2024 ഒളിമ്പിക്സ്: ആതിഥ്യത്തിന് ഖത്തറിന്‍െറ ശ്രമം

ദോഹ: ലോക കായിക മാമാങ്കത്തിന് വേദിയാവണമെന്ന സ്വപനം പൂവണിയും വരെ ശ്രമം തുടരുമെന്ന് ഖത്തര്‍. 2016ലെയും 2020ലെയും ഒളിമ്പിക്സ് ആതിഥ്യശ്രമങ്ങള്‍ വിഫലമായെങ്കിലും 2024ലെ ഒളിമ്പിക്സിന് വേണ്ടി ബിഡ് സമര്‍പ്പിക്കുമെന്ന് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ജനറല്‍ സെക്രട്ടറി സഊദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി ഇന്നലെ ദോഹയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘രണ്ട് തവണ ഞങ്ങള്‍ ശ്രമിച്ചു. ഒളിമ്പിക്സിന് വേദിയാവുകയെന്നത് ഖത്തറിന്‍െറ സ്പോര്‍ട്സ് വിഷന്‍െറ ഭാഗമാണ്. അതിനുള്ള ശ്രമം തുടരും’-അദ്ദേഹം വ്യക്തമാക്കി.
2014ലെ ഷോര്‍ട്ട്കോഴ്സ് സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പിനും 2015ലെ ലോക പുരുഷ ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പിനും ആതിഥ്യമരുളുന്ന ദോഹ, 2017ലെ ലോക അത്ലറ്റിക്സിനുള്ള ബിഡ് നല്‍കിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഭാവിയില്‍ കൂടുതല്‍ അന്താരാഷ്ട്ര കായിക മേളകള്‍ക്ക് വേദിയൊരുക്കാന്‍ ഖത്തര്‍ ആഗ്രഹിക്കുന്നു. തദ്സംബന്ധമായ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഖത്തര്‍ എയര്‍വേസും ഒളിമ്പിക് കമ്മിറ്റിയും തമ്മിലുള്ള പങ്കാളിത്ത കരാര്‍ ഇന്നലെ ഒപ്പുവെച്ചു. ക്യു.ഒ.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ശൈഖ് സഊദ് ആല്‍ഥാനിയും ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ അക്ബര്‍ അല്‍ബാകിറും രേഖകളില്‍ ഒപ്പിട്ടു.
കരാര്‍ പ്രകാരം ഖത്തര്‍ എയര്‍വേസ് ആയിരിക്കും ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഖത്തര്‍ ടീമിന്‍െറ ഒൗദ്യോഗിക സ്പോണ്‍സര്‍. പന്ത്രണ്ട് പുരുഷ, വനിതാ താരങ്ങളാണ് ലണ്ടനില്‍ ഖത്തറിനെ പ്രതിനിധീകരിക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus