റൂട്ട് മാറ്റി കൊടുത്ത ടിക്കറ്റിലും എയര്‍ ഇന്ത്യ യാത്രക്കാരെ വട്ടം ചുറ്റിക്കുന്നു

റിയാദ്: കേരള സെക്ടറിലെ യാത്രാപ്രതിസന്ധിക്ക് താല്‍ക്കാലിക പ്രതിവിധിയെന്ന നിലയില്‍ എയര്‍ ഇന്ത്യ കണ്ടത്തെിയ ബദല്‍ മാര്‍ഗവും യാത്രക്കാരെ വട്ടം ചുറ്റിക്കുന്നു. റിയാദില്‍നിന്ന് കേരള സെക്ടറിലേക്ക് നേരിട്ട് സര്‍വീസ് ഇല്ലാത്തതിനാല്‍ റൂട്ട് മാറ്റി ടിക്കറ്റ് റീ അറേഞ്ച് ചെയ്തു കിട്ടിയ നൂറോളം യാത്രക്കാരാണ് പല വിമാനത്താവളങ്ങള്‍ കണ്ടും വിമാനങ്ങള്‍ മാറിക്കയറിയും മൂന്നു ദിവസത്തെ അലച്ചിലും ദുരിതങ്ങളും സഹിച്ച് നാട്ടിലത്തെിയത്. ബുധനാഴ്ച വൈകീട്ട് റിയാദില്‍നിന്ന് പുറപ്പെട്ട റിയാദ്-മുംബൈ-കരിപ്പൂര്‍ വിമാനത്തില്‍ ടിക്കറ്റ് മാറ്റി കിട്ടിയവരാണ് ദുരിതത്തിലായത്. ഓഫ് ലോഡിലൂടെ പുറത്തായ ഇവര്‍ വെള്ളിയും ശനിയുമായാണ് നാടുകളിലത്തെിയത്.
റിയാദിലെ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായ മലപ്പുറം അരീക്കോട് സ്വദേശി ഷനോജ് സകുടുംബം ബുധനാഴ്ചയിലെ പതിവ് കോഴിക്കോട് വിമാനത്തില്‍ പോകുന്നതിനാണ് മൂന്നു മാസം മുമ്പ് ടിക്കറ്റെടുത്തത്. യാത്രപ്രതിസന്ധി ഉടലെടുത്തപ്പോള്‍ രണ്ടാഴ്ച മുമ്പ് റിയാദ് ഓഫീസിലത്തെി നിശ്ചിത തീയതിയില്‍ തന്നെ പുറപ്പെടാന്‍ കഴിയും വിധം റിയാദ്-മുംബൈ-കരിപ്പൂര്‍ റൂട്ടിലേക്ക് മാറ്റി ടിക്കറ്റ് റീ കണ്‍ഫേം ചെയ്തുവാങ്ങി. ബുധനാഴ്ച വൈകിട്ട് 7.30ന് പുറപ്പെടുന്ന വിമാനത്തില്‍ പോകാന്‍ ഉച്ചകഴിഞ്ഞ് മൂന്നിന് തന്നെ ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബവുമായി ഷനോജ് റിയാദ് വിമാനത്താവളത്തിലത്തെി. ബോര്‍ഡിങ് പാസ് കിട്ടി കാത്തിരുന്നെങ്കിലും എത്തിയത് ചെറിയ വിമാനമാണെന്ന് പറഞ്ഞ് നൂറോളം യാത്രക്കാരെ മാറ്റിനിറുത്തി. അവരെ അന്നുരാത്രിയും പിറ്റേന്ന് പകലും നസീമിലെ അല്‍ സാഫിര്‍ ഹോട്ടലില്‍ താമസിപ്പിച്ച ശേഷം വ്യാഴാഴ്ച വൈകീട്ട് ഏഴോടെ ദല്‍ഹി വിമാനത്തില്‍ കൊണ്ടുപോയി. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിന് ദല്‍ഹിയിലത്തെി. അവിടെനിന്ന് ഷനോജ് ഉള്‍പ്പടെ ഒരു സംഘത്തെ രാവിലെ ഏഴിന് മുംബൈയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് കോയമ്പത്തൂരിലേക്കായിരുന്നു അടുത്ത യാത്ര. കോയമ്പത്തൂരിലത്തെുമ്പോള്‍ വെള്ളിയാഴ്ച ഉച്ചക്ക് 12 കഴിഞ്ഞിരുന്നു. കരിപ്പൂരിലത്തെുമ്പോള്‍ വൈകീട്ട് നാലായി. ഷനോജിന്‍െറയും കുടുംബത്തിന്‍േറയും ലഗേജുകളിലൊന്ന് റിയാദില്‍വെച്ച് ഹോട്ടലില്‍നിന്ന് തിരിച്ച് വിമാനത്താവളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ കാണാതായെന്നും പരാതിപ്പെട്ടിട്ടും വിവരമൊന്നും കിട്ടിയില്ളെന്നും ഷനോജിന്‍െറ റിയാദിലുള്ള സുഹൃത്ത് സുനില്‍ ബാബു എടവണ്ണ പറഞ്ഞു.
ദല്‍ഹിയില്‍ ബാക്കിയായവരില്‍ 16 പേരെ വെള്ളിയാഴ്ച ദല്‍ഹിയില്‍നിന്ന് മുംബൈ വഴി നെടുമ്പാശേരിയിലേക്കുള്ള വിമാനത്തിലാണ് കൊണ്ടുപോയത്. ബത്ഹ കേരള മാര്‍ക്കറ്റിലെ ഗിഫ്റ്റ് ലാന്‍റ് ഉടമ നാസര്‍ മമ്പാടിന്‍െറ ഭാര്യ റീന നാസറും മൂന്നു കുട്ടികളും അവരിലുള്‍പ്പെട്ടിരുന്നു. മുംബൈ വിമാനത്താവളത്തില്‍ പകല്‍ മുഴുവന്‍ ഭാര്യയും കുട്ടികളും ചെലവഴിക്കേണ്ടിവന്നെന്നും വൈകീട്ട് അഞ്ചിന് അവിടെനിന്ന് പുറപ്പെട്ട വിമാനം രാത്രി എട്ടോടെയാണ് നെടുമ്പാശേരിയിലത്തെിയതെന്നും നാസര്‍ പറഞ്ഞു. മലപ്പുറം മമ്പാട്ടെ വീട്ടിലത്തെുമ്പോള്‍ അര്‍ധരാത്രി കഴിഞ്ഞിരുന്നെന്നും ആണ്‍തുണയില്ലാത്തതിനാല്‍ കുടുംബം ഏറെ ബുദ്ധിമുട്ടിയെന്നും അദ്ദേഹം പറഞ്ഞു. പിന്നെയും ദല്‍ഹിയില്‍ ബാക്കിയായവര്‍ ശനിയാഴ്ചയോടെയാണ് സ്വദേശങ്ങളിലത്തെിച്ചേര്‍ന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus