അബൂദബി: സമ്പന്നരെ കൂടുതല്‍ സമ്പന്നരും ദരിദ്രരെ കൂടുതല്‍ ദരിദ്രരുമാക്കുന്ന ഇന്ത്യയിലെ വികസന കാഴ്ചപ്പാട് മാറണമെന്ന് മുന്‍ മന്ത്രി ബിനോയ് വിശ്വം. സ്വാതന്ത്ര്യം നേടി അര നൂറ്റാണ്ട് കഴിഞ്ഞിട്ടും രാജ്യത്ത് ഗാന്ധിജിയുടെ സ്വരാജ് സ്വപ്നമായി അവശേഷിക്കുകയാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. അബൂദബി ഐ.സി.സിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ സമ്പന്നരുടെ ലിസ്റ്റില്‍ ഇടം നേടുന്ന ഇന്ത്യക്കാരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നു. എന്നാല്‍, മറുഭാഗത്ത് ദരിദ്രരുടെ എണ്ണം ഇതിനേക്കാള്‍ എത്രയോ ഇരട്ടിയായി വര്‍ധിക്കുന്നത് ആരും കാണുന്നില്ല. ബ്രിട്ടീഷുകാരില്‍നിന്ന് വെറും രാഷ്ട്രീയ അധികാര കൈമാറ്റമല്ല ഗാന്ധിജി ലക്ഷ്യമിട്ടത്. അദ്ദേഹം വിഭാവനം ചെയ്ത സ്വരാജ് എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും വസ്ത്രം, എല്ലാവര്‍ക്കും പാര്‍പ്പിടം എന്നതായിരുന്നു.
എന്നാല്‍, ആഗോള തലത്തില്‍ വളരെ വേഗം വികസിക്കുന്നുവെന്ന് പറയുന്ന ഇന്ത്യയില്‍ 80 കോടി ജനങ്ങള്‍ ദിവസം 20 രൂപ പോലും വരുമാനം നേടാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.
വിശന്നു വലയുന്ന 80 കോടി ജനങ്ങളെ മറന്നുകൊണ്ടാണ് ഇന്ത്യ തിളങ്ങുന്നുവെന്ന് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും സമ്പന്ന നഗരമായ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ ദരിദ്രരുമുള്ളത്. ഇത് ഇന്ത്യന്‍ വികസനത്തിലെ വൈരുധ്യമാണ്. അനേകം പേര്‍ കഴിയുന്ന ചേരിപ്രദേശമായ ധാരാവിയില്‍നിന്ന് നോക്കിയാല്‍ അംബാനിയുടെ മണിമാളിക കാണാം.
പണം നേടിയാല്‍ എല്ലാം നേടിയെന്നതാണ് ഇപ്പോള്‍ എല്ലാവരുടെയും നിലപാട്. പണം എങ്ങനെ നേടുന്നുവെന്നത് പ്രശ്നമല്ലാതായിരിക്കുന്നു. പണം ദൈവമായി മാറി. എല്ലാ പ്രത്യയശാസ്ത്രങ്ങളെയും പണം കീഴടക്കുന്നു.
കമ്പോളം ദേവാലയവും പണം ദൈവവും എന്നതാണ് അവസ്ഥ. ഉദാരവത്കരണത്തിന്‍െറ ദുരന്ത ഫലമാണിത്-ബിനോയ് വിശ്വം പറഞ്ഞു. തുടര്‍ന്ന് സദസ്സിന്‍െറ ചോദ്യങ്ങള്‍ക്ക് ബിനോയ് വിശ്വം മറുപടി നല്‍കി. ഐ.സി.സി മിനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഐ.സി.സി പ്രസിഡന്‍റ് വി.എം. ശരീഫ് അധ്യക്ഷതവഹിച്ചു. കേരള സോഷ്യല്‍ സെന്‍റര്‍ വൈസ് പ്രസിഡന്‍റ് ബാബു വടകര സംബന്ധിച്ചു. അബ്ദുല്‍ നാസര്‍ മങ്കട ഖിറാഅത്ത് നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍