‘പ്രവാസികളെ മദ്യാസക്തിയില്‍ നിന്ന് മോചിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരം’

അല്‍ഐന്‍: പ്രവാസികളെ മദ്യാസക്തിയില്‍ നിന്ന് മോചിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടക്കുന്നുണ്ടെന്ന് കേരളത്തിലെ ഐഡിയല്‍ റിലീഫ് വിങിന് കീഴിലുള്ള ഡീ അഡിക്ഷന്‍ ക്യാമ്പ് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ മൂസ അടാട്ടില്‍ പറയുന്നു. പ്രവാസ മണ്ണില്‍ നിന്ന് മദ്യത്തിന് അടിമയായി ജോലി വരെ നഷ്ടപ്പെട്ട് നാട്ടിലത്തെിയവര്‍ പൂര്‍ണ മദ്യവിമുക്തി നേടി തിരികെ ഗള്‍ഫിലത്തെി ജോലിയിയില്‍ തിരിച്ചു കയറിയ നിരവധി സംഭവങ്ങള്‍ ഉണ്ടായി. കേരളത്തില്‍ നടത്തുന്ന ക്യാമ്പുകളില്‍ പങ്കെടുത്ത, മുഴുക്കുടിയന്മാരായി സമൂഹത്തിന്‍െറ പുറമ്പോക്കിലേക്ക് തള്ളപ്പെട്ടിരുന്ന പലരും സാമൂഹിക പ്രതിബദ്ധതയോടെ ഇപ്പോള്‍ മദ്യത്തിനെതിരായ ബോധവത്കരണത്തില്‍ അണിനിരക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹ്രസ്വ സന്ദര്‍ശനത്തിനായി യു.എ.ഇയിലത്തെിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു.
കേരളത്തിന്‍െറ വിവിധ ജില്ലകളില്‍ ഇതോടകം 27 ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഓരോ ക്യാമ്പിലും 20 മുതല്‍ 30 വരെ ആളുകളെ പങ്കെടുപ്പിക്കും. ഒരു മാസത്തോളമാണ് ക്യാമ്പ് കാലാവധി. ജാതി-മത ഭേദമന്യേ എല്ലാവരെയും ഒരുമിച്ച് താമസിപ്പിച്ച് ധാര്‍മിക ശിക്ഷണങ്ങളിലൂടെയും കൗണ്‍സിലിങിലൂടെയുമാണ് മദ്യാസക്തിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. കൂടാതെ ആഴ്ചയിലൊരിക്കല്‍ കുടുംബത്തെ വരുത്തി സംയുക്തമായും കൗണ്‍സിലിങ് നല്‍കും.
ഓരോ ക്യാമ്പുകളും തീരുന്ന മുറക്ക് പങ്കെടുത്തവരുടെ കൂട്ടായ്മകള്‍ രൂപവത്കരിച്ച് പരസ്പര ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കും. ഇവരുമായി നിരന്തരം ബന്ധം പുലര്‍ത്തുകയും പരസ്പരം ബന്ധപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. ക്യാമ്പില്‍ പങ്കെടുത്ത് തിരിച്ച് പോകുന്നവരില്‍ 70 മുതല്‍ 80 ശതമാനം വരെയും പൂര്‍ണമായും മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും വിട്ടുനില്‍ക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. ഒരു ചെറിയ വിഭാഗമെങ്കിലും പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകുന്നത് അവരുടെ ജീവിത ചുറ്റുപാടുകള്‍ മൂലമാണ്. ഇതിന് മാറ്റം വരണമെങ്കില്‍ അവരുടെ പുനരധിവാസവും ഏറ്റെടുക്കേണ്ടതുണ്ടെന്നും ചെറിയ തോതില്‍ ഡീഅഡിക്ഷന്‍ ക്യാമ്പിന് കീഴില്‍ ഇത് ചെയ്തുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വിദ്യാര്‍ഥികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് വരുന്നതായാണ് കാണുന്നത്. പ്രത്യേകിച്ചും പ്രവാസി മാതാപിതാകളുടെ മക്കള്‍. ഈ അവസ്ഥ മാറുന്നതിന് രക്ഷിതാക്കാളുടെ പങ്ക് നിര്‍ണായകമാണ്. നാട്ടിലുള്ള മക്കള്‍ക്ക് ധാര്‍മിക പഠനം നല്‍കുന്ന വിഷയത്തില്‍ അവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. മക്കളുടെ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് അന്വേഷിക്കണം. ഗള്‍ഫില്‍ നിന്നയക്കുന്ന പണം അവര്‍ ഏതൊക്കെ മാര്‍ഗങ്ങളിലാണ് ചെലവഴിക്കുന്നതെന്ന് നിരീക്ഷിക്കുകയും വേണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്യാമ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 052 9423507, 0091 9387520798 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus