി തന്ത്രം മെനഞ്ഞെങ്കിലും വിജയിച്ചില്ല.
വിജയിക്കാന്‍ 36 ഒന്നാംവോട്ടാണ് ആദ്യ റൗണ്ടില്‍ വേണ്ടിയിരുന്നത്. പി.ജെ. കുര്യന് 37 വോട്ടും ജോയി എബ്രഹാമിനും സി.പി. നാരായണനും 36 വോട്ട് വീതവും ലഭിച്ചു. സി.എന്‍. ചന്ദ്രന് 31 വോട്ടേ ലഭിച്ചുള്ളൂ. രണ്ടാം മുന്‍ഗണനാ വോട്ട് എണ്ണേണ്ടി വന്നില്ല. കോണ്‍ഗ്രസിന്‍െറ 37 വോട്ട് കുര്യനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രി അടൂര്‍ പ്രകാശിന്‍െറയും ഘടകകക്ഷി അംഗങ്ങളുടെയും വോട്ട് ജോയി എബ്രഹാമിനുമാണ് നല്‍കിയത്. സി.പി.എമ്മിന്‍െറ 36 വോട്ട് സി.പി. നാരായണന് നല്‍കി. സി.പി.എമ്മിന്‍െറ ബാക്കി വോട്ടും ഘടകകക്ഷികളുടെ വോട്ടും സി.എന്‍. ചന്ദ്രന് നല്‍കി. വിപ്പ് ലംഘിച്ച് ആരും വോട്ട് ചെയ്തില്ല. രാവിലെ ഒമ്പതിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ട് ചെയ്യാന്‍ ആദ്യ സ്ലിപ് വാങ്ങിയത് മുന്‍മന്ത്രി ജി. സുധാകരനായിരുന്നു. എന്നാല്‍ രണ്ടാമത് സ്ലിപ് വാങ്ങിയ കോണ്‍ഗ്രസിലെ പാലോട് രവിയാണ് ആദ്യ വോട്ട് പെട്ടിയിലിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും അടക്കമുള്ളവര്‍ 12 മണിക്ക് മുമ്പ് വോട്ട് ചെയ്തു. വൈകുന്നേരം നാല് വരെയാണ് വോട്ടെടുപ്പ് നിശ്ചയിച്ചതെങ്കിലും ഉച്ചക്ക് ഒന്നരയോടെ പൂര്‍ത്തിയായി. ആദ്യത്തെ രണ്ടര മണിക്കൂറിനകം ഭൂരിപക്ഷവും വോട്ട് ചെയ്തു. വോട്ടെണ്ണല്‍ പൂര്‍ത്തിയായ വിവരം തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അഞ്ച് മണിയോടെയാണ് വോട്ടെണ്ണല്‍ നടന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com