12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

അയിരൂര്‍ ശിവപ്രസാദ് വധം; മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍

വര്‍ക്കല: അയിരൂര്‍ ശിവപ്രസാദ് വധക്കേസിലെ പ്രധാന പ്രതികളിലൊരാള്‍ കൂടി പിടിയില്‍. വര്‍ക്കല ശിവഗിരിക്ക് സമീപം തൊടുവെ കനാല്‍ പുറമ്പോക്കില്‍ സുധി എന്ന സുധീഷ് (24) ആണ് അറസ്റ്റിലായത്. കണ്ണൂരില്‍ തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ രണ്ടര വര്‍ഷമായി ഒളിച്ച് താമസിക്കുകയായിരുന്നു ഇയാള്‍. വെള്ളിയാഴ്ച മാതാവിനെ കാണാന്‍ വര്‍ക്കലയിലെ വീട്ടിലത്തെി. തിങ്കളാഴ്ച പുലര്‍ച്ചെ കണ്ണൂരിലേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതനുസരിച്ച് ജില്ലാ റൂറല്‍ എസ്.പി എ.കെ. തോമസ്കുട്ടി, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ബി.കെ. പ്രശാന്തന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് വര്‍ക്കല സി.ഐ എസ്.ഷാജി, വര്‍ക്കല എസ്.ഐ ടി.എസ്.ശിവപ്രകാശ്, അയിരൂര്‍ എസ്.ഐ വി.എസ്. പ്രശാന്ത്, എ.എസ്.ഐ ഓമനക്കുട്ടന്‍, കോണ്‍സ്റ്റബിള്‍മാരായ ബിജു, നിസാം, കിരണ്‍ എന്നിവരുള്‍പ്പെട്ട സംഘം ശനിയാഴ്ച അര്‍ധരാത്രിയില്‍ കോളനിയില്‍ നിന്നാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.
2010ല്‍ ഓണത്തിനും 2011 ല്‍ ശിവഗിരി തീര്‍ഥാടന സമയത്തുമാണ് സുധി നാട്ടിലത്തെിയത്. അപ്പോഴും പൊലീസ് വലവിരിച്ചെങ്കിലും പിടികിട്ടിയില്ല. 2009 സെപ്റ്റംബര്‍ 23ന് പുലര്‍ച്ചെ അയിരൂര്‍ പോസ്റ്റോഫിസ് മുന്നിലാണ് പ്രഭാത സവാരിക്കിടെ ശിവപ്രകാശ് കൊല്ലപ്പെട്ടത്.
ബൈക്ക് യാത്രികരായ മൂവര്‍ സംഘമാണ് കൊല നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് തെളിവ് ലഭിച്ചിരുന്നു. ശിവപ്രസാദിന്‍െറ കൊലക്ക് ശേഷം സംഘം ജനതാമുക്കിന് സമീപം മാവിള ജങ്ഷനില്‍ ചായക്കച്ചവടം നടത്തിയിരുന്ന വേങ്ങവിള വീട്ടില്‍ ഷാനന്‍ എന്ന അശോകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ 11 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കൊലനടത്തിയ മൂവര്‍ സംഘത്തില്‍ ബൈക്ക് ഓടിച്ചിരുന്നത് സുധീഷാണ്. പിറകിലിരുന്ന പള്ളിമണ്‍ സ്വദേശി സുധി, മുകേഷ് എന്നിവരാണ് ശിവപ്രസാദിനെ വെട്ടിക്കൊന്നതും അശോകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതുമെന്ന് സുധീഷ് പൊലീസിന് മൊഴി നല്‍കി. പള്ളിമണ്‍ സുധി പിടിയിലായി. ആറാം പ്രതി മുകേഷും 11, 13, 14 പ്രതികളെയുമാണ് പിടികൂടാനുള്ളത്. ചോദ്യംചെയ്യലും മൊഴികളുമെല്ലാം വീഡിയോയില്‍ പകര്‍ത്തിയതായും കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങുമെന്നും സി.ഐ എസ്.ഷാജി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com