12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

വനംവകുപ്പില്‍ അഴിമതി കാടുപിടിക്കുന്നു

പത്തനംതിട്ട: വീട്ടുവേലക്ക് സര്‍ക്കാര്‍ ശമ്പളം പറ്റുന്ന താല്‍ക്കാലിക ജീവനക്കാര്‍ ഇടക്കിടക്ക് സര്‍ക്കാര്‍ ജീപ്പില്‍ തമിഴ്നാട്ടിലൊരു കറക്കം, ആഡംബര സൗകര്യങ്ങളൊരുക്കിയ ഓഫിസ് മന്ദിരം. ജില്ലയിലെ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ ലീലാവിലാസങ്ങള്‍ സകലപരിധിയും മറികടക്കുന്നുവെന്ന ആരോപണം ശക്തം.
വനംവകുപ്പിലെ കീഴ്ജീവനക്കാരും നാട്ടുകാരുമാണ് പരാതികളുടെ കെട്ടഴിക്കുന്നത്. വിജിലന്‍സിനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും അഴിമതിക്കഥകളുടെ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ട്.
വകുപ്പിന്‍െറ ഉന്നത ഉദ്യോഗസ്ഥരില്‍ അഴിമതി വ്യാപകമായതോടെ ജില്ലയിലെ വനപാലകസേനയുടെ പ്രവര്‍ത്തനം താളംതെറ്റിയ നിലയിലാണ്. വനപാലകര്‍ നാട്ടുകാരെ ആക്രമിക്കുന്നതും കള്ളക്കേസുകളില്‍ കുടുക്കി പീഡിപ്പിക്കുന്നതുമടക്കമുള്ള കഥകളാണ് ഇപ്പോള്‍ കാടിറങ്ങിവരുന്നത്.
തലപ്പത്തുള്ള ഉദ്യോഗസ്ഥരില്‍ ഒരാള്‍ തമിഴ്നാട്ടിലെ വീട്ടിലേക്ക് പോകുന്നത് ഒൗദ്യോഗിക വാഹനത്തിലാണ്. കേന്ദ്രമന്ത്രിസഭയിലെ പ്രമുഖനായ മന്ത്രിയുടെ ബന്ധുവെന്ന് അവകാശപ്പെടുന്ന ഇദ്ദേഹം രാജവാഴ്ചക്കാലത്തെ ഉദ്യോഗസ്ഥരെ പോലെ എല്ലാം അടക്കി വാഴുകയാണെന്നാണ് കീഴ്ജീവനക്കാരുടെ ആക്ഷേപം. തമിഴ്നാട്ടിലേക്ക് പോകുമ്പോള്‍ ജീപ്പ് ഓടിക്കുന്നതിന് സര്‍ക്കാര്‍ ഡ്രൈവര്‍മാരെയും ഡ്രൈവിങ് അറിയുന്ന ഗാര്‍ഡുകളെയുമാണ് ഉപയോഗിക്കുന്നത്. ജീവനക്കാര്‍ പ്രാഥമിക സൗകര്യം പോലുമില്ലാതെ വലയുമ്പോള്‍ ഈ ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്‍െറ ഓഫിസ് റൂം എയര്‍കണ്ടീഷന്‍ ചെയ്തിരിക്കുകയാണ്. റാപ്പിഡ് റെസ്പോണ്‍സ് ടീമിന് അനുവദിച്ച 9,50,000 രൂപ ചെലവഴിച്ചത് ഇദ്ദേഹം താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന്‍െറ കാര്‍പോര്‍ച്ചിന് ടൈല്‍പാകാനാണ്. തുക ഉപയോഗിച്ച് നാലാമതൊരു കാര്‍പോര്‍ച്ചും നിര്‍മിച്ചു. ശബരിമല സീസണില്‍ ജില്ലയിലെ വനമേഖലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരില്‍ നിന്നും ആയിരക്കണക്കിന് രൂപയാണ് ഉന്നത ഉദ്യോഗസ്ഥര്‍ വിശ്വസ്തരെ ഉപയോഗിച്ച് പിരിച്ചെടുത്തതെന്നും ആരോപണം ഉയരുന്നുണ്ട്. വനംവകുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ എന്ത് നിര്‍മാണം നടന്നാലും അടങ്കല്‍ തുകയുടെ 13 ശതമാനം കമീഷനായി ഉന്നതര്‍ക്ക് നല്‍കണമെന്നത് അലിഖിത നിയമമായി നിലനില്‍ക്കുന്നു. തമിഴ്നാട് സ്വദേശിയായ ഉദ്യോഗസ്ഥന്‍ അനധികൃതമായി സമ്പാദിച്ച ലക്ഷക്കണക്കിന് രൂപ ഉപയോഗിച്ച് സ്വന്തം നാട്ടില്‍ മണിമന്ദിരം നിര്‍മിച്ചുവരികയാണത്രേ. ഈ തുക നാട്ടിലേക്ക് അയച്ചത് തോട്ടമണ്‍ എസ്.ബി.ടിയുടെ ശാഖ വഴിയാണ്. വീട് നിര്‍മാണത്തിന് ആവശ്യമായ തടി ജില്ലയില്‍ നിന്ന് കടത്തിക്കൊണ്ടുപോയതായും ആരോപണമുണ്ട്. റാപ്പിഡ് റെസ്പോണ്‍സ് ടീം പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടത്തിയതിന് കള്ളബില്ല് ഒപ്പിട്ട് നല്‍കാന്‍ വിസമ്മതിച്ച ഫോറസ്റ്റര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഡി.എഫ്.ഒയുടെ ക്വാര്‍ട്ടേഴ്സിലെ ടോയ്ലറ്റ് കഴുകാന്‍ വിസമ്മതിച്ചെന്ന കുറ്റത്തിന് ദിവസവേതനക്കാരനായ തൂപ്പുകാരനെ പിരിച്ചുവിട്ടു.
ഒരു ഡി.എഫ്.ഒയുടെ വീട്ടിലെ കറന്‍റ് ചാര്‍ജ് അടക്കേണ്ട ചുമതല ഒരു റേഞ്ചോഫിസര്‍ക്കാണ്. നാട്ടുകാരെ അംഗങ്ങളാക്കി രൂപവത്കരിക്കുന്ന വനസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനവും ജില്ലയില്‍ കാണാനില്ല.
സമിതിയുടെ പ്രവര്‍ത്തനത്തിന് കണക്കുകള്‍ എഴുതിയുണ്ടാക്കി ഫണ്ട് തട്ടുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സമിതി പ്രവര്‍ത്തനം ഇല്ലാത്തതിനാലാണ് വേനല്‍ക്കാലത്ത് സീതത്തോട് മേഖലയില്‍ വന്‍ തീപിടിത്തത്തിന് കാരണമായതെന്ന് കണ്ടത്തെിയിരുന്നു.
കിലോമീറ്ററുകളോളം വനമേഖലയാണ് കത്തി നശിച്ചത്. മേഖലയില്‍ ഫയര്‍ലൈന്‍ തെളിക്കല്‍ പലയിടത്തും നടന്നിരുന്നില്ല. സേനയുടെ മുകള്‍ത്തട്ടില്‍ അഴിമതി വ്യാപകമായതോടെ താഴത്തെട്ടിലെ ജീവനക്കാരുടെ പ്രവര്‍ത്തനം തോന്നും പടിയാണ്.
തങ്ങളുടെ അഴിമതി പുറത്തുവരുമെന്നതിനാല്‍ കീഴ്ജീവനക്കാരുടെ കൃത്യവിലോപം ഉന്നത ഉദ്യോഗസ്ഥര്‍ കണ്ടില്ളെന്ന് നടിക്കുന്നു.
ഗവിയിലേക്ക് യാത്രപോയ ഗ്രാമപഞ്ചായത്ത് അംഗത്തെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചതിന് ഒരു റേഞ്ചോഫിസറെയും ഫോറസ്റ്റര്‍ ,രണ്ട് ഗാര്‍ഡുമാര്‍ എന്നിവരെയും വനം മന്ത്രി ഗണേഷ്കുമാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ട് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് മുക്കിയതിന് റാന്നി ഡി.എഫ്.ഒ അടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com