മൂവാറ്റുപുഴ: സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ ക്രിമിനല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍. തന്നെ പുറത്താക്കിയതിന് പിന്നില്‍ മുന്‍മന്ത്രി എസ്. ശര്‍മയും മുന്‍ എം.പി കെ. ചന്ദ്രന്‍പിള്ളയുമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.സദാചാര വിരുദ്ധ പ്രവര്‍ത്തനത്തിന്‍െറ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം മൂവാറ്റുപുഴയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോട്ടമുറിക്കല്‍.
ശര്‍മക്കും ചന്ദ്രന്‍പിള്ളക്കും എതിരെ സംസ്ഥാന നേതൃത്വം നടപടി എടുക്കുമെന്നാണ് പ്രതീക്ഷ. ഇരുവരുടെയും സമര്‍ഥമായ നീക്കങ്ങളും ഉപദേശ നിര്‍ദേശങ്ങളും അനുസരിച്ചാണ് അഞ്ചംഗ സംഘം തനിക്കെതിരെ പ്രവര്‍ത്തിച്ചത്. ശര്‍മയും ചന്ദ്രന്‍പിള്ളയും കര്‍ട്ടന് പിന്നിലിരുന്ന് എല്ലാ കളികള്‍ക്കും കൂട്ടുനിന്നു. എന്നാല്‍, ഇതേക്കുറിച്ച് വി.എസ്. അച്യുതാനന്ദന്‍ ഒന്നും അറിഞ്ഞിട്ടില്ല. പാര്‍ട്ടിയെ വിഴുങ്ങാന്‍ ക്രിമിനല്‍ നെറ്റ്വര്‍ക്കുമായി നടക്കുന്ന ഇക്കൂട്ടര്‍ മാര്‍ക്സിസ്റ്റുമല്ല, കമ്യൂണിസ്റ്റുമല്ല, പാര്‍ട്ടി വിരുദ്ധരാണ്. ഇവരില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കുകയാണ് ഇനിയുള്ള ദൗത്യം. ഒളികാമറാ വിവാദത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച എം.സി. ജോസഫൈന്‍െറ നേതൃത്വത്തിലുള്ള കമീഷന്‍ തന്നില്‍ നിന്ന് തെളിവ് എടുത്തിട്ടില്ല. എങ്കിലും പാര്‍ട്ടി എടുക്കുന്ന ഏത് നടപടിയും ശിരസാവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കത്തിപ്പടര്‍ന്ന് നില്‍ക്കുന്ന നല്ല പ്രായത്തില്‍ പോലും സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്താത്ത താന്‍ ഈ പ്രായത്തില്‍ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ആരും കരുതില്ല. എന്നാല്‍, പാര്‍ട്ടിയെ വെല്ലുവിളിക്കാനോ പ്രതിരോധത്തിലാക്കാനോ വ്യക്തിപരമായ നഷ്ടം വരുമ്പോള്‍ പാര്‍ട്ടിയെ തള്ളിപ്പറയാനോ ഒരുക്കമല്ല. കൂടുതല്‍ വിവരങ്ങള്‍ രേഖകളുടെ പിന്‍ബലത്തില്‍ വൈകാതെ പുറത്തുവിടും. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വിവരം ഔദ്യാഗികമായി ഇനിയും അറിയിച്ചിട്ടില്ല.
എസ്. ശര്‍മക്കും ചന്ദ്രന്‍പിള്ളക്കുമെതിരെ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കില്ല. എല്ലാത്തിനും വ്യക്തമായ തെളിവുകള്‍ തന്‍െറ പക്കലുണ്ട്. അത് ഒരിടത്ത് രഹസ്യമായി സൂക്ഷിച്ചിട്ടുമുണ്ട്.രേഖകള്‍ വീട്ടില്‍ സൂക്ഷിച്ചാല്‍ എന്തെങ്കിലും പ്രത്യാഘാതം ഉണ്ടാകുമോ എന്ന ഭയത്താലാണിതെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന സിന്ധുജോയിയെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ആസൂത്രിത ശ്രമം നടത്തിയിട്ടുണ്ട്. എതിര്‍സ്ഥാനാര്‍ഥി കെ.വി. തോമസിനോട് ചിലര്‍ക്ക് അനുഭാവ പൂര്‍വമായ സമീപനമുണ്ടായി.തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ജി.സി.ഡി.എ ചെയര്‍മാനായിരുന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം എം.സി. ജോസഫൈന്‍ ജി.സി.ഡി.എ ആസ്ഥാനത്ത് വിളിച്ചുവരുത്തി കെ.വി. തോമസിന് സ്വീകരണം നല്‍കി. ഇത് എന്തിനായിരുന്നു? ത്യാഗവും മഹത്വവും തെറ്റ് ചെയ്യാനുള്ള ലൈസന്‍സ് അല്ലെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ വാക്കുകളാണ് തനിക്ക് പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍