ഷാര്‍ജ: ഷാര്‍ജ റോളയില്‍ മലയാളി വ്യാപരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 20 ഓളം വരുന്ന പാകിസ്താന്‍ സ്വദേശികളെ ഷാര്‍ജ പൊലീസ് പിടികൂടിയതായി സൂചന. ശനിയാഴ്ച രാത്രി പത്തരയോടെ ഇവരുടെ സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ കാസര്‍കോട് കാഞ്ഞങ്ങാട് നോര്‍ത്ത് ചിത്താരി ചാമുണ്ടിക്കുന്നിലെ മെട്രോപോള്‍ എന്നറിയപ്പെടുന്ന മുക്കൂട്ടില്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മകന്‍ മുഹമ്മദ് ഷെരിഫ് (33) ആണ് കൊല്ലപ്പെട്ടത്.
കാസര്‍കോട് ചേറ്റുകുണ്ട് സ്വദേശിയും ഇപ്പോള്‍ ബല്ല കടപുറത്ത് താമസക്കാരനുമായ ബാരിക്കാട് വീട്ടില്‍ ഹസൈനാറിന്‍െറ മകന്‍ നുറുദ്ദീന്‍ (30), സഹോദരന്‍ ഖലീല്‍ (26), മരിച്ച ഷെരീഫിന്‍െറ സഹോദരി ഉമൈബയുടെ മകന്‍ ഇഹ്സാന്‍ (24) എന്നിവര്‍ക്കും കുത്തേറ്റിരുന്നു. അന്‍വര്‍ (28) എന്നയാള്‍ക്ക് കൈക്ക് അടിയേറ്റ് പരിക്കേറ്റു. കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇവരില്‍ അന്‍വറിനെയും ഖലീലിനെയും ഡിസ്ചാര്‍ജ് ചെയ്തു. മറ്റ് രണ്ടുപേര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
മുനിസിപ്പാലിറ്റിയുടെ നിര്‍ദേശപ്രകാരം പൊളിച്ചുമാറ്റുന്ന ഷാര്‍ജയിലെ ഏറ്റവും പഴക്കം ചെന്ന റോളയിലെ ചെറിയ ഗുവൈര്‍ മാര്‍ക്കറ്റിലെ ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റില്‍ കച്ചവടം നടത്തുന്നവരാണ് മരിച്ച ഷെരീഫും മറ്റുള്ളവരും. കടകള്‍ പൊളിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇവിടെയുള്ള സാധനങ്ങള്‍ കടയുടെ പുറത്തും മറ്റുമിട്ട് വിറ്റഴിച്ച് വരികയായിരുന്നു ഇവര്‍. വെള്ളിയാഴ്ച വൈകീട്ട് ഷെരീഫിന്‍െറ യാഫ ഇലക്ട്രോണിക്സില്‍ നിന്ന് വാച്ചുകള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് പാകിസ്താനികളുമായി തര്‍ക്കം നടന്നിരുന്നതായി പറയപ്പെടുന്നു. അതല്ല, ഇവിടെ നിന്ന് വിറ്റ ട്രിമ്മര്‍ തിരിച്ചെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു തര്‍ക്കമെന്നും സംസാരമുണ്ട്. സംഭവത്തിനുശേഷം വെല്ലുവിളി നടത്തി പോയ പാകിസ്താനികള്‍ ശനിയാഴ്ച വൈകീട്ട് സംഘടിച്ചത്തെുകയും സമീപത്തെ പള്ളിക്കരികില്‍ നിന്ന് ആക്രമണം ആസൂത്രണം ചെയ്യുകയുമായിരുന്നു. 20ഓളം പേര്‍ ഉണ്ടായിരുന്നെന്ന് ദൃക്സാക്ഷികളായ കാസര്‍കോട് ചൗക്കി സ്വദേശി ആരിഫ് കടപ്പുറം, പള്ളിക്കര സ്വദേശി സിദ്ദീഖ് എന്നിവര്‍ പറയുന്നു. ഇവര്‍ പല സംഘങ്ങളായി തിരിഞ്ഞ് മാര്‍ക്കറ്റിന്‍െറ പല ഭാഗങ്ങളിലായി നിലയുറപ്പിക്കുകയും രാത്രി അവസരം ഒത്തുവന്നപ്പോള്‍ ഇതിലൊരു സംഘം ഷെരീഫിന്‍െറ കടയിലത്തെി വീണ്ടും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തര്‍ക്കത്തിനിടെ പെട്ടന്ന് ഷെരീഫിനെ മരത്തടി കൊണ്ട് തലക്കടിക്കുകയും കുത്തുകയുമായിരുന്നു. വാക്വം ഫ്ളാസ്ക്കെടുത്ത് എറിയുകയും ചെയ്തു. ഇത് തടയാനുള്ള ശ്രമത്തിനിടെ ഇഹ്സാനും തൊട്ടടുത്ത് പുതപ്പും മറ്റും വില്‍ക്കുന്ന മബന്ദ്രയിലെ ഖലീലിനും സഹോദരന്‍ നൂറുദ്ദീനും കുത്തേറ്റു. അന്‍വറിന്‍െറ കൈക്കിട്ട് മരത്തടി കൊണ്ട് അടിയും കിട്ടി. കുത്തും അടിയുമേറ്റ് മൃതപ്രായനായ ഷെരീഫ് ഓടിയെങ്കിലും സമീപത്തെ സ്ഥാപനത്തിന് മുന്നില്‍ തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
ഷാര്‍ജയില്‍ ഉണ്ടായിരുന്ന ഷെരീഫിന്‍െറ കുടുംബം ഏതാനും ദിവസം മുമ്പാണ് നാട്ടിലേക്ക് പോയത്. മാതാവ്: ആസ്യ. ഭാര്യ: അതിഞ്ഞാല്‍ തെക്കേപുറത്തെ· പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ സുഹ്റ. മക്കള്‍: ഷഹ്സാദ ്(നാല്), മുഹമ്മദ് അസീം (ഒന്ന്). സഹോദരങ്ങള്‍: മുഹമ്മദ്്കുഞ്ഞി, കുഞ്ഞബ്ദുല്ല, സുബൈര്‍, ഹസന്‍ (എല്ലാവരും ദുബൈ), സുഹ്റ, ഉമൈബ, സൈനബ. നടപടികള്‍ പൂര്‍ത്തിയാക്കി ഷെരീഫിന്‍െറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍