‘ലോഗോ’ത്തരമാകാന്‍ യു.എ.ഇ

‘ലോഗോ’ത്തരമാകാന്‍ യു.എ.ഇ

ദുബൈ: ലോകോത്തര ബ്രാന്‍ഡുകളുടെ ഇഷ്ടകേന്ദ്രമായ യു.എ.ഇ സ്വയം ‘ബ്രാന്‍ഡ്’ ആയി ലോകത്തിന് മുന്നിലേക്ക് എത്തുന്നു. ഇതിന്‍െറ ഭാഗമായി പ്രാദേശിക-മേഖലാ തലത്തിലും അന്താരഷ്ട്ര തലത്തിലും യു.എ.ഇയെ കുറിച്ച് പ്രചാരണം നടത്തുന്ന കാമ്പയിനുകളില്‍ ഉപയോഗിക്കുന്നതിന് ദേശീയ ലോഗോ തയാറാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ലഭിച്ച ഡിസൈനുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ലോഗോകളില്‍ നിന്ന് ഏറ്റവും അനുയോജ്യമായത് നിര്‍ദേശിക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരം നല്‍കുന്നുണ്ട്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ വെബ്സൈറ്റായ www.uaepm.aeയിലാണ് ഇതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ‘ഫൈനലില്‍’ എത്തിയ അഞ്ച് ലോഗോകളും സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഇഷ്ടമുള്ളതിന് വോട്ട് ചെയ്യാനുള്ള നടപടികള്‍ ഞായറാഴ്ച ആരംഭിച്ചു. ജൂലൈ 18 വരെ വോട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ലഭിക്കും. ലോഗോ വോട്ടിങിനെ കുറിച്ച് ശൈഖ് മുഹമ്മദ് ട്വിറ്ററിലും പ്രതിപാദിച്ചു. യു.എ.ഇയുടെ ഐക്യവും വികസനവുമെല്ലാം പ്രതിഫലിക്കുന്ന ലോഗോ തെരഞ്ഞെടുക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. യു.എ.ഇയെ കുറിച്ച് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന കാമ്പയിനുകളില്‍ ഇത് ഉപയോഗിക്കും. അറബിയിലും ഇംഗ്ളീഷിലും ആണ് ലോഗോകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങള്‍ നടത്തുന്ന വിവിധ പരിപാടികളില്‍ യു.എ.ഇയുടെ സന്ദേശവും ചരിത്രവും വഹിച്ച് തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ സ്ഥാനം പിടിക്കും. വോട്ട് ചെയ്യാന്‍ http://services.moca.gov.ae/en/index.aspx എന്ന സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യണം.
യു.എ.ഇ ബ്രാന്‍ഡ് ചെയ്യാനുള്ള ശ്രമത്തെ ദുബൈയിലെ ബ്രാന്‍ഡിങ് വിദഗ്ധര്‍ പരക്കെ സ്വാഗതം ചെയ്തു. വിവിധ ബ്രാന്‍ഡുകള്‍ ലോഗോയിലൂടെ ശ്രദ്ധിക്കപ്പെടുന്ന ഇക്കാലത്ത് രാജ്യങ്ങള്‍ക്കിടയില്‍ സ്വന്തമായ വ്യക്തിത്വമുണ്ടാക്കാന്‍ ബ്രാന്‍ഡിങ് സഹായിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് മാസം മുമ്പ് ലോകത്തിലെ പ്രമുഖ 326 ബ്രാന്‍ഡുകള്‍ പ്രാധാന്യം നല്‍കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര വിപണിയായി യു.എ.ഇയെ തെരഞ്ഞെടുത്തിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus